അധിക്ഷേപ വിഡിയോ ചെയ്ത പെണ്‍കുട്ടിയോട് ക്ഷമിച്ചതില്‍ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പെണ്‍കുട്ടിയുടെ മാതാവ്. പെൺകുട്ടിയോട് ക്ഷമിച്ച് നരേന്ദ്രമോദി അവൾക്ക് ‘ജീവദാനം’ നൽകിയെന്ന് അമ്മ പറഞ്ഞു. പ്രധാനമന്ത്രി കാരണമാണ് മകൾക്ക് പുതുജന്മം ലഭിച്ചത്. മകള്‍ക്കെതിരായ എഫ്‌ഐആർ പിൻവലിക്കണം, പ്രായപൂർത്തിയാകാത്ത കുട്ടികൾ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
‘മോശം വാക്കുകൾ ഉപയോഗിച്ച രാജ്യത്തിന്‍റെ മകളോട് ക്ഷമ കാണിച്ചതിലൂടെ പ്രധാനമന്ത്രി മോദി തന്‍റെ മഹത്വം ഉയർത്തിപ്പിടിച്ചിരിക്കുകയാണ്. കൂപ്പുകൈകളോടെ ഞാൻ അദ്ദേഹത്തിന് നന്ദി പറയുന്നു. ഇന്ന് അവൾക്ക് പുതിയൊരു ജന്മമാണ്. പ്രധാനമന്ത്രി അവൾക്ക് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് ഈ ജീവദാനം,’ പെൺകുട്ടിയുടെ അമ്മ പറഞ്ഞു.
‘18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇൻസ്റ്റാഗ്രാമും ഫെയ്സ്ബുക്കും നിരോധിക്കണമെന്നാണ് പ്രധാനമന്ത്രി മോദിയോട് എനിക്കുള്ള വിനീതമായ അഭ്യർഥന. അവർ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കട്ടെ. പ്രതിഷേധ സ്ഥലങ്ങളിലേക്ക് അവരെ പോകാൻ അനുവദിക്കരുത്. ഇങ്ങനെയുള്ള കുട്ടികളെ മറ്റുള്ളവർക്ക് എളുപ്പത്തിൽ ചൂഷണം ചെയ്യാൻ കഴിയും. ചെറിയ കുട്ടികൾക്ക് ലോകത്തെക്കുറിച്ചോ മുതിർന്നവരെ ബഹുമാനിക്കുന്നതിനെക്കുറിച്ചോ ഒന്നുമറിയില്ല,’ അവർ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയെയും മാതാപിതാക്കളെയും അധിക്ഷേപിച്ചതില്‍ പെണ്‍കുട്ടി ഇന്നലെ ക്ഷമചോദിച്ചിരുന്നു. പ്രതിഷേധത്തിനിടെ മറ്റുള്ളവരുടെ സ്വാധീനത്തിലാണ് താന്‍ മോശം വാക്കുകൾ ഉപയോഗിച്ചതെന്നും ഇനി ഒരിക്കലും ആവർത്തിക്കില്ലെന്നും പെണ്‍കുട്ടി ക്ഷമാപണ വിഡിയോയില്‍ പറഞ്ഞു. തനിക്ക് 25 വയസല്ല, 15 വയസുമാത്രമാണുള്ളതെന്നും പെണ്‍കുട്ടി അവകാശപ്പെട്ടു.
പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നോയിഡ പൊലീസ് കഴിഞ്ഞ ആഴ്ച 'സീറോ എഫ്.ഐ.ആർ' രജിസ്റ്റർ ചെയ്തിരുന്നു. 25 കാരിയായ രുചിക സിങ് എന്നാണ് എഫ്.ഐ.ആറിൽ പ്രതിയുടെ പേര് നൽകിയിരുന്നത്. എന്നാൽ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയ പേരും വയസ്സും തെറ്റാണെന്ന് അമ്മ വ്യക്തമാക്കി. മകൾക്ക് സമാധാനപരമായ ജീവിതം നയിക്കാൻ കേസ് ഒഴിവാക്കി നൽകണമെന്ന് അവർ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.