അക്രമവും ബഹളവുമില്ല, മറിച്ച് സർഗാത്മകവും സമാധാനപരമായ പ്രതിഷേധം. ജെൻ സി കിഡ്സ് അക്ഷമരും കോപാകുലരുമാണെന്ന ധാരണയെ പാടെ തിരുത്തിക്കുറിച്ച പ്രക്ഷോഭത്തിനായിരുന്നു ഇന്ത്യ സാക്ഷ്യം വഹിച്ചത്. പ്രതികരണങ്ങളുടെയും പ്രതിഷേധങ്ങളുടെയും കാര്യത്തിൽ മുൻതലമുറകളിൽ നിന്ന് തികച്ചും വ്യത്യസ്തരാണ് തങ്ങളെന്ന് അവര്‍ അടയാളപ്പെടുത്തി. മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തങ്ങളുടെ പുതിയൊരു പതിപ്പായിരുന്നു ജന്തർ മന്തറിലെ സിജെപി സമരം.
പരീക്ഷാ തട്ടിപ്പുകൾക്കും പേപ്പർ ചോർച്ചയ്ക്കും എതിരെയുള്ള പോരാട്ടത്തിൽ 'കോക്രോച്ച് ജനതാ പാർട്ടി' എന്ന വിദ്യാർഥി മുന്നേറ്റം കൈക്കൊണ്ട വഴികൾ ആധുനിക കാലത്തെ ഏറ്റവും വലിയ ഗാന്ധിയൻ സത്യാഗ്രഹ മാതൃകയായി ചരിത്രത്തിൽ ഇടംനേടുന്നു. തെരുവിലിറങ്ങി കല്ലെറിയാനോ പൊതുമുതൽ നശിപ്പിക്കാനോ അല്ല ജെൻ സി തുനിഞ്ഞത്. പകരം മീമുകൾ, ട്രോളുകൾ, റീലുകൾ, പോസ്റ്ററുകൾ എന്നിവയിലൂടെ അവർ തങ്ങളുടെ അമർഷം രേഖപ്പെടുത്തി. സമാധാനപരമായി പ്ലാക്കാർഡുകളേന്തി നിൽക്കുന്ന ചെറുപ്പക്കാരുടെ ചിത്രങ്ങൾ ഇന്ന് ലോകമെമ്പാടും ട്രെൻഡിങ്ങാണ്. Also Read: ജെൻ സി യുവതികൾക്കിടയിലെ പുതിയ ട്രെൻഡ്!! എന്താണ് 'ബോയ്-സോബർ'?
'കോക്രോച്ച്' എന്ന വിശേഷണത്തെ തന്നെ തങ്ങളുടെ അടയാളമാക്കി മാറ്റി അവർ സിസ്റ്റത്തിനെതിരെ സർഗ്ഗാത്മകമായി തിരിച്ചടിച്ചു. ഡൽഹി ജന്തർ മന്തറിലും ലഖ്‌നൗ ഈക്കോ ഗാർഡനിലും റോസാപ്പൂക്കളും ഭരണഘടനയുടെ പകർപ്പുകളുമായെത്തിയ യുവത്വം പൊലീസുകാർക്ക് പൂക്കൾ നൽകി സ്നേഹത്തിന്‍റെയും അഹിംസയുടെയും പുതിയ ഭാഷ രചിച്ചു. തടയാൻ നിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഭക്ഷണവും കുടിവെള്ളവും നൽകാൻ ഈ വിദ്യാർത്ഥികൾ മടിച്ചില്ല. പ്രതിഷേധം അവസാനിക്കുന്ന ഇടങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ സ്വയം അടിച്ചുവാരി വൃത്തിയാക്കി മടങ്ങിയ ജെൻ സി തലമുറ, സമരം എന്നത് നാശനഷ്ടങ്ങൾ ഉണ്ടാക്കാനല്ല, മറിച്ച് മാറ്റങ്ങൾ കൊണ്ടുവരാനാണ് എന്ന് ചൂണ്ടിക്കാട്ടി.
ഗാന്ധിജി അന്ന് ഉപ്പുസത്യഗ്രഹത്തിലൂടെയും നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയും ജനങ്ങളെ സംഘടിപ്പിച്ചതെങ്കിൽ, ഇന്നത്തെ തലമുറ അത് ചെയ്യുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ്. ലക്ഷക്കണക്കിന് ആളുകളെ ഒരുമിച്ച് അണിനിരത്താൻ ഡിജിറ്റൽ ക്യാമ്പെയ്‌നുകൾക്ക് സാധിക്കുന്നു. സോഷ്യൽ മീഡിയയിലെ ഒറ്റ ഹാഷ്‌ടാഗിലൂടെ ആഗോള ശ്രദ്ധ നേടാൻ ഈ 'ഡിജിറ്റൽ സത്യാഗ്രഹങ്ങൾക്ക്' കഴിയുന്നു. ആശയവിനിമയത്തിനുള്ള സാധ്യതകൾ വിരൽത്തുമ്പിലുള്ളപ്പോൾ, അക്രമത്തിലൂടെയല്ല സംവാദത്തിലൂടെയാണ് മാറ്റങ്ങൾ കൊണ്ടുവരേണ്ടതെന്ന് ജെൻ സി വിശ്വസിക്കുന്നു.
ശ്രീലങ്കയിലും ബംഗ്ലാദേശിലും നേപ്പാളിലും നടന്ന യുവജന പ്രക്ഷോഭങ്ങൾ അക്രമങ്ങളിലേക്ക് വഴിമാറിയപ്പോൾ, ഇന്ത്യൻ ജെൻ സി ഗാന്ധിയൻ അഹിംസയിലും ഭരണഘടനാ തത്വങ്ങളിലും ഉറച്ചുനിന്നു. ഗാന്ധിയൻ ആശയങ്ങൾ പഴഞ്ചനല്ല, മറിച്ച് ഇന്നത്തെ ഡിജിറ്റൽ ലോകത്തും പ്രസക്തമാണെന്ന് ജെൻ സി തെളിയിച്ചിരിക്കുകയാണ്. അഹിംസ എക്കാലത്തെയും ഏറ്റവും മികച്ച പോരാട്ടവീര്യമാണ് ഈ തലമുറ വീണ്ടും അടയാളപ്പെടുത്തുന്നു.