കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമര വിജയത്തിന് പിന്നാലെ ഇ20 ജനതാ പാര്‍ട്ടി രംഗത്ത്. കേന്ദ്ര സര്‍ക്കാറിന്‍റെ ഇ20 പെട്രോളിനെ എതിര്‍ക്കുന്ന സംഘം എഥനോള്‍ കലര്‍ത്താത്ത ശുദ്ധമായ പെട്രോളാണ് തങ്ങളുടെ ആവശ്യമായി മുന്നോട്ട് വെയ്ക്കുന്നത്. രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും ഉപഭോക്തൃ അവകാശത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും ഇ20 ജനതാ പാര്‍ട്ടി പറയുന്നു. ഇന്നലെ ആരംഭിച്ച ഇ20 ജനതാ പാര്‍ട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇതുവരെ 20,000 ത്തിന് മുകളില്‍ പേര്‍ പിന്തുടരുന്നുണ്ട്.
'100 ശതമാനം ശുദ്ധമായ പെട്രോള്‍ വാങ്ങാനുള്ള ഓരോ പൗരന്‍റെയും അവകാശത്തിന് പോരാടുന്നു' എന്നാണ് ഇ20 ജനതാ പാർട്ടി എക്സ് ബയോയില്‍ എഴുതിയിരിക്കുന്നത്. തങ്ങളുടെ വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിൽ എന്താണ് ഒഴിക്കേണ്ടതെന്ന് ഉപഭോക്താക്കൾ തന്നെ തീരുമാനിക്കട്ടെയെന്നുമാണ് ഇജെപിയുടെ നിലപാട്.
ഇ20 പെട്രോള്‍ പിന്‍വലിക്കണമെന്ന നിലപാട് ഇജെപി മുന്നോട്ട് വെയ്ക്കുന്നില്ലെതാണ് ശ്രദ്ധേയം. ശുദ്ധമായ പെട്രോളോ എഥനോള്‍ കലര്‍ത്തിയ പെട്രോളോ ഉപഭോക്താവിന്‍റെ സ്വാതന്ത്ര്യം അനുസരിച്ച് വാങ്ങാന്‍ സാധിക്കണം എന്നാണ് ഇജെപി എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. സബ്‌സിഡിയോ സൗജന്യ ഇന്ധനമോ എഥനോൾ കലർത്തിയ ഇന്ധനങ്ങൾ പിൻവലിക്കണമെന്നോ ആവശ്യപ്പെടുന്നില്ല. ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് ആവശ്യപ്പെടുന്നതെന്ന് ഇജെപി വ്യക്തമാക്കുന്നു.
പെട്രോൾ പമ്പുകളിൽ ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള സൗകര്യം പുനഃസ്ഥാപിക്കുക, ഇന്ധന ലേബലിംഗ് ഉറപ്പാക്കുക, മൈലേജ്, എൻജിൻ പ്രകടനം, മലിനീകരണ തോത് എന്നിവയെക്കുറിച്ച് സ്വതന്ത്ര പഠനങ്ങൾ നടത്തി വിവരങ്ങൾ ജനകീയമാക്കുക തുടങ്ങിയവയാണ് ഇജെപിയുടെ ആവശ്യങ്ങളായി മുന്നോട്ടുവച്ചിട്ടുള്ളത്. അതേസമയം, 'നിതിൻ ഗഡ്കരിയുടെ രാജി വരുന്നു...' എന്നൊരു പോസ്റ്റ് ഇജെപി പങ്കുവച്ചിട്ടുണ്ട്.
ഇന്നലെ ആരംഭിച്ച ഇൻസ്റ്റാഗ്രാം പേജില്‍ കണ്ടന്‍റുകള്‍ ചെയ്യാന്‍ ഇന്‍ഫ്ലുവന്‍സര്‍മാരെ തേടുന്ന പോസ്റ്റും ഇജെപിയുടെ എക്സ് പേജില്‍ കാണാം. അതേസമയം ഇ20 ജനതാ പാര്‍ട്ടി എന്ന എക്സ് പേജ് 2024 ല്‍ ആരംഭിച്ചതാണ്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരങ്ങള്‍ പോസ്റ്റ് ചെയ്ത പേജില്‍ അതിന് മുന്‍പ് രാഷ്ട്രീയ, സാമ്പത്തിക കണ്ടന്‍റുകളാണ് കൂടുതലായും പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇ20 ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ പിന്തുടരുന്നുണ്ട്. ആംആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ട് മുതല്‍ വിവിധ സംസ്ഥാന ഘടകങ്ങളുടെ അക്കൗണ്ടും ഇ20 ജനതാ പാര്‍ട്ടിയെ പിന്തുടരുന്നുണ്ട്.