പുണെയിൽ നടന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദ്യാർത്ഥി സംവാദ പരിപാടിയെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ വാക്പോര്. കോൺഗ്രസ് സംഘടിപ്പിച്ച 'ഛാത്രോം കി ഗൂഞ്ച്' എന്ന പരിപാടി ഒരു രാഷ്ട്രീയ കോമഡി ഷോ ആയിരുന്നെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കേശവ് ഉപാധ്യ. വിദ്യാർത്ഥികളുടെ യഥാർത്ഥ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് പകരം രാഹുൽ ഗാന്ധി കേവലം രാഷ്ട്രീയ പ്രസ്താവനകൾ നടത്തുക മാത്രമാണ് ചെയ്തതെന്നും കേശവ് ഉപാധ്യ പരിഹസിച്ചു.

കോളേജ് ബസുകളിലാണ് വിദ്യാർത്ഥികളെ പരിപാടിക്ക് എത്തിച്ചതെന്നും വിദ്യാർത്ഥികളുടെ പേരിൽ കോൺഗ്രസ് രാഷ്ട്രീയ സമ്മേളനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ പ്രസംഗം അവകാശവാദങ്ങളും സ്ഥിരം ആരോപണങ്ങളും നിറഞ്ഞതായിരുന്നുവെങ്കിലും കോൺഗ്രസിന്റെ സ്വന്തം ഭരണചരിത്രത്തെക്കുറിച്ച് സംസാരിക്കാൻ തയ്യാറായില്ലെന്നും കേശവ് ഉപാധ്യ ആരോപിച്ചു.

എന്നാൽ ബിജെപിയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് യുവാക്കൾക്കിടയിൽ ലഭിച്ച വൻ ജനപങ്കാളിത്തവും പിന്തുണയും കണ്ട് ബിജെപി വിറളിയെടുത്തിരിക്കുകയാണെന്ന് കോൺഗ്രസ് ദേശീയ സെക്രട്ടറി സച്ചിൻ സാവന്ത് പറഞ്ഞു. യുവജനങ്ങൾക്കിടയിൽ രാഹുൽ ഗാന്ധിക്കുള്ള സ്വാധീനം വർദ്ധിക്കുന്നത് ഭരണകക്ഷിയുടെ ഉറക്കം കെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ENGLISH SUMMARY:

Rahul Gandhi's student dialogue in Pune has sparked a war of words between the BJP and Congress, with the BJP labeling it a 'political comedy show'. The Congress, in turn, has accused the BJP of being unnerved by the overwhelming youth support for Rahul Gandhi.