gyanesh-kumar-chief-election-commissioner
  • തങ്ങളുടെ അറിവോടെയല്ലാതെ എടുത്ത തീരുമാനങ്ങളിലും ഉത്തരവുകളിലും രേഖാമൂലം സന്ധുവും ജോഷിയും എതിര്‍പ്പറിയിച്ചുവെന്നും ഇതില്‍ നാലെണ്ണം ഒരു ദിവസമാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട്

എസ്ഐആറില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ തീരുമാനങ്ങളോട് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരില്‍ രണ്ടുപേര്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. എസ്ഐആറിന്‍റെ നടപടി ക്രമങ്ങളില്‍ പത്തുമാസത്തിനിടെ 14 പ്രാവശ്യമാണ് സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും വിയോജിപ്പ് അറിയിച്ചത്. തങ്ങളുടെ അറിവും സമ്മതവുമില്ലാതെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിലും ഇവര്‍ അതൃപ്തി അറിയിച്ചുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

എസ്ഐആറിന്‍റെ ദേശീയതലത്തിലുള്ള നടത്തിപ്പിന് മൂന്ന് കമ്മിഷണര്‍മാരുടെയും മേല്‍നോട്ടം ആവശ്യമാണ്. എന്നാല്‍ തങ്ങളുടെ അറിവോടെയല്ലാതെ എടുത്ത തീരുമാനങ്ങളിലും ഉത്തരവുകളിലും രേഖാമൂലം സന്ധുവും ജോഷിയും എതിര്‍പ്പറിയിച്ചുവെന്നും ഇതില്‍ നാലെണ്ണം ഒരു ദിവസമാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അടിസ്ഥാന ചുമതലകളുമായി ബന്ധപ്പെട്ടാണ് ഇരുവരും എതിര്‍പ്പുകള്‍ അറിയിച്ചത്. പരാതികളുടെ കോപ്പികള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനും ബന്ധപ്പെട്ട ഡപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ക്കും ഇവര്‍ അയച്ചിരുന്നു. 

പുതിയ വോട്ടര്‍മാരുടെ റജിസ്ട്രേഷന്‍, വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കലും തിരിച്ചെടുക്കലും, പുനസ്ഥാപിക്കപ്പെട്ട വോട്ടര്‍മാരെ സംബന്ധിച്ചുള്ള അപ്പീലുകള്‍, വോട്ടര്‍ പട്ടികയുടെ സുരക്ഷയും കസ്റ്റഡിയും തുടങ്ങിയുള്ളവയിലാണ് പ്രധാനമായും എതിര്‍പ്പുയര്‍ന്നത്.  രണ്ട് കമ്മിഷണര്‍മാരുടെ രേഖാമൂലമുള്ള എതിര്‍പ്പിനെ വകവയ്ക്കാതെയാണ് കമ്മിഷന്‍ പ്രവര്‍ത്തിച്ചതെന്നും ഈ നടപടി അനധികൃതവും നിയമവിരുദ്ധവുമാണെന്നും സന്ധുവിന്‍റെ ഒരു പരാതിയിലുണ്ട്. 

അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നത മറനീക്കി പുറത്തുവന്ന സാഹചര്യത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആ സ്ഥാനത്തിന് അദ്ദേഹം യോഗ്യനല്ലെന്നും കൂടെയുള്ളവര്‍ക്ക് പോലും സ്വീകാര്യനല്ലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ എന്താണ് നടക്കുന്നതെന്ന് ചോദ്യമുയര്‍ത്തിയ കോണ്‍ഗ്രസ്, വിഷയത്തില്‍ കോടതി സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. 

ENGLISH SUMMARY:

Reports reveal a major rift within the Election Commission of India, as Commissioners Sukhbir Singh Sandhu and Vivek Joshi raised formal objections 14 times against decisions led by CEC Gyanesh Kumar during the SIR process. The Congress party demanded the removal of the CEC, while EC sources claimed all decisions were made unanimously