sonia-sehrawat
  • ചത്തുകിടക്കുന്ന ഒരു പാറ്റയുടെ ഫോട്ടോയുള്ള റീലാണ് സോണിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്. 'സ്വന്തം കാര്യം ശരിയാക്കാൻ കഴിയാത്തവരാണ് രാജ്യത്തെ ശരിയാക്കാൻ വന്നിരിക്കുന്നത്' എന്നും ഇതില്‍ എഴുതിയിട്ടുണ്ട്.

പാര്‍ലമെന്‍റിലേക്ക് കോക്രോച്ച് ജനതാ പാര്‍ട്ടി നടത്തിയ മാര്‍ച്ചിനു നേരെ വലിയ പൊലീസ് നടപടിയാണ് ഉണ്ടായത്. ഡല്‍ഹി പൊലീസിനൊപ്പം സമരക്കാരെ നേരിട്ടത് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ആര്‍എഎഫ്) ആണ്. സമരത്തില്‍ ആര്‍പിഎഫിനെ നയിച്ച അസിസ്റ്റന്‍റ് കമാന്‍ഡര്‍ സോണിയ ഷെഹ്റാവത്ത് ചത്ത പാറ്റയുടെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. 

ചത്തുകിടക്കുന്ന ഒരു പാറ്റയുടെ ഫോട്ടോയുള്ള റീലാണ് സോണിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്. 'സ്വന്തം കാര്യം ശരിയാക്കാൻ കഴിയാത്തവരാണ് രാജ്യത്തെ ശരിയാക്കാൻ വന്നിരിക്കുന്നത്' എന്നും ഇതില്‍ എഴുതിയിട്ടുണ്ട്. വിവാദമായതോടെ സ്റ്റോറി പിന്‍വലിച്ചിട്ടുണ്ട്. ആറു ലക്ഷം പേരാണ് സോണിയയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. അതേസമയം, സോണിയയുടെ പോസ്റ്റിന് മറുപടിയുമായി സിജെപി രംഗത്തെത്തി. പാറ്റകള്‍ക്ക് മരണമില്ലെന്നാണ് സിജെപി എക്സില്‍ കുറിച്ചത്. സോണിയയുടെ പരാമര്‍ശം 'ക്രൂരവും അനുകമ്പയില്ലാത്തതും' എന്നാണ് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം. 

സോണിയയ്ക്ക് എതിരെ മഹുവ മൊയ്ത്ര എംപി രംഗത്തെത്തി. ആരാണ് ഇവള്‍, എവിടെയാണിവള്‍ എന്നാണ് മഹുവ ചോദിക്കുന്നത്. ' പ്രതിഷേധക്കാരായ കുട്ടികളെ പാറ്റകൾ എന്ന് വിളിക്കുന്ന ആർ.എ.എഫ് അസിസ്റ്റന്റ് കമാൻഡന്റ് സോണിയ ഷെഹ്റാവത്തിന്റെ ഇൻസ്റ്റാഗ്രാമിലെ പ്രൊഫൈൽ. ആരാണ് അവൾ, എവിടെയാണ് അവൾ താമസിക്കുന്നത്, എന്താണ് അവളുടെ റെക്കോർഡ് എന്ന് നമുക്ക് കണ്ടെത്താം' എന്നാണ് മഹുവ എഴുതിയത്. 

സോണിയയുടെ പോസ്റ്റ് ആർ‌എ‌എഫിലെയും സി‌ആർ‌പി‌എഫിലെയും ഉദ്യോഗസ്ഥർക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് വിവരം. പോസ്റ്റുകൾ സേനകൾക്ക് ചീത്തപ്പേരുണ്ടാക്കുന്നുവെന്ന് സി‌ആർ‌പി‌എഫ് ഉദ്യോഗസ്ഥൻ ദ് പ്രിന്റിനോട് പറഞ്ഞു. സംഘര്‍ഷത്തില്‍ നെയിം പ്ലേറ്റ് ധരിക്കാതെ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് സേനാംഗങ്ങള്‍ എത്തിയത് വലിയ വിമര്‍ശനം നേരിട്ടിരുന്നു. ഇതിനെ സോണിയ ഷെഹ്റാവത്ത് ന്യായീകരിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ആര്‍എഎഫ് പെല്ലറ്റ് തോക്കും ഷോക്ക് ലാത്തിയും ഉപയോഗിച്ചതായും വിവരമുണ്ട്. പെല്ലറ്റ് തോക്കിൽ പരിക്കേറ്റൊരാള്‍ ഡല്‍ഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. ഷോക്ക് ലാത്തി ഉപയോഗിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. 

ENGLISH SUMMARY:

Assistant Commandant Sonia Sehrawat of the Rapid Action Force (RAF) faced severe backlash after posting a dead cockroach reel on Instagram mocking a march by the Cockroach Janata Party (CJP) to Parliament. The controversial story, captioned with a dig at protesters, drew widespread criticism from social media users and prompted MP Mahua Moitra to publicly question the officer's conduct and background.