TAGS

തമിഴ്‌നാട്ടില്‍ എംഎല്‍എമാരുടെ കാറാണിപ്പോള്‍ ചര്‍ച്ചാ വിഷയം. എല്ലാ എംഎല്‍എമാര്‍ക്കും കാര്‍ നല്‍കുമെന്ന് കഴിഞ്ഞദിവസമാണ്  മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത്. 226 എംഎല്‍എമാരില്‍ 81 ശതമാനം പേര്‍ക്കും കാര്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  ഇതോടെ എംഎല്‍എയ്ക്ക് കാര്‍ പ്രഖ്യാപനത്തിനെതിരെ ആക്ഷേപവും ഉയരുന്നുണ്ട്.

ഔദ്യോഗിക വാഹനമില്ലാത്തതിനാല്‍ മണ്ഡലത്തിലെ എല്ലായിടത്തും പോകാനാകുന്നില്ലെന്നും എംഎല്‍എമാര്‍ക്ക് സര്‍ക്കാര്‍ കാര്‍ നല്‍കണമെന്നും വിസികെ എംഎല്‍എ ജോതിമണിയാണ് വിജയ്‌യോട് നിയമസഭയില്‍ അഭ്യര്‍ഥിച്ചത്. ദിവസങ്ങള്‍ക്കകം എല്ലാ എംഎല്‍എമാര്‍ക്കും കാര്‍ നല്‍കുമെന്ന പ്രഖ്യാപനവും വന്നു. എന്നാല്‍ തമിഴ്‌നാട്ടിലെ 226 എംഎല്‍എമാരില്‍   181  പേര്‍ സ്വന്തമായി കറുള്ളവരോ കുടുംബത്തിലെ ഒരാള്‍ക്ക് കാറുള്ളവരോ ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  43 പേര്‍ക്ക് മാത്രമാണ് സ്വന്തമായോ കുടുംബത്തിലോ കാറില്ലാത്തത്. തിരഞ്ഞെടുപ്പ് സമയത്ത് എംഎല്‍എമാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ അനുസരിച്ച് 163 എംഎല്‍എമാര്‍ക്ക് സ്വന്തം പേരില്‍ കാറുണ്ട്. 107 ടിവികെ എംഎല്‍എമാരില്‍ 81 പേര്‍ക്ക് സ്വന്തമായോ കുടുംബത്തിലുള്ളവരുടെ പേരിലോ കാറുണ്ട്. 51 പേര്‍ക്ക് സ്വന്തം  പേരില്‍ കാറുണ്ട്. 59 ഡിഎംകെ എംഎല്‍എമാരില്‍ 51 പേര്‍ സ്വന്തമായോ വീട്ടിലൊരാള്‍ക്കോ കാറുള്ളവരാണ്.  46 പേര്‍ക്ക് സ്വന്തമായി കാറുണ്ട്. 

 41 അണ്ണാ ഡിഎംകെ എംഎല്‍എമാരില്‍ 36 പേര്‍ക്ക് സ്വന്തമായോ കുടുംബത്തില്‍ ഒരാള്‍ക്കോ കാറുണ്ട്.  27 പേര്‍ക്ക് സ്വന്തമായി കാറുണ്ട്.  എന്നാല്‍ പ്രമുഖരായ ചിലര്‍ക്ക് സ്വന്തമായോ കുടുംബത്തിലോ കാറില്ലെന്നാണ് വിവരം. മുന്‍മുഖ്യമന്ത്രിയായിരുന്ന അണ്ണാ ഡിഎംകെ നേതാവ് എടപ്പാടി പളനിസാമിക്കും മുന്‍മന്ത്രി എസ് പി വേലുമണിക്കും അഗ്രി. എസ് എസ് കൃഷ്ണ മൂര്‍ത്തിക്കും കാറില്ല. അതേസമയം എഡിഎംകെ എംഎല്‍എ ലീമറോസ് മാര്‍ട്ടിന് 9 കാറും ടിവികെ എംഎല്‍എമാരായ പ്രഭു ,കനിമൊഴി സന്തോഷ് എന്നിവര്‍ക്ക് 7 കാര്‍ വീതവും ഉണ്ട്. കോണ്‍ഗ്രസിന്റെ 5 എംഎല്‍എമാരും ലീഗിന്റെ 2 പേരും, നാലില്‍ 3 പിഎംകെ എംഎല്‍എമാരും സ്വന്തമായോ വീട്ടിലൊരാള്‍ക്കോ കാറുള്ളവരാണ്. ഇടത് പാര്‍ട്ടികള്‍ , വിസികെ എന്നിവരുടെ 2 വീതം എംഎല്‍എമാരില്‍ ഓരോരുത്തര്‍ക്കും വീട്ടിലൊരാള്‍ക്ക് കാറുണ്ട്.  30 ലക്ഷം രൂപ വിലവരുന്ന കാറാണ് എംഎല്‍എമാര്‍ക്ക് നല്‍കുകയെന്നാണ് വിവരം. സര്‍ക്കാരിന്റെ കാര്‍ വേണ്ടെന്ന് നേരത്തെ ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Tamil Nadu MLA car announcement has sparked debate as Chief Minister Stalin declared that all MLAs will be provided with a car. While the government claims it's for constituency accessibility, reports indicate a significant majority of MLAs already own vehicles, raising questions about the necessity and allocation of public funds for this scheme.