PTI

ഉത്തരാഖണ്ഡിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത ചടങ്ങിന് ശേഷം വേദി ശുദ്ധീകരിച്ചതിൽ കേസെടുത്ത് പൊലീസ്. കോൺഗ്രസ് ദളിത് എംപിമാരുടെ പ്രതിഷേധത്തിനൊടുവിൽ ഉത്തരാഖണ്ഡിലെ നൈനിറ്റാൾ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ശുദ്ധീകരണത്തിൽ  ശ്രീരാമസേന പ്രവർത്തകർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെ 15 എംപിമാർ വൈകിട്ട് ഡൽഹി പാർലമെൻറ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. 

കേസെടുക്കാൻ പോലീസ് തയ്യാറാകാതെ വന്നതോടെ എംപിമാർ മൂന്നുമണിക്കൂർ സ്റ്റേഷനിൽ ഇരുന്ന് പ്രതിഷേധിച്ചു. ഇതിനൊടുവിലാണ് ഉത്തരാഖണ്ഡ് പോലീസ് അവിടെ ലഭിച്ച പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറായത്.  വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് കൊടിക്കുന്നിൽ സുരേഷ്  പറഞ്ഞു

 

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലായിരുന്നു കോൺഗ്രസ് അധ്യക്ഷന്‍ പ്രസംഗിച്ച രാംലീല മൈതാന വേദിയിൽ ‘ശുദ്ധികലശം’നടത്തിയത്.  പട്ടികജാതിക്കാരോടുള്ള തൊട്ടുകൂടായ്മ മൂലം ബിജെപിക്കാരാണ് ഇതു ചെയ്തതെന്ന് രാജ്യസഭയിൽ ഖർഗെ ആരോപിച്ചതോടെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയര്‍ന്നു. തന്നെ തൊട്ടുകൂടാത്തവനായി കണ്ടുകൊണ്ടുള്ള ശുദ്ധീകരണം അപമാനിക്കലാണെന്നു ഖർഗെ പറഞ്ഞതോടെ പ്രതിപക്ഷനിര ഒന്നടങ്കം ബിജെപിക്കെതിരെ ശബ്ദമുയർത്തി. രാഷ്ട്രീയ വിവാദമാക്കാൻ താൽപര്യമില്ലെങ്കിലും സംഭവത്തിന്റെ സാമൂഹിക പ്രത്യാഘാതം അവഗണിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വിഭജിക്കുന്ന നടപടിയാണെന്നും കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്നും മാധ്യമങ്ങളോടു ഖർഗെ പറഞ്ഞു. 

 

സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്നു പറഞ്ഞ ബിജെപി രാജ്യസഭാ കക്ഷി നേതാവ് കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ, ശുദ്ധികലശം നടത്തിയിട്ടുണ്ടെങ്കിൽ പിന്തുണയ്ക്കില്ലെന്നും അന്വേഷണം നടത്തുമെന്നും അറിയിച്ചു. 

ENGLISH SUMMARY:

Congress MP protest leads to police case after Mallikarjun Kharge was insulted during a purification ceremony in Uttarakhand. This incident, sparked by Dalit MPs' demands, highlights ongoing issues of untouchability and has garnered national attention.