rahul-tattoo

TOPICS COVERED

ദേശീയ നേതാക്കളുടെ സംസ്ഥാന സന്ദര്‍ശനങ്ങള്‍ അനുയായികള്‍ ആഘോഷമാക്കുന്നത് പതിവാണ്. പരിപാടി നിശ്ചയിച്ച നഗരത്തില്‍  കൊടിതോരണങ്ങളും ഫ്‌ളക്‌സ് ബോർഡുകളും  നിറയും. അനൗൺസ്മെന്റ് വാഹങ്ങള്‍ തലങ്ങും വിലങ്ങും ഓടും. എന്നാല്‍ ഇതൊന്നുമല്ല രാഹുല്‍ ഗാന്ധിയുടെ അടുത്ത ഛാത്രോം കി ഗൂഞ്ച് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള കാഴ്ച.  പ്രിയ നേതാവിന്‍റെ ചിത്രം കൈകളിൽ പച്ചകുത്തുന്നതാണ് അവിടെ ട്രെന്‍ഡായിരിക്കുന്നത്. മണിക്കൂറുകൾ എടുത്താണ് രാഹുലിൻ്റെ  മുഖം കൈകളിലേക്ക് മികവോടെ പകർത്തുന്നത്. ഭയപ്പെടില്ല, സത്യം വിജയിക്കും , സ്നേഹത്തിൻറെ കട തുടങ്ങി രാഹുൽ ഗാന്ധി പലപ്പോഴായി പറഞ്ഞ വരികളും ടാറ്റൂവിൽ ഉണ്ട്. ടാറ്റൂ കയ്യിൽ പതിച്ചവർ  ഒന്നും രണ്ടുമല്ല ഒരു പറ്റം വിദ്യാര്‍ഥികള്‍. അവരില്‍ നിരവധി പേര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. തങ്ങളുടെ ശബ്ദമാകാൻ ഒരാളുണ്ട് എന്ന ആത്മവിശ്വാസത്തോടെയാണ് അവർ കൈകളിൽ രാഹുലിന്‍റെ ചിത്രം പതിപ്പിക്കുന്നത്. 

ഇതുകൊണ്ടും തീരുന്നില്ല ആവേശം. പരിപാടിയോട് ചേര്‍ന്ന് നില്‍ക്കുന്നതരത്തില്‍ പാരഡി ഗാനങ്ങളുമായി  വിദ്യാര്‍ഥികൾ ഇറങ്ങിയിട്ടുണ്ട്. മധ്യപ്രദേശ് കോൺഗ്രസ് ഔദ്യോഗികമായി പങ്കുവെച്ച വീഡിയോകൾ നിമിഷങ്ങൾക്കകമാണ് സൈബർ ഇടങ്ങളിൽ പടർന്നത്. പതിവ് രീതിക്കപ്പുറത്തേക്ക് രാഹുലിനെ വരവേൽക്കാൻ ഒരുങ്ങുന്ന മധ്യപ്രദേശിലെ യുവാക്കളുടെ ആവേശം കോണ്‍ഗ്രസ് നേതൃത്വത്തെയും രാഷ്ട്രീയ നിരീക്ഷകരെയും അമ്പരപ്പിക്കുന്നുണ്ട്.

10 ലക്ഷത്തിന്റെ 'ഭാരത് ജോഡോ മൈതാൻ': ആവേശം ഒരുവശത്ത് കൊടുമ്പിരിക്കൊള്ളുമ്പോൾ മറുവശത്ത് അരങ്ങേറിയത് നാടകീയ രാഷ്ട്രീയ പോരാട്ടമാണ്. ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷന്‍റെ കീഴിലുള്ള ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കോൺഗ്രസ് ആദ്യം വേദി നിശ്ചയിച്ചിരുന്നത്. എന്നാൽ സ്പോർട്സ് ആവശ്യങ്ങൾക്കുള്ള സ്റ്റേഡിയം രാഷ്ട്രീയ പരിപാടികൾക്ക് വിട്ടുനൽകാനാവില്ലെന്ന ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മേയർ അനുമതി നിഷേധിച്ചു.

ഭരണകൂടം വഴിമുട്ടിക്കാൻ നോക്കിയപ്പോൾ അടുത്ത വഴി തേടി കോൺഗ്രസ്. ഇൻഡോർ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ റീജിയണൽ പാർക്കിന് മുന്നിലെ 12,000 ചതുരശ്ര മീറ്റർ വരുന്ന ഒഴിഞ്ഞ മൈതാനം വെറും മൂന്ന് ദിവസത്തേക്ക് 10.08 ലക്ഷം രൂപ വാടക നൽകി പാർട്ടി വേദിക്കായി സജ്ജമാക്കി. ആ മൈതാനത്തിന് പ്രവർത്തകർ നൽകിയ പേര് ഭാരത് ജോഡോ മൈതാൻ എന്നാണ്. കാലാവസ്ഥയാണ് അടുത്ത വില്ലെൻ . പ്രതികൂല കാലാവസ്ഥയെയും മഴയെയും നേരിടാൻ ഒരു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തൃതിയുള്ള കൂറ്റൻ വാട്ടർപ്രൂഫ് ഡോമും ഇവിടെ  ഉയർന്നുകഴിഞ്ഞു.

വിദ്യാർഥികൾക്ക് സ്വാഗതം, നേതാക്കൾക്ക് നോ എൻട്രി: കോൺഗ്രസിന്‍റെ പതിവ് റാലി പോലെ സദസിനെക്കാൾ വലിയ വേദിയില്ല. തിങ്ങി ഞെരുങ്ങി മുഖം കാണിക്കാൻ തിരക്ക് കൂട്ടുന്ന നേതാക്കൾ ഇല്ല.   കോൺഗ്രസ് പ്രവർത്തകർക്കോ നേതാക്കൾക്കോ ഛാത്രോം കി ഗൂഞ്ചിലേക്ക് പ്രവേശനമില്ല. രാഹുൽ ഗാന്ധി  വിദ്യാര്‍ഥികളുമായും രക്ഷിതാക്കളുമായും അധ്യാപകരുമായും നേരിട്ട് സംവദിക്കുന്നു. ഭാരത് ജോഡോ യാത്രയുടെ മറ്റൊരു രൂപം. പരിപാടിയെ പൂർണ്ണമായും രാഷ്ട്രീയേതരമായി നിലനിർത്താൻ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഡിജിറ്റൽ രജിസ്ട്രേഷൻ പൂർത്തിയാക്കി ക്യുആർ  കോഡ് പാസ് ലഭിച്ച  വിദ്യാര്‍ഥികൾക്ക് മാത്രമേ പ്രധാന പന്തലിലേക്ക് കടക്കാനാകൂ. ഇതിനോടകം ഒന്നര ലക്ഷത്തോളം  വിദ്യാര്‍ഥികളാണ് രജിസ്റ്റർ ചെയ്തതെന്നാണ് സംഘാടകരുടെ അവകാശവാദം. ഇവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന അമ്പതോളം  വിദ്യാര്‍ഥികൾ വേദിയിലിരുന്ന് രാഹുൽ ഗാന്ധിയോട് നേരിട്ട് സംവദിക്കും. എന്നാൽ, വിമാനത്താവളം മുതൽ വേദി വരെ നഗരത്തെ ഇളക്കിമറിച്ച് രാഹുലിന് ഗംഭീര റോഡ് ഷോ ഒരുക്കാൻ പാർട്ടി പ്രവർത്തകരും തയ്യാറെടുക്കുന്നുണ്ട്. പരിപാടിയിലേക്ക് കേറാൻ കഴിയാത്തവർക്ക് രാഹുലിനോട് പറയാനുള്ളത് എഴുതിയിടാൻ നഗരത്തിൽ ഉടനീളം ബോക്സുകൾ സജ്ജീകരിച്ചിട്ടുണ്ട്.

 രാഹുൽ ഒരുക്കുന്ന തന്ത്രം: രാജ്യത്തെ  വിദ്യാര്‍ഥിസമൂഹത്തിലേക്ക് നേരിട്ടിറങ്ങിച്ചെല്ലാൻ രാഹുൽ ഗാന്ധി തുടക്കമിട്ട  ജനകീയ പ്രചാരണമാണ്  ഛാത്രോം കി ഗൂഞ്ച് ( വിദ്യാര്‍ഥികളുടെ ഉച്ചത്തിലുള്ള ശബ്ദം). ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ, അമിതമായ ഫീസ് വർദ്ധന, സർക്കാർ നിയമനങ്ങളിലെ അഴിമതി തുടങ്ങി യുവതലമുറയെ ശ്വാസംമുട്ടിക്കുന്ന പ്രശ്നങ്ങളെ സർക്കാരിന്റെ മുഖത്തുനോക്കി ചോദിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.

 രാജ്യത്തെ  പൊതു പരീക്ഷ പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയിൽ നിന്നായിരുന്നു തുടക്കം. വിദ്യാഭ്യാസ നഗരങ്ങളായ പൂണെ, ഡെറാഡൂൺ, പ്രയാഗ്‌രാജ് എന്നിവിടങ്ങളിൽ വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ അഞ്ചാമത്തെ പടിയായാണ് ഇൻഡോറിലേത്. കേരളത്തിലെ പരിപാടി കൊച്ചിയിൽ ആയിരിക്കും എന്നാണ് വിവരം. രാജ്യത്താകമാനം 800 നഗരങ്ങളിൽ ഛാത്രോം കി ഗൂഞ്ച് നടത്താനാണ് കോൺഗ്രസ് തീരുമാനം. ഒരു സംസ്ഥാനത്തെ ഒരു പരിപാടിയിലെങ്കിലും നേരിട്ട് എത്താനാണ് രാഹുൽഗാന്ധിയുടെ ശ്രമം. എന്നാൽ നുണ ഉച്ചത്തിൽ പറയലാണ് രാഹുൽ ഗാന്ധിയുടെ പരിപാടിയെന്നാണ് ബിജെപി വിമർശനം.

ENGLISH SUMMARY:

Rahul Gandhi's 'Chhatron Ki Goonj' in Indore is showcasing unprecedented enthusiasm with students getting tattoos of the leader and his quotes. This unique approach deviates from traditional political rallies, highlighting youth engagement with pressing issues like unemployment and fee hikes.