Belonging - A Journey Of Love
  • ചൈനീസ് കടന്നുകയറ്റം, നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾ, ആർഎസ്എസ് സ്വാധീനം എന്നിവ പരാമർശിച്ച ഭാഗങ്ങൾ ഒഴിവാക്കാൻ പ്രസാധകർ ആവശ്യപ്പെട്ടതാണ് പിന്മാറ്റത്തിന് കാരണമെന്ന് കോൺഗ്രസ് വ്യക്തമാക്കുന്നു.

സോണിയാ ഗാന്ധിയുടെ  ആത്മകഥ ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ് പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ഇന്ത്യ പിന്മാറിയത് ബിജെപി സമ്മർദ്ദത്താൽ എന്ന് കോൺഗ്രസ്. അതിർത്തികളിലെ ചൈനീസ് കടന്നുകയറ്റവും  സാഹചര്യങ്ങളും അടങ്ങിയ ഭാഗം, നരേന്ദ്ര മോദിയുടെ ഭരണനേതൃത്വവും കേന്ദ്ര സർക്കാർ നയങ്ങളും സംബന്ധിച്ച  വിമർശനങ്ങൾ,  സാമൂഹിക ചരിത്രത്തിൽ RSS സ്വാധീനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവ ഒഴിവാക്കാൻ പെൻഗ്വിൻ ഇന്ത്യ ആവശ്യപ്പെട്ടത് ഇക്കാരണത്താലാണ് എന്നാണ് വാദം. 

Also Read: എഡിറ്റിങ് പറ്റില്ലെന്ന് സോണിയ ഗാന്ധി; ആത്മകഥയില്‍ നിന്ന് പെന്‍ഗ്വിന്‍ പിന്മാറി

ചൈനയെ സംബന്ധിച്ച പരാമർശം ഉള്ളതിനാലാണ് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവണെയുടെ ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി എന്ന ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ഇന്ത്യ പിന്മാറിയതെന്നും കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. കയ്യെഴുത്ത് പ്രതിയിൽ യാതൊരു മാറ്റവും വരുത്താതെ പുസ്തകം പുറത്തിറക്കും എന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

Also Read: 'അമ്മയെക്കുറിച്ച് എല്ലാവരും അറിയാൻ പോകുന്നു'; ഹൃദയ സ്പർശിയായ കുറിപ്പുമായി രാഹുലും പ്രിയങ്കയും

ആത്മകഥയില്‍ പ്രസാധകര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ തള്ളിയ സോണിയ ഗാന്ധിയുടെ നിലപാടാണ് പ്രസിദ്ധീകരണത്തിൽനിന്ന് പെൻഗ്വിൻ ഇന്ത്യ പിന്മാറാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. കൈഎഴുത്ത് പ്രതിയില്‍ മാറ്റങ്ങളും ഒഴിവാക്കലുകളും പ്രസാധകര്‍ നിര്‍ദേശിച്ചെന്നും സോണിയ ഗാന്ധി വിസമ്മതിച്ചെന്നുമാണ് സൂചന. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിയ പെൻഗ്വിൻ ഇന്ത്യ പുസ്തകം പ്രസിദ്ധീകരിക്കാൻ താല്പര്യമുണ്ടായിരുന്നു എന്നും മാറ്റങ്ങൾ നിർദേശിക്കുന്നത് പ്രസിദ്ധീകരണ പ്രക്രിയയുടെ ഭാഗമെന്നും വിശദീകരിച്ചു.

ഇറ്റലിയില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് എത്തിയ സോണിയ ഗാന്ധിയുടെ അനുഭവങ്ങളാണ് ബിലോങ്ങിങ്: എ ജേർണി ഓഫ് ലവിലുള്ളത്. പെൻഗ്വിൻ റാൻഡം ഹൗസിന് കീഴിലുള്ള ആൽഫ്രഡ് എ. നോഫ് ആഗോള തലത്തിൽ പുസ്തകം നവംബർ 10-ന് പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നു. ഹാർപ്പർ കോളിൻസ് ഇന്ത്യയില്‍ പുസ്തകം പ്രസിദ്ധീകരിച്ചേക്കും.

ENGLISH SUMMARY:

The Congress party has alleged that political pressure from the BJP forced Penguin India to withdraw from publishing Sonia Gandhi's upcoming memoir, 'Belonging: A Journey of Love'. According to party sources, the publisher requested the removal of sensitive content regarding Chinese border intrusions, critiques of Prime Minister Narendra Modi's governance, and evaluations of RSS influence. While Penguin defended its editing requests as part of standard publishing procedures, Congress asserted that the unedited manuscript will be published without alterations. The autobiography, chronicling her transition from Italy to Indian politics, is now anticipated to be released by alternative publishing houses like HarperCollins.