പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മറ്റൊരു വിദേശയാത്ര കൂടി കോൺഗ്രസിന് തിരിച്ചടിയാവുകയും ബിജെപിക്ക് ആശ്വാസമാവുകയും ചെയ്തിരിക്കുകയാണ്. രാഹുലിന്‍റെ വിദേശയാത്രകൾ കോൺഗ്രസിന് പുത്തരിയല്ലെങ്കിലും, ഈ യാത്രയുടെ സമയക്രമമാണ് പാർട്ടിയിൽ തന്നെ ചോദ്യങ്ങൾ ഉയർത്തുന്നത്. രാഹുൽ ഗാന്ധിയുടെ അസാന്നിധ്യംകൊണ്ട് മൂന്ന് പ്രധാനപ്പെട്ട വിഷയങ്ങളിലാണ് കോൺഗ്രസിന് മുൻതൂക്കം നഷ്ടമായത്.
1. അയോധ്യ ധനസമാഹരണ തട്ടിപ്പ് കേസ്: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപിയുടെ ഹിന്ദുത്വ പ്രതിച്ഛായയെ ചോദ്യം ചെയ്യാൻ കോൺഗ്രസിന് ലഭിച്ച ഏറ്റവും വലിയ രാഷ്ട്രീയ അവസരമായിരുന്നു അയോധ്യ ധനസമാഹരണ തട്ടിപ്പ് കേസ്. കോൺഗ്രസ് രാജ്യത്തുടനീളം വാർത്താ സമ്മേളനങ്ങൾ നടത്തിയെങ്കിലും രാഹുൽ ഗാന്ധി നായകസ്ഥാനത്ത് ഉണ്ടായിരുന്നില്ല. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ പൊലീസ് തടഞ്ഞുവച്ചിട്ടുപോലും പ്രതികരണമുണ്ടായില്ല. മുതിര്‍ന്ന സംഘപരിവാര്‍ നേതാക്കള്‍ പ്രതിസ്ഥാനത്തുള്ള വൈകാരിക വിഷയമായിട്ടുപോലും അനക്കമില്ല. ഈ രാഷ്ട്രീയ അവസരം കുറച്ചെങ്കിലും മുതലെടുത്തത് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവാണ്.
2. എഥനോൾ ബ്ലെൻഡിങ് വിഷയം: പ്രതിപക്ഷം വലിയ രീതിയിൽ ഉയർത്തിക്കൊണ്ടുവരേണ്ടിയിരുന്ന എഥനോൾ ബ്ലെൻഡിങ് വിഷയത്തിലും കോൺഗ്രസിന് മേൽക്കൈ നഷ്ടമായി. കോൺഗ്രസ് ഈ വിഷയം ഉന്നയിച്ചെങ്കിലും രാഹുലിന്‍റെ അസാന്നിധ്യത്തിൽ അതിന്‍റെ ആവേശം ചോർന്നുപോയി. പകരം തെഹ്‌സീൻ പൂനവാലയെപ്പോലുള്ളവരും പ്രമുഖ യൂട്യൂബർമാരുമാണ് ഈ വിഷയം ജനങ്ങളിലെത്തിച്ചത്.
3. ചോദ്യപേപ്പർ ചോർച്ച വിവാദം: രാജ്യത്തെ യുവാക്കളെയും പുതിയ വോട്ടർമാരെയും കോൺഗ്രസിലേക്ക് ആകർഷിക്കാൻ കഴിയുമായിരുന്ന വലിയൊരു വിഷയമായിരുന്നു ചോദ്യപേപ്പർ ചോർച്ച. ഇക്കാര്യത്തില്‍ എക്സ് വഴിയുള്ള പ്രതികരണമാണ് രാഹുല്‍ കൂടുതലും നടത്തിയത്. തുടര്‍ന്ന് ദേശവ്യാപകമായി വിദ്യാര്‍ഥികളെ കാണാനും പദ്ധതിയിട്ടിരുന്നു. ജയ്പുരില്‍ ‘ഛാത്രോം കീ ഗൂഞ്ച്’ എന്ന വിദ്യാര്‍ഥിസമ്മേളനം വിളിച്ചുചേര്‍ക്കുകയും ചെയ്തു. എന്നാല്‍ അതിനുശേഷം രാഹുല്‍ യാത്രയിലായതോടെ വലിയ ഇടവേള വന്നു. ഇതോടെ വിഷയത്തിന്‍റെ ശ്രദ്ധ മുഴുവൻ സോനം വാങ്ചുക്കും അഭിജീത് ദിപ്കെയും ഉള്‍പ്പെടെയുള്ളവരില്‍ മാത്രം ഒതുങ്ങുകയും ചെയ്തു.
പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി എവിടെയാണെന്ന് വെളിപ്പെടുത്താതെ എങ്ങോട്ടാണ് അപ്രത്യക്ഷനാകുന്നതെന്ന് ബിജെപി ചോദിക്കുന്നു. ഉയർന്ന സുരക്ഷാ ഭീഷണിയുള്ള ഒരാൾ ആരെയും അറിയിക്കാതെ യാത്ര ചെയ്യുന്നത് തെറ്റാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ മുൻപ് പാർലമെന്‍റില്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളെ നിരന്തരം ലക്ഷ്യമിടുന്ന കോൺഗ്രസ്, സ്വന്തം നേതാവിന്‍റെ അസാന്നിധ്യത്തിൽ മൗനം പാലിക്കുകയാണ്.