priyank-kharge-vande-mataram-challenge-bjp-karnataka
  • വന്ദേമാതരം മുഴുവന്‍ ചരണങ്ങളും ടെലി പ്രോംപ്റ്ററോ, എഴുതിയതോ നോക്കാതെ തെറ്റിക്കാതെ പാടാന്‍ അദ്ദേഹം ബിജെപി നേതാക്കളായ ബി.വൈ.വിജയേന്ദ്രയേയും ആര്‍.അശോകയെയും വെല്ലുവിളിച്ചു

ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രമേ പാടുകയുള്ളൂവെന്ന് നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖര്‍ഗെ. വന്ദേമാതരം മുഴുവന്‍ ചരണങ്ങളും ടെലി പ്രോംപ്റ്ററോ, എഴുതിയതോ നോക്കാതെ തെറ്റിക്കാതെ പാടാന്‍ അദ്ദേഹം ബിജെപി നേതാക്കളായ ബി.വൈ.വിജയേന്ദ്രയേയും ആര്‍.അശോകയെയും വെല്ലുവിളിച്ചു. തെറ്റിക്കാതെ ഒരുവട്ടമെങ്കിലും പാടിപ്പൂര്‍ത്തിയാക്കിയാല്‍ താന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജി വയ്ക്കാമെന്നും പ്രിയങ്ക് പറഞ്ഞു. 

വന്ദേമാതരം രണ്ട് ചരണം മാത്രം ആലപിച്ചാല്‍ മതിയെന്ന് തീരുമാനിച്ചത് നമ്മുടെ പൂര്‍വപിതാക്കന്‍മാരാണെന്നും അവരെക്കാള്‍ വലിയതാണോ മോദിയും ബിജെപിയുമെന്നും പ്രിയങ്ക് ചോദ്യമുയര്‍ത്തി. ' രണ്ട് ചരണം മതിയെന്ന് തീരുമാനിച്ചത് നമ്മുടെ പൂര്‍വികരാണ്. ഇപ്പോളിതാ, അത് മുഴുവനായി പാടണമെന്ന് പ്രധാനമന്ത്രി മോദിയും ബിജെപിയും പറയുന്നു. ജവഹര്‍ലാല്‍ നെഹ്റുവിനെക്കാളും സുഭാഷ് ചന്ദ്രബോസിനെക്കാളും നൊബേല്‍ ജേതാവായ രബീന്ദ്രനാഥ് ടാഗോറിനെക്കാളും ഇവര്‍ വലിയവരാണെന്നാണോ?'- പ്രിയങ്ക് ചോദ്യമുയര്‍ത്തി.

ദേശീയഗാനമായ 'ജനഗണമന' ആലപിക്കുന്നതിന് മുന്‍പ് ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരത്തിന്‍റെ ആറ് ചരണങ്ങളും ആലപിക്കണമെന്ന് ജനുവരിയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. വന്ദേ മാതരത്തിന്‍റെ 150–ാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഈ നിര്‍ദേശം. എന്നാല്‍ വന്ദേമാതരം മുന്‍പ് ചൊല്ലി വന്നത് പോലെ രണ്ട് ചരണം മാത്രമേ ആലപിക്കുകയുള്ളൂവെന്ന് ഓഗസ്റ്റ് 19ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.  കോണ്‍ഗ്രസിന്‍റെ 1937 ലെ പ്രമേയത്തിലാണ് രണ്ട് ചരണം മാത്രം ആലപിച്ചാല്‍ മതിയെന്ന തീരുമാനം കൈക്കൊണ്ടത്. 

അതേസമയം, കോണ്‍ഗ്രസിന്‍റേത് പ്രീണിപ്പിക്കല്‍ രാഷ്ട്രീയമാണെന്ന് ബിജെപി ആരോപിച്ചു. വന്ദേമാതരം രണ്ട് ചരണം മാത്രം ആലപിച്ചാല്‍ മതിയെന്ന കര്‍ണാടക സര്‍ക്കാരിന്റെ നിലപാടിനെതിരെ കഴിഞ്ഞ ദിവസം കര്‍ണാടക ൈഹക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. ഗിരീഷ് ഭരദ്വാജ് ഹൈക്കോടതിയെ സമീപിച്ചത്. നിര്‍ബന്ധമായും ആറ് ചരണങ്ങളും ആലപിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഉത്തരവെന്നും അതില്‍ വെള്ളം ചേര്‍ക്കുന്നത് ശരിയല്ലെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. 

ENGLISH SUMMARY:

Karnataka Minister Priyank Kharge issued a open resignation challenge to BJP leaders B.Y. Vijayendra and R. Ashoka over the ongoing Vande Mataram stanza dispute. He challenged them to sing all six stanzas of the national song correctly without reading from written notes or teleprompters. Kharge reiterated that the Karnataka government will continue to observe the 1937 resolution that limits official renditions to the first two stanzas, which was endorsed by Rabindranath Tagore, Jawaharlal Nehru, and Subhash Chandra Bose. The statement comes after the Union Home Ministry mandated singing all six stanzas for Vande Mataram's 150th anniversary. While the BJP accused Congress of appeasement politics, a Public Interest Litigation was filed in the Karnataka High Court challenging the state government's refusal to follow central directives.