ഇന്ത്യന്‍ ഇടതുപക്ഷത്തിന്‍റെ മുഖമായിരുന്ന സീതാറാം യച്ചൂരി വിടപറഞ്ഞിട്ട് ഇന്ന് രണ്ട് വര്‍ഷം. പ്രത്യയശാസ്ത്ര നിലപാടുകളോട് നൂറുശതമാനം നീതി പുലര്‍ത്താന്‍ പരിശ്രമിച്ച നേതാവ് പാര്‍ലമെന്‍റേറിയന്‍ എന്ന നിലയിലും രാജ്യശ്രദ്ധയാകര്‍ഷിച്ചു. ജീവിച്ചിരുന്നെങ്കില്‍ ജെന്‍ സീ സമരത്തിന്‍റെ മുന്‍നിരയിലും ഉണ്ടാകുമായിരുന്നു കോമ്രേഡ് യച്ചൂരി.
പകരംവയ്ക്കാനില്ലാത്ത ഇടതുനേതാക്കളുടെ പട്ടികയിലെ മുന്‍നിരക്കാരനാണ് സീതാറാം യച്ചൂരി. പാര്‍ലമെന്‍റ് മുതല്‍ ദേശീയ രാഷ്ട്രീയത്തിലുടനീളം യച്ചൂരിയുടെ അഭാവം നികത്തപ്പെടാതെ കിടക്കുന്നു. സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന യച്ചൂരി ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്‍റെ മുഖമായിരുന്നു. ഇന്ത്യാ സഖ്യരൂപീകരണത്തില്‍ മുഖ്യ പങ്കുവഹിച്ച യച്ചൂരി വലതുരാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലായിരിക്കെ സാക്ഷാല്‍ ഇന്ദിരാ ഗാന്ധിക്ക് മുന്നില്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ നേതാവ്. ഇന്ത്യന്‍ യുവത്വം ബിജെപി നയങ്ങള്‍ക്കെതിരെ രംഗത്തിറങ്ങുന്ന ഈ കാലത്ത് അവര്‍ക്ക് കരുത്തായി ഒപ്പമുണ്ടാകുമായിരുന്നു യച്ചൂരി എന്നതില്‍ ആര്‍ക്കും സംശയമില്ല. ആശയപരമായ വിയോജിപ്പികള്‍ പരസ്യമായി പറയുമ്പോള്‍ത്തന്നെ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി സഖ്യമാകാം എന്നതായിരുന്നു യച്ചൂരി ലൈന്‍.
സഖാക്കള്‍ക്ക് അഹങ്കാരം പാടില്ല എന്ന് പറയാറുള്ള അദ്ദേഹത്തിന്‍റെ കരുത്ത് ലാളിത്യവും അതുനല്‍കിയ വ്യക്തിബന്ധങ്ങളുമായിരുന്നു. കേരളത്തിലെ സഖാക്കളുമായുള്ള അഭിപ്രായ ഭിന്നതകള്‍ മലയാളിയോടുള്ള വൈകാരിക ബന്ധത്തിന് യച്ചൂരിക്ക് ഒരിക്കലും തടസമായില്ല. 2024 സെപ്റ്റംബര്‍ 12ന് തന്‍റെ 72–ാം വയസ്സിലാണ് ശ്വാസകോശ അണുബാധയെ തുടര്‍ന്ന് യച്ചൂരി വിടപറഞ്ഞത്. ശരീരം വൈദ്യപഠനത്തിനായി വിട്ടുനല്‍കുകയും ചെയ്തു.