കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സോനം വാങ്ചുക്കിന്റെ നിരാഹാര സമരം ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ സമരവേദിയിൽ നാടകീയ രംഗങ്ങൾ. ആരോഗ്യനില വഷളായതിനെ തുടർന്ന് സോനം വാങ്ചുക്കിനെ ഡൽഹി പൊലീസും ദ്രുതകർമ്മ സേനയും ചേർന്ന് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി.
കോടതി നിർദേശപ്രകാരം പരിശോധനയ്ക്കായി എത്തിയ ഡോക്ടർമാരുടെ സംഘത്തെ പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് പൊലീസ് ഇടപെടൽ ഉണ്ടായത്. സ്വന്തം ഡോക്ടർമാരുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധന അനുവദിക്കൂ എന്ന് പ്രവർത്തകർ നിലപാടെടുത്തു. തുടർന്ന് വേദി പൂർണമായും വെള്ളത്തുണികൊണ്ട് മറച്ച ശേഷമാണ് സോനം വാങ്ചുക്കിനെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പൊലീസിന്റെ അപ്രതീക്ഷിത നീക്കത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ രംഗത്തെത്തി. സമാധാനപരമായി നടന്നിരുന്ന സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു.
വരും ദിവസങ്ങളിൽ പാർലമെന്റിലേക്ക് ഉൾപ്പെടെ വലിയ രീതിയിലുള്ള പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ ഇരിക്കെയാണ് പൊലീസിന്റെ ഈ അപ്രതീക്ഷിത നടപടി ഉണ്ടായിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ പ്രതിഷേധിച്ചാണ് സമരം നടക്കുന്നത്. സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പ്രവർത്തകർ. ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.