വന്ദേമാതരം വിവാദം ശക്തമാക്കി പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ബി.ജെ.പി. രാജ്യവ്യാപക ക്യാംപെയ്ന്‍ പ്രഖ്യാപിച്ചത് ഇതിന്‍റെ ഭാഗമാണ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് തിരഞ്ഞെടുപ്പുകളും മുന്നില്‍ക്കണ്ടാണ് നീക്കം. ഇന്ന് ചേരുന്ന ബി.ജെ.പി. സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകും.
സി,.ജെ.പി. സമരവും അതിന്‍റെ ചുവടുപിടിച്ച് രാഹുല്‍ ഗാന്ധി നടത്തുന്ന അപ്രതീക്ഷിത പ്രതിഷേധങ്ങളും ബി.ജെ.പിയെ ചെറുതല്ലാതെ പ്രതിരോധത്തില്‍ ആക്കുന്നുണ്ട്. ഇതിനെ മറികടക്കാനാണ് രാജ്യവ്യാപകമായി വന്ദേമാതരം ക്യാംപെയ്ന്‍ ആരംഭിക്കുന്നത്. വന്ദേമാതരത്തിന്‍റെ പ്രചാരണത്തിനപ്പുറം ആദ്യ രണ്ടു ചരണം മാത്രം പാടിയാല്‍ മതിയെന്ന കോണ്‍ഗ്രസിന്‍റെ നിലപാട് ആയുധമാക്കുകയാണ് പ്രധാനലക്ഷ്യം. എല്ലാ ഭാരവാഹികളോടും സംസ്ഥാന തലത്തില്‍ വിപുലമായ പ്രചാരണം നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തില്‍ വന്ദേമാതരത്തിന്‍റെ പ്രാധാന്യം, ഗാന്ധിജിയുടെ നിലപാട്, ആദ്യ രണ്ടുചരണം മാത്രം മതിയെന്ന നിലപാടില്‍ എത്താന്‍ ഇടയായ സാഹചര്യം എന്നിവ വിശദീകരിക്കും.
1937 ല്‍ ജിന്നയുടെ മുസ്‌ലിം ലീഗിന് കീഴടങ്ങിയാണ് കോണ്‍ഗ്രസ് വന്ദേമാതരത്തെ വെട്ടിയതെന്നും തീവ്ര നിലപാടുകാരെ തൃപ്തിപ്പെടുത്താന്‍ അതേ നിലപാട് തുടരുകയാണ് എന്നും ഉള്ള ആരോപണം ഇതിനകം ബിജെപി ഉയര്‍ത്തിക്കഴിഞ്ഞു. ആരോപണം കടുപ്പിക്കുന്നതുവഴി ദേശീയതാവാദം ശക്തമാക്കാമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ അടക്കം അത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.