അടുത്തമാസം നടക്കാനിരിക്കുന്ന നവരാത്രി ആഘോഷങ്ങളില്‍ മുസ്‌ലിംകളെ പങ്കെടുപ്പിക്കരുതെന്ന് തീവ്ര ഹിന്ദു സംഘടനയായ വിശ്വ ഹിന്ദു പരിഷതിന്റെ ആഹ്വാനം. ഗര്‍ബ, ദാണ്ഡിയ നൃത്തങ്ങളില്‍ പങ്കെടുക്കുന്നവരെ കൃത്യമായി പരിശോധിക്കണമെന്ന് മഹാരാഷ്ട്രയിലാണ് നിര്‍ദേശം നല്‍കിയത്. ഒക്ടോബര്‍ 11 മുതലാണ് നവരാത്രി ഉല്‍സവം ആരംഭിക്കുക. നെറ്റിയില്‍ തിലകം ചാര്‍ത്തിയെത്താത്തവരെയും ആധാര്‍ കാര്‍ഡ് കൊണ്ടുവരാത്തവരെയും ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും സംഘടന നിര്‍ദേശിച്ചു. ഹൈന്ദവ ആചാരമാണ് ആഘോഷങ്ങളിലുള്ളതെന്നും അതില്‍ ഇതര മതസ്ഥര്‍ കടന്ന് കൂടേണ്ടതില്ലെന്നുമാണ് വാദം.
'നവരാത്രി ഉല്‍സവത്തോട് അനുബന്ധിച്ച് നടത്തുന്ന ഗര്‍ബ–ദാണ്ഡിയ നൃത്തങ്ങളില്‍ മുസ്‌ലിംകളെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. നവരാത്രിയെന്നാല്‍ വെറും പാട്ടും ഡാന്‍സും മാത്രമല്ല. ദേവിയെ ആരാധിക്കുന്നതാണ്. വിഗ്രഹ വിരോധികളായ മുസ്ലിംകളെന്തിനാണ് ആ ആഘോഷത്തില്‍ പങ്കുചേരുന്നത്?' വിഎച്ച്പി വക്താവ് ശ്രീരാജ് നായര്‍ ചോദ്യമുയര്‍ത്തി. ഹൈന്ദവ സംസ്കാരത്തിന്‍റെ തനിമ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് ഈ നിയന്ത്രണം കൊണ്ടുവരുന്നതെന്നും ഇതിനെ സമുദായത്തിനെതിരായ നീക്കമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും വിഎച്ച്പി വിശദീകരിക്കുന്നു.
ഗോ വധത്തിനും മതപരിവര്‍ത്തനത്തിനും എതിരായ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ വിഎച്ച്പി ഉദ്ദേശിക്കുന്നില്ല. ഹിന്ദുക്കളുടെ സാംസ്കാരിക പാരമ്പര്യത്തിന്‍റെ ഭാഗമാണ് ഉല്‍സവങ്ങള്‍ അതില്‍ മറ്റുള്ളവരെ പങ്കെടുപ്പിച്ച് പവിത്രത കളയാനില്ലെന്നും ശ്രീരാജ് നായര്‍ കൂട്ടിച്ചേര്‍ത്തു. 'നവരാത്രി ആഘോഷിക്കണമെന്നുള്ള മുസ്‌ലിംകള്‍ അവരുടെ സ്ത്രീകളെയും സഹോദരിമാരെയും കൂട്ടി വരണം. മോസ്കുകളിലും അവരുടെ വീടുകളിലും ആഘോഷങ്ങള്‍ നടത്തണം. സാധിക്കുമോ?'– എന്നും വിഎച്ച്പി വക്താവ് ചോദ്യമുയര്‍ത്തി.
അതേസമയം, വിഎച്ച്പി ആഹ്വാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഭരണഘടനയെ വെല്ലുവിളിക്കുന്ന പ്രസ്താവനയും നിര്‍ദേശവുമാണിതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. വിഎച്ച്പിയുടെ ഈ പ്രസ്താവന ആര്‍എസ്എസ് അംഗീകരിച്ചോ എന്ന ചോദ്യമാണ് ശിവസേന (യുബിറ്റി ) നേതാവ് സഞ്ജയ് റാവുത്ത് ഉയര്‍ത്തുന്നത്. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
'ഇന്ത്യയില്‍ മുസ്‌ലിംകള്‍ പാടില്ലെന്ന് ഏതെങ്കിലും ഹിന്ദു വിചാരിക്കുന്നുണ്ടെങ്കില്‍ അയാള്‍ ഹിന്ദുവല്ല. നിങ്ങള്‍ നിങ്ങളെ ഹിന്ദുവെന്ന് വിളിക്കുന്നുണ്ടെങ്കില്‍, എല്ലാ പാതകളും ഒരേ ലക്ഷ്യത്തിലേക്കാണ് എത്തിച്ചേരുന്നതെന്ന് കൂടി വിശ്വസിക്കണം. എല്ലാ മനുഷ്യര്‍ക്കും അന്തസ്സുണ്ട്. മനുഷ്യര്‍ തമ്മില്‍ വ്യത്യാസങ്ങളില്ല'- എന്നായിരുന്നു ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയറില്‍ മോഹന്‍ ഭാഗവത് പ്രസംഗിച്ചത്. മോഹന്‍ ഭാഗവതിന്‍റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ 'ഞങ്ങള്‍ ആര്‍ക്കും എതിരല്ല. സാമൂഹിക സ്വരച്ചേര്‍ച്ചയിലും സമാധാനത്തിലും ഞങ്ങളും വിശ്വസിക്കുന്നു'വെന്നായിരുന്നു വിഎച്ച്പി വക്താവിന്‍റെ പ്രതികരണം.
സ്വന്തം വിശ്വാസങ്ങള്‍ അനുസരിച്ച് ഏത് ആഘോഷത്തിലും പങ്കുചേരാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും പൊതു ആഘോഷങ്ങളില്‍ നിന്ന് മുസ്‌ലിംകളെ ഒഴിവാക്കാനുള്ള ആഹ്വാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ വ്യക്തമാക്കി. ആഘോഷങ്ങള്‍ മനുഷ്യരെ ഒന്നിപ്പിക്കാനുള്ളതാണ്. വിഭജിക്കാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.