Kolkata: West Bengal Chief Minister Mamata Banerjee stages a sit-in protest against the alleged arbitrary deletions from the post-SIR electoral rolls in the state, in Kolkata, Friday, March 6, 2026. (PTI Photo/Manvender Vashist Lav)(PTI03_06_2026_000397B)
താൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന അഭ്യൂഹങ്ങൾ തള്ളി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. രാഷ്ട്രീയ സന്യാസം സ്വീകരിക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും ബിജെപിയെ രാഷ്ട്രീയമായി പൂർണമായും നിഷ്പ്രഭമാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും മമത വ്യക്തമാക്കി. ഫെയ്സ്ബുക്ക് ലൈവിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് മമത ബാനർജി തന്റെ നിലപാട് വ്യക്തമാക്കിയത്.
ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) നടപ്പിലാക്കുന്നതിനുള്ള മറ്റൊരു പിൻവാതിൽ ശ്രമമാണ് സെൻസസ് എന്നും രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് ഇത് നടപ്പിലാക്കിയതെന്നും മമത ബാനർജി ആരോപിച്ചു. സെൻസസ് ഫോമുകളിൽ വിവരങ്ങൾ കൈമാറുമ്പോഴും ഒപ്പിടുമ്പോഴും ജാഗ്രത പാലിക്കണമെന്നും മമത പറഞ്ഞു. വോട്ടർ പട്ടിക പുതുക്കലിന്റെ മറവിൽ ലക്ഷക്കണക്കിന് വോട്ടർമാരെ നീക്കം ചെയ്തതായും വോട്ടവകാശം സംരക്ഷിക്കാൻ സുപ്രീം കോടതിയെ സമീപിക്കാനും മടിയില്ലെന്നും മമത ബാനർജി വ്യക്തമാക്കി. പാവപ്പെട്ടവർക്കും സ്ത്രീകൾക്കുമായുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതികളുടെ ആനുകൂല്യങ്ങൾ ബിജെപി വെട്ടിക്കുറയ്ക്കുകയാണെന്ന് അവർ പറഞ്ഞു.
ബംഗാളിൽ സർക്കാർ മാറി നാല് മാസത്തിനുള്ളിൽ ബിജെപിയുടെ യഥാർത്ഥ മുഖം സംസ്ഥാനത്തെ ജനങ്ങൾ മനസിലാക്കിയെന്നും മമത ബാനർജി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഇത്തരം നീക്കങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം.