• ധര്‍മം പരമപ്രധാനമാണ്. ധര്‍മേന്ദ്ര പ്രധാനെ അതിലേക്കെത്തിച്ചു ഡല്‍ഹിയിലെ പാറ്റസമരം.

ധര്‍മം പരമപ്രധാനമാണ്. ധര്‍മേന്ദ്ര പ്രധാനെ അതിലേക്കെത്തിച്ചു ഡല്‍ഹിയിലെ പാറ്റസമരം. കോക്രോച് ജനതാപാര്‍ട്ടി ഒരു ടൂളായി എന്നേ കരുതാനാകൂ. അവര്‍ പറഞ്ഞത് തന്നെയും ബാധിക്കുന്നതാണ് എന്നാലോചിച്ചവര്‍ ആ സമരത്തിലേക്ക് ചാടിയിറങ്ങി എന്നതാണ് സത്യം. ഡല്‍ഹിയില്‍ തുടങ്ങി മഹാനഗരങ്ങളും ചെറുനഗരങ്ങളും കടന്ന് അത് ഇന്ത്യയെന്ന വിശാല ജനാധിപത്യരാജ്യത്തിന്റെ സിരകളില്‍ ലയിച്ചെങ്കില്‍, സ്ഥാനത്യാഗമല്ലാതെ മന്ത്രിക്കെന്ത് വഴി? പ്രധാനെ ത്യജിക്കുകയല്ലാതെ ടീം മോദിക്ക് മറ്റെന്ത് സാധ്യത?

ആരാണ് ജയിച്ചത്?

രാജ്യംതന്നെയെന്ന് പറയണം. ഒന്നിനുപിറകെ ഒന്നായി പരീക്ഷകള്‍ പരീക്ഷണങ്ങളും പരാജയങ്ങളുമായപ്പോള്‍, ആത്മവിശ്വാസം നഷ്ടപ്പെട്ട, പ്രതീക്ഷ പോയ മനുഷ്യരുടെ എണ്ണമെത്രയാണ്? പോളിങ് ബൂത്തില്‍ കാത്തുനിന്ന് വിരലില്‍ മഷിപുരട്ടി ചെയ്യുന്ന ആ മഹാനിര്‍ണയത്തിന് ഇങ്ങനെയൊന്ന് തിരികെകിട്ടിയില്ലെങ്കില്‍ പിന്നെന്ത് ജനാധിപത്യം? രാജിയെന്നാല്‍ തോല്‍വിയെന്നല്ല, കോടതിയുടെ വിധികല്‍പനയുമല്ല. പക്ഷെ ഉത്തരവാദിത്തമാണ്. അതാദ്യമേ സംഭവിച്ചിരുന്നു എങ്കില്‍ എത്ര മഹനീയമായേനെ. പരീക്ഷാപ്പിഴവുകള്‍ക്കിടെ മനംനൊന്ത് ഒടുക്കിയ ആ ജീവനുകളില്ലേ? അതാവശ്യപ്പെടുന്നു ഈ രാജി. അതിനുമുന്നില്‍ ഇതാദ്യമല്ല പരീക്ഷ ചോര്‍ച്ച, നിങ്ങളുടെ കാലത്തും ചോര്‍ന്നില്ലേ എന്ന വാദങ്ങളൊന്നും നില്‍ക്കില്ല. താനോടിച്ച ട്രെയിന്‍ അപകടത്തില്‍പ്പെട്ട് അനേകര്‍ മരിച്ചിട്ടല്ല ലാല്‍ ബഹാദൂര്‍ ശാസ്ത്രി രാജിവച്ചത് എന്നോര്‍ക്കണം നമ്മള്‍, ഓര്‍മയില്ലാത്തവരെ ഓര്‍മിപ്പിക്കണം നമ്മള്‍. ധാര്‍മികതയൊന്നും ഒരു വിഷയമല്ലെന്ന് ചിന്തിക്കുന്ന രാഷ്ട്രീയക്കാര്‍ കൂടിയിട്ടുണ്ടാകാം, അത്തരക്കാരെ ഇനിയും കടിച്ചുണര്‍ത്തട്ടെ പാറ്റകള്‍.

അസാധാരണം, അപ്രതീക്ഷിതം: മോദി സര്‍ക്കാരിന്‍റെ ആദ്യസമ്പൂര്‍ണ കീഴടങ്ങല്‍ 

അത്ര പ്രധാനമായിരുന്നോ പ്രധാന്‍?

അതെയെന്ന് ഉത്തരം. പോള്‍ സ്ട്രാറ്റജിസ്റ്റിന്റെ ഇടപെടല്‍ വലുതെന്ന് കാണാം ബിജെപിയുടെ ജയങ്ങളില്‍. അത് സ്വന്തം നാട്ടിലെങ്കിലും ബിഹാറിലെങ്കിലും ഹരിയാനയിലെങ്കിലുമെല്ലാം. ഇനിയും വളരാന്‍ വെമ്പുന്നൊരു പാര്‍ട്ടിക്ക്, ഇതാദ്യമായി ബംഗാളും കൈപ്പിടിയിലിരിക്കെ അവരാഗ്രഹിക്കുന്നില്ല ഈ രാജി. ബിജെപിയുടെ സംഘടനാശക്തികേന്ദ്രങ്ങളോടും അടുത്തുനില്‍ക്കുന്നു പ്രധാന്‍

പിന്നെന്തിന് രാജി? പിന്നെങ്ങനെ രാജി?

അതിനുത്തരം യുവശക്തിയെന്നുകാണേണ്ടിവരും. ഇതാദ്യമായി നരേന്ദ്രമോദി യുഗത്തില്‍ ഒരു സമരത്തിന് വഴങ്ങി ഒരു കേന്ദ്രമന്ത്രി രാജിവയ്ക്കുന്നു. 2015ല്‍‌ രണ്ട് മന്ത്രിമാര്‍ക്കെതിരെ ഒരു രാജി ആവശ്യമുയര്‍ന്നപ്പോള്‍ രാജ്നാഥ് സിങ്ങ് പറഞ്ഞത് ഓര്‍മയുണ്ടോ? ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോട് അദ്ദേഹമിങ്ങനെ പറഞ്ഞു, സുഹൃത്തേ ഇത് യുപിഎ സര്‍ക്കാരല്ല, എന്‍ഡിഎ സര്‍ക്കാരാണ്. അതെ എന്‍ഡിഎ സര്‍ക്കാരില്‍ ഇങ്ങനെയൊരു ശീലമില്ല. കര്‍ഷക സമരത്തില്‍ കണ്ടില്ല, പൗരത്വപ്രക്ഷോഭത്തില്‍ കേട്ടില്ല. മറ്റൊന്നിലും സംഭവിച്ചില്ല. പക്ഷെ ഇവിടെയുണ്ടായി. കാരണം വളരെ സിംപിളാണ്. വിദ്യാര്‍ഥികളാണ്, ഇന്നത്തെ–നാളത്തെ തൊഴിലന്വേഷകരാണ് ഇവിടെ തെരുവില്‍. അവരുടെ ആശങ്ക, യുവ ഇന്ത്യയുടെ ആശങ്കയാണ്. ആ കോസിന് തെരുവില്‍ ഇറങ്ങിയ എല്ലാവരും ബിജെപി വിരുദ്ധരോ മോദി വിരുദ്ധരോ ആകണമെന്നുമില്ല. ആ കാഴ്ച, ആ തിരിച്ചറിവ് ഈ തീരുമാനത്തിന് പിന്നിലുണ്ട്.

തൊഴിലില്ലായ്മ ഒരു യാഥാര്‍ഥ്യമാണ്. അത് ഒറ്റയക്കത്തില്‍നില്‍ക്കുന്നെന്ന് സ്റ്റാറ്റിസ്റ്റിക്സ് നിങ്ങളോട് പറയുന്നുണ്ടാകും, പക്ഷെ സത്യമതല്ല. അണ്‍ എംപ്ലോയ്മെന്റുണ്ട്. പക്ഷെ അതിലും വലുതാണ് നമ്മുടെ രാജ്യത്ത അണ്ടര്‍ എംപ്ലോയ്മെന്റ്. എന്നുവച്ചാല്‍ തൊഴിലുണ്ടോ? ഉണ്ട്. അതുപക്ഷെ സ്ഥിരമാണോ? ഡിപെന്‍ഡബിള്‍ ആണോ? സങ്കീര്‍ണമാണ് ഉത്തരം. രാജ്യാന്തര രംഗത്തെ അനിശ്ചിതാവസ്ഥകളും നിര്‍മിത ബുദ്ധി ഉയര്‍ത്തുന്ന ആശങ്കയും എന്തിന് എല്‍നിനോ പോലും ഒരിന്ത്യക്കാരന്റെ ആശങ്കയാണ്.

ആ അണ്‍റെസ്റ്റ് കണ്ടില്ലെന്ന് നടിക്കുന്നത് ഇന്ന് എളുപ്പമാകും, നാളെകളിലോ?

ENGLISH SUMMARY:

This Malayalam opinion piece discusses the political fallout and moral accountability surrounding a central minister's resignation following youth-led protests over exam leaks. It analyzes how the "Cockroach Party" protests and student unrest successfully pressured the Modi administration, marking a rare instance of yielding to public agitation in the current political era. The author emphasizes that the resignation is a matter of responsibility rather than defeat, driven by the anxieties of India's youth regarding unemployment and systemic flaws. Ultimately, the text highlights that ignoring such public unrest and underemployment carries severe long-term consequences for the nation.