ജന്തർമന്തറിൽ തന്‍റെ നിരാഹാര സമരം അവസാനിപ്പിക്കാൻ ഭാര്യ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സഹായം തേടിയെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് സോനം വാങ്ചുക്. രാഹുൽ ഗാന്ധിയില്‍ നിന്നും ജ്യൂസ് കഴിച്ച് നിരാഹാരം അവസാനിപ്പിക്കണം എന്നായിരുന്നു ആഗ്രഹം. അതിനായി ഭാര്യ ഗീതഞ്ജലി അഭ്യർഥിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്ന് സോനം വാങ്ചുക്. പറഞ്ഞു. ഇത് കോൺഗ്രസ് നേതാക്കളിലും മറ്റ് രാഷ്ട്രീയ പാർട്ടികളിലും തനിക്ക് കടുത്ത നിരാശയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വാങ്ചുക്കിന്റെ പ്രതികരണം.

‘ഞാൻ എന്‍റെ നിരാഹാരം രാഹുൽ ജിയിലൂടെ അവസാനിപ്പിക്കണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്, അതിനായി ഗീതഞ്ജലി കഠിനമായി പരിശ്രമിക്കുകയും ചെയ്തു. എന്നാൽ രാഹുൽ ജിയിൽ നിന്ന് അനുകൂലമായ പ്രതികരണമൊന്നും ലഭിച്ചില്ല’– വാങ്ചുക് പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ വളരെ വൈകിയാണ് ജന്തർമന്തറിലെ സമരസ്ഥലത്ത് എത്തിയത്. ഈ നിരാശയാണ് തന്‍റെ ഭാര്യ രാഹുൽ ഗാന്ധിക്കെതിരെ പരസ്യമായി സംസാരിക്കാൻ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസ് നേതൃത്വത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിൽ ഭാര്യയ്ക്ക് വലിയ വിമർശനം നേരിടേണ്ടി വന്നതിനാല്‍ ഈ പശ്ചാത്തലം വ്യക്തമാക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാനുള്ള രാഹുവിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തതിനാണ് ഗീതഞ്ജലിക്ക് ഓൺലൈനിൽ രൂക്ഷമായ ആക്രമണങ്ങൾ നേരിടേണ്ടി വന്നത്. ബിജെപിക്കും ഹിന്ദുത്വ ശക്തികൾക്കുമെതിരെ ഗീതഞ്ജലി ഇതിനുമുമ്പ് നിരവധി ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും അവർ മൗനം പാലിക്കുകയാണുണ്ടായത്. എന്നാൽ കോൺഗ്രസ് അനുകൂലികൾ തങ്ങളെ ഇരുവരേയും ലക്ഷ്യമിട്ട് ട്രോളുകളും സൈബർ ആക്രമണങ്ങളും അഴിച്ചുവിട്ടതായി വാങ്ചുക് ആരോപിച്ചു. നേതൃത്വം ഇത്രയും സങ്കുചിത സമീപനം പുലർത്താൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദയേയും ജിതേന്ദ്ര സിങിനേയും വാങ്ചുക് വിമർശിച്ചു. പ്രതിപക്ഷ-വിദ്യാർഥി നേതാക്കളുടെ സാന്നിധ്യത്തിൽ സമരം അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ, തനിക്ക് സൂപ്പ് നൽകുന്ന ചിത്രങ്ങൾ പുറത്തുവിടില്ലെന്ന് ഇവർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അവർ ആ വാക്ക് ലംഘിച്ചതായി വാങ്ചുക് കുറ്റപ്പെടുത്തി. അവർ തന്ന വാക്ക് പാലിച്ചില്ലെന്നും ഇത് കക്ഷിരാഷ്ട്രീയ ഭേദമന്യേ രാഷ്ട്രീയ നേതാക്കളിൽ തനിക്ക് കടുത്ത നിരാശയുണ്ടാക്കിയ സംഭവമാണിതെന്നും നേതാക്കളിലെല്ലാമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും വാങ്ചുക് പറഞ്ഞു.

സർക്കാരുമായി 'അർദ്ധരാത്രിയിൽ ഡീൽ' ഉറപ്പിച്ചു എന്ന ആരോപണങ്ങളെയും അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. ‘എനിക്ക് ഇതിലും വലിയ ഡീലുകൾ ഉറപ്പിക്കാമായിരുന്നു. എന്നെ വിദ്യാഭ്യാസമന്ത്രിയാക്കാൻ വരെ ആവശ്യപ്പെടാമായിരുന്നു. എന്ത് ഡീൽ വേണമെങ്കിലും എനിക്ക് സാധ്യമാകുമായിരുന്നു. അത്തരമൊരു താൽപര്യമുണ്ടായിരുന്നെങ്കിൽ ഞാൻ 26 ദിവസം നിരാഹാര സമരം ഇരിക്കേണ്ട ആവശ്യമില്ലായിരുന്നു’– വാങ്ചുക് തുറന്നടിച്ചു. ഒരു മന്ത്രിയുടെ രാജി ആവശ്യപ്പെടുക എന്നത് മാത്രമായിരുന്നില്ല തന്‍റെ ലക്ഷ്യമെന്നും, പരീക്ഷാ സമ്പ്രദായത്തിൽ പരിഷ്കാരങ്ങളും കൂടുതൽ ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ് താൻ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സമരത്തെക്കുറിച്ചും അതിനെ തുടർന്നുള്ള രാഷ്ട്രീയ വിമർശനങ്ങളെക്കുറിച്ചും സംസാരിക്കവെ, തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘സ്വർണ്ണം പല ഘട്ടങ്ങളിലൂടെയാണല്ലോ പരിശോധിക്കപ്പെടുന്നത്. ഞാൻ ഇതെല്ലാം ഉൾക്കൊള്ളുന്നു. എനിക്ക് യാതൊരു കുറ്റബോധവുമില്ല’ അദ്ദേഹം പറഞ്ഞു. നീതിക്കുവേണ്ടി പോരാടുന്ന ജനങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം വിദ്യാഭ്യാസ മേഖലയിലെയും പരിസ്ഥിതി സംരക്ഷണത്തിലെയും തന്റെ പ്രവർത്തനങ്ങളിലേക്ക് തിരികെ പോകുമെന്നും സോനം വാങ്ചുക് പറഞ്ഞു.

ENGLISH SUMMARY:

Environmentalist Sonam Wangchuk revealed in an India Today interview that his wife, Geethanjali, sought Leader of Opposition Rahul Gandhi's help to end his Jantar Mantar hunger strike by having him drink juice, but received no favorable response. This lack of support, followed by intense online trolling from Congress supporters against his wife, left Wangchuk deeply disappointed with the party's leadership. He also criticized Union Ministers J.P. Nadda and Jitendra Singh for breaking promises regarding the official announcement of his strike's conclusion, adding to his disillusionment with politicians across the board. Dismissing allegations of a "midnight deal" with the government, Wangchuk stated he has no regrets about his protest and plans to return to his environmental and educational work.