dhanush-politics
  • തമിഴ് നടൻ ധനുഷ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാക്കി ഫാൻസ് അസോസിയേഷൻ ചടങ്ങിലെ അദ്ദേഹത്തിന്റെ പ്രസംഗം.

വിജയ്‍ക്ക് പിന്നാലെ തമിഴ് നടന്‍ ധനുഷും രാഷ്ട്രീയത്തിലേക്ക് എന്ന് സൂചന. ഞായറാഴ്ച ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച രക്തദാന ക്യാംപ് ഉദ്ഘാടനം ചെയ്തുള്ള ധനുഷിന്‍റെ വാക്കുകളാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണം. ആരാധകരുടെ ഐക്യം പൊതുസേവനത്തിന് ഉപയോഗിക്കണമെന്നാണ് ധനുഷിന്‍റെ ആഹ്വാനം. 

'ഇത്രയധികം ആളുകൾ ഒരിടത്ത് ഒത്തുകൂടിയിരിക്കുന്നു. ഇത്തരത്തിലുള്ള ഐക്യത്തിൽ വലിയൊരു ശക്തിയുണ്ട്. ഈ ഐക്യത്തിന് നമ്മൾ ഒരു ലക്ഷ്യം നൽകേണ്ടതുണ്ട്. ഓഡിയോ ലോഞ്ചുകൾക്കും മീറ്റപ്പുകൾക്കും അപ്പുറം നമ്മൾ കൂടുതൽ ക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. നിങ്ങളുടെ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങളറിയണം. നിങ്ങളുടെ പ്രദേശത്തെ കുടുംബങ്ങളെ കഴിയുന്നത് പോലെ സഹായിക്കണം. നിങ്ങളെ ഓര്‍ത്ത് എനിക്ക് അഭിമാനിക്കണം' എന്നാണ് ധനുഷ് പറഞ്ഞത്.  

വിഡിയോ വൈറലായതിന് പിന്നാലെ വിജയ്ക്ക് ശേഷം ധനുഷ്  രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന പ്രചാരണം ശക്തമായി. വിജയ്ക്ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാമെങ്കില്‍ ധനുഷിന് എന്തുകൊണ്ട് പറ്റില്ലെന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. എക്സില്‍ ഇതുസംബന്ധിച്ച വലിയ പ്രചാരണമാണ് നടക്കുന്നത്. തമിഴ്നാട്ടില്‍ ഇനി ഒരു സിനിമാ താരത്തിന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള സ്പേസ് ഉണ്ടോ എന്നാണ് ആരാധകരുടെ ചോദ്യം. ധനുഷ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ വിജയ്‍യുടെ വോട്ട് ബാങ്ക് പിളരുമെന്നാണ് ഒരാള്‍ എക്സില്‍ കുറിച്ചത്. ധനുഷിന്‍റെ മിക്ക ആരാധകരും വിജയ്‍ക്ക് വോട്ടു ചെയ്യുന്നവരാണെന്നും അദ്ദേഹം എഴുതി. 

'രായൻ' എന്ന ചിത്രത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചതിനെ പറ്റിയും ധനുഷ് സംസാരിച്ചു. താൻ സംവിധാനം 'രായൻ' എന്ന സിനിമയേക്കാൾ മികച്ച തമിഴ് ചിത്രങ്ങൾ ആ വർഷം പുറത്തിറങ്ങിയിരുന്നുവെന്ന് താരം തുറന്നുസമ്മതിച്ചു.ഒരു തമിഴ് നടന് ഒരേ വർഷം രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചതിനെ പോസിറ്റീവായി കാണണമെന്നും തമിഴ് സിനിമാ ലോകം അത് ആഘോഷിക്കണമെന്നും ധനുഷ് പറഞ്ഞു. 'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക പരാമർശവും 'രായന്' മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരവുമാണ് ധനുഷിനെ തേടിയെത്തിയത്. 

ENGLISH SUMMARY:

Tamil actor Dhanush has sparked strong rumors of a potential political entry following his recent speech at a fans association blood donation camp. He urged his fans to channel their collective unity into public welfare and community service rather than limiting themselves to film events. This announcement has triggered widespread discussions on social media, with fans drawing parallels to actor Vijay's political transition. Meanwhile, Dhanush also humbly addressed his recent National Film Award victories for 'Raayan' and 'Captain Miller'.