ബിജെപി വിട്ട നടൻ ദേവന് വിജയ്‌യുടെ ടിവികെയിലേക്ക് വഴി തുറന്ന് നടി പ്രിയങ്കയെന്ന് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഘടകങ്ങള്‍ രൂപീകരിക്കാനാണ് ടിവികെ പദ്ധതി. ഇതിന്‍റെ ഭാഗമായി കേരളത്തിലുള്‍പ്പെടെ പലരുമായും ടിവികെ ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ദേവന്‍ ബിജെപി വിടുന്നത്. പിന്നാലെ ടിവികെ നേതാക്കൾ ദേവനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് പ്രിയങ്കയെ ബന്ധപ്പെട്ടതോടെയാണ് ടിവികെ– ദേവന്‍ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങിയത്.
മാസങ്ങള്‍ക്ക് മുന്‍പേ പ്രിയങ്ക ടിവികെയിൽ ചേരാനുള്ള താൽപര്യവുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിരുന്നു. അങ്ങിനെയാണ് പ്രിയങ്കയുമായി ടിവികെ നേതൃത്വം വഴി തുറക്കുന്നതും ദേവന് ടിവികെയിലേക്ക് വാതില്‍ തുറക്കുന്നതും. വെള്ളിയാഴ്ച ദേവന്റെ ചാലക്കുടിയിലെ വസതിയിൽ ടിവികെയുടെ തമിഴ്നാട് ഘടകത്തിൽ നിന്നുള്ള രണ്ട് നേതാക്കൾ എത്തിയിരുന്നു. പ്രിയങ്കയ്ക്കൊപ്പമാണ് ഇവർ എത്തിയത്. തുടർന്ന് മൂന്നു മണിക്കൂറോളം കൂടിക്കാഴ്ച നടന്നതായാണ് റിപ്പോര്‍ട്ട്. ഇതിനുപുറമെ, ചെന്നൈയിലെ നേതാക്കൾ ഗൂഗിൾ മീറ്റ് വഴിയും ദേവനുമായി ചർച്ചകൾ നടത്തി. കേരളത്തിൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല ദേവനും വിജയുമായുള്ള കൂടിക്കാഴ്ചയ്ക്കും കളം ഒരുങ്ങുന്നുണ്ട്.
അതേസമയം, ടിവികെയില്‍ ചേര്‍ന്നതില്‍ നെഗറ്റീവ് പറയുന്നവര്‍ പറഞ്ഞോട്ടെയെന്നും ദേവന്‍ ബിജെപിയില്‍ നിന്നിട്ട് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നുമായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അദ്ദേഹം ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങളാണ് തമിഴ്നാട്ടില്‍ മുഖ്യമന്ത്രി വിജയ് ചെയ്യുന്നത്. അത് കണ്ടപ്പോഴാണ് അദ്ദേഹത്തിനും തോന്നിയത് ടിവികെയില്‍ ചേരണമെന്ന്. അങ്ങനെ ഓരോ ജനങ്ങളും തീരുമാനിക്കും നല്ലതിന്‍റെ കൂടെ നില്‍ക്കാന്‍. കേരളത്തിലും കുറച്ച് നല്ലതൊക്കെ വരട്ടെയെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍നടന്ന ചടങ്ങിലായിരുന്നു ബിജെപി വിടുന്നു എന്ന ദേവന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായിരുന്നു ദേവന്‍. എസ്എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാന്നിധ്യത്തിലായിരുന്നു രാജി പ്രഖ്യാപനം. മാസങ്ങള്‍ക്കു മുന്നേ തീരുമാനമെടുത്തിരുന്നു. ഈ വേദിയില്‍ പ്രഖ്യാപനം നടത്തുന്നത് ഏറ്റവും ഉചിതമെന്ന് തോന്നിയതുകൊണ്ടാണ് പ്രഖ്യാപനമെന്നും ദേവന്‍ പറഞ്ഞു. തന്‍റെ രാഷ്ട്രീയ ലൈന്‍ ബിജെപിയുമായി ചേര്‍ന്നുപോകില്ല എന്നതാണ് കാരണം. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചാണ് ദേവന്‍ രാഷ്ട്രീയത്തിലേക്ക് കടന്നത്. പിന്നീട് 2021ല്‍ ഈ പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കുകയായിരുന്നു.