നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സമരമുഖത്ത് നിന്നുള്ള ആവശ്യം വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജിയാണ്. ഡല്‍ഹിയില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയും പ്രതിപക്ഷ കക്ഷികളും നടത്തുന്ന സമരങ്ങള്‍ ധര്‍മേന്ദ്രപ്രധാന് എതിരെയാണ്. പക്ഷേ ചരിത്രത്തിലേക്ക് നോക്കുമ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ സമരം നടത്തിയ വിദ്യാര്‍ഥി നേതാവായിരുന്നു ധര്‍മേന്ദ്ര പ്രധാന്‍. ഒറീസയില്‍ എബിവിപി കാലത്ത് നടത്തിയ സമരത്തില്‍ തല്ലുവാങ്ങിയ നേതാവാണ് മന്ത്രിയായപ്പോള്‍ അതേ വിഷയത്തില്‍ മുള്‍മുനയില്‍ നില്‍ക്കുന്നത്.
ചത്ത പാറ്റയുടെ ചിത്രം സ്റ്റോറിയാക്കി ആര്‍എഎഫ് ഉദ്യോഗസ്ഥ; പാറ്റകള്‍ക്ക് മരണമില്ലെന്ന് സിജെപി
കോണ്‍ഗ്രസ് നേതാവ് ജാനകി വല്ലഭ് പട്നായിക് ഒറീസ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് സമരം നടക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിയിലേക്ക് 1500 ഓളം വരുന്ന വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ മുന്‍നിരയിലുണ്ടായിരുന്നൊരാള്‍ ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനായിരുന്നു. 18-ാം വയസു മുതല്‍ എബിവിപിയിലൂടെ പ്രധാന്‍ രാഷ്ട്രീയത്തിലുണ്ട്. ഉത്കൽ സർവകലാശാലയിൽ വിദ്യാര്‍ഥിയായിരുന്ന അദ്ദേഹം 1994 നവംബർ മുതൽ 1997 വരെ രണ്ടുതവണ എബിവിപിയുടെ ദേശീയ സെക്രട്ടറിയായിരുന്നു.
1997 ലാണ് ഒറീസയില്‍ വിവാദമായ ചോദ്യപേപ്പര്‍ ചോര്‍ച്ച നടക്കുന്നത്. എബിവിപിയുടെ ദേശിയ സെക്രട്ടറി എന്ന നിലയില്‍ ഏകദേശം 1,500 വിദ്യാർത്ഥികളെ ചേര്‍ത്താണ് സെക്രട്ടേറിയറ്റിന് മുന്നിൽ ഒഡീഷ സർക്കാരിനെതിരെ പ്രതിഷേധിച്ചത്. അന്ന് സമരത്തിനു നേരെയുണ്ടായ പൊലീസ് നടപടിയില്‍ അദ്ദേഹത്തിന് ഗുരുതരമായി മർദ്ദനമേറ്റിരുന്നതായി അന്നത്തെ സഹപാഠിയെ ഉദ്ധരിച്ച് ന്യൂഇന്ത്യന്‍ എക്സ്പ്രസ് 2021 ല്‍ വാര്‍ത്ത നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് വിജയ സാധ്യതയുണ്ടായതിനാല്‍ അദ്ദേഹത്തെ ജനതാദൾ പ്രവര്‍ത്തകര്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ സമരക്കാരുടെ ആവശ്യത്തോട് മുഖം തിരിക്കുകയാണ് മന്ത്രിയായ ധർമേന്ദ്ര പ്രധാൻ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസും വിദ്യാർഥികളെ രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റുന്നു എന്നാണ് ധർമേന്ദ്ര പ്രധാന്‍റെ ആരോപണം. കഴിഞ്ഞ ദിവസം എക്സില്‍ പങ്കുവച്ച കുറിപ്പില്‍ ചർച്ചയ്ക്കായി സർക്കാർ സന്നദ്ധ അറിയിച്ച കാര്യവും അദ്ദേഹം കുറിച്ചിരുന്നു. കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാൻ പാർലമെന്റിൽ ചർച്ചയ്ക്കു സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു.