ജനപ്രിയ പ്രഖ്യാപനങ്ങളോടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്‍റെ ആദ്യ ബജറ്റ്. രണ്ടരമണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗമാണ് ധനമന്ത്രി മരിയ വില്‍സണ്‍ നടത്തിയത്. പ്രതിപക്ഷനേതാവിന്‍റെ അറസ്റ്റിന് പിറ്റേന്നുള്ള നിയമസഭ സമ്മേളനം കലുഷിതമാകുമെന്ന് കരുതിയെങ്കിലും ബജറ്റ് സമ്മേളനത്തോട് പൂർണ്ണമായി പ്രതിപക്ഷം സഹകരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികളായിരുന്നു ബജറ്റില്‍ ശ്രദ്ധേയം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വാരിക്കോരിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്. യുവതികള്‍ക്ക് വിവാഹത്തിന് ഒരുപവന്‍ സ്വര്‍ണവും പട്ടുസാരിയും പ്രഖ്യാപിച്ചതായിരുന്നു ബജറ്റിലെ ഫേവറേറ്റ്. 812 കോടി രൂപയാണ് ബജറ്റില്‍ ഇതിനായി നീക്കിവച്ചത്. തായ് മാമന്‍ തങ്ക മോതിരം പദ്ധതിയാണ് അടുത്ത ജനപ്രിയ പ്രഖ്യാപനം. നവജാത ശിശുക്കള്‍ക്ക് ഒരുഗ്രാമിന്‍റെ സ്വര്‍ണ മോതിരം നല്‍കുന്നതാണ് പദ്ധതി. സെപ്റ്റംബര്‍ 15 മുതല്‍ പദ്ധതി ഔദ്യോഗികമായി ആരംഭിക്കും. 560 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. തായ് കെയര്‍ എന്ന പേരില്‍ ഗര്‍ഭിണികള്‍ക്കായി ക്ലിനിക്കുകള്‍ സ്ഥാപിക്കും. വിധവകള്‍ക്കും ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്സിനും സൗജന്യമായി 5 ആടുകളെ നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചു. 110 കോടിരൂപയാണ് ഇതിനായി മാറ്റിവച്ചത്. വിദ്യാഭ്യാസ മേഖലയ്ക്ക് മാത്രം 44000 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ലഹരി ബോധവല്‍ക്കരണത്തിന് സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘ഡ്രഗ് ഫ്രീ തമിഴ്‌നാട് ’ ആപ്പും വൊളന്‍റിയര്‍ ഗ്രൂപ്പും നിര്‍മിക്കും. ജെന്‍സികളായ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ബ്രാൻഡഡ് സൈക്കിളും ഒപ്പം ഹെല്‍മറ്റും വാട്ടര്‍ ബോട്ടിലും നല്‍കും. കോളജ് വിദ്യാർഥികൾക്ക് സൗജന്യമായി ലാപ് ടോപ് നല്‍കുന്ന വെട്രി ലാപ്ടോപ് സ്‌കീം... ഇങ്ങനെ നീളുന്നു പ്രഖ്യാപനങ്ങൾ.
Also Read: വിദ്യാര്‍ഥികള്‍ക്ക് കോളടിച്ചു; സൗജന്യ ലാപ്ടോപ്, സൈക്കിള്‍,എഐ ട്രെയിനിങ്; വിജയ്‍യുടെ ആദ്യബജറ്റ്
സ്പേസ് ടെക്നോളജി ഇന്‍വസ്റ്റ്‌മെന്‍റ് ഡിസ്ട്രിക്റ്റുകളായി തൂത്തുക്കുടിയെയും തിരുനെല്‍വേലിയെയും വികസിപ്പിക്കും. ‘അറിവാഗം’ എന്ന പേരില്‍ എഐ സിറ്റി നിര്‍മിക്കും. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങളുടെ സര്‍വീസിങ്ങിനായി മെക്കാനിക്കുകള്‍ക്ക് പരിശീലനം നല്‍കുമെന്നും അറിയിച്ചു. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 22500 മെക്കാനിക്കുകള്‍ക്കാണ് പരിശീലനം നല്‍കുക. ഇതിന് മൂന്നുകോടി രൂപ വകയിരുത്തി. മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായം 1000 രൂപ കൂട്ടി. ട്രോളിങ് നിരോധന കാലത്തെ സഹായം 7000 രൂപയാക്കി. ആദ്യമായി ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ക്കുള്ള ധനസഹായം 25000 രൂപയില്‍നിന്ന് 35000 രൂപയാക്കി.
പക്ഷെ സര്‍ക്കാരിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പലതും ബജറ്റില്‍ ഇടംപിടിച്ചില്ല. സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായം 1000 രൂപയില്‍ നിന്ന് 2500 ആക്കുമെന്നും, എല്ലാ ബസുകളിലും സൗജന്യ യാത്ര നടപ്പാക്കുമെന്നും പറഞ്ഞിരുന്നെങ്കിലും ബജറ്റില്‍ ഇത് കണ്ടില്ല. സംസ്ഥാനം കടക്കെണിയിലാണെന്ന് പ്രഖ്യാപിച്ചായിരുന്നു മന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. കടബാധ്യതകള്‍ നീക്കി പടിപടിയായി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കുമെന്നും ധനമന്ത്രി മരിയ വില്‍സണ്‍ പ്രസംഗത്തില്‍ പറഞ്ഞു.
എന്നാല്‍ ടിവികെ സര്‍ക്കാരിന്‍റെ ബജറ്റിനെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനം ഉന്നയിച്ചു. പഴയ പദ്ധതികളുടെ പേര് മാത്രം മാറ്റിയുള്ള ബജറ്റെന്ന് ഉദയനിധി സ്റ്റാലിൻ. പ്രഖ്യാപിച്ച പല പദ്ധതികളും ഡിഎംകെ നേരത്തെ നടപ്പാക്കിയവയാണെന്നും ഉദയനിധി പറഞ്ഞു. അതോടൊപ്പം തിരഞ്ഞെടുപ്പില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന് സര്‍ക്കാരിനെ പരിഹസിച്ചു.