ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് നസറുദ്ദീന്‍ ഷാ. കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (SRFTI) അഡ്മിനിസ്ട്രേഷനും വിദ്യാർഥികളും തമ്മിലുണ്ടായ തര്‍ക്കങ്ങളില്‍ ബിജെപി അനുകൂല അഡ്മിനിസ്ട്രേഷന് സ്വീകരിക്കുന്ന നടപടികളെ വിമര്‍ശിച്ചാണ് ഷാ രംഗത്തുവന്നിരിക്കുന്നത്.
തങ്ങളുടെ വിശ്വാസങ്ങളെയും നയങ്ങളെയും എതിർക്കുന്നവർക്കെതിരെ ബി.ജെ.പി പ്രതികാരം വീട്ടുകയാണെന്ന് നസീറുദ്ദീൻ ഷാ കുറ്റപ്പെടുത്തി. "ബംഗാൾ തിരഞ്ഞെടുപ്പിലെ തന്ത്രപരമായ വിജയത്തിന് ശേഷം, തങ്ങളെ എതിർക്കുന്നവരോട് ബി.ജെ.പി പകപോക്കുകയാണ്. ഈ പകപോക്കലിന്റെ ഒടുവിലത്തെ ഇരകളാണ് സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ," എന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.
ഭരണകൂടത്തിൽ നിന്ന് സുതാര്യതയും ഉത്തരവാദിത്തവും ആവശ്യപ്പെട്ട വിദ്യാർഥികൾക്ക് നേരെ കടുത്ത നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. വിദ്യാർഥികൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും, നിരീക്ഷണത്തിലാക്കുകയും, ഭീഷണിപ്പെടുത്തുകയും, ഒടുവിൽ ഹോസ്റ്റലുകളിൽ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നാണംകെട്ട രാഷ്ട്രീയ പ്രചാരണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ബി.ജെ.പി, രാജ്യത്തെ ഭാവി ചലച്ചിത്രപ്രവർത്തകരെ ഭയപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്ന് നസീറുദ്ദീൻ ഷാ ആരോപിച്ചു. എന്നാൽ ഈ ശ്രമങ്ങൾ വിജയിക്കില്ലെന്നും, ഭാവിയിൽ രാജ്യത്തിന്റെ യഥാർഥ അവസ്ഥ വിളിച്ചോതാൻ പോകുന്ന ഈ യുവ പ്രതിഭകൾക്ക് പിന്തുണയുമായി എല്ലാ നിഷ്പക്ഷ പൗരന്മാരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (SRFTI) ക്യാമ്പസിലെ അക്രമസംഭവങ്ങളെയും വിദ്യാർഥിവിരുദ്ധ സമീപനം സ്വീകരിക്കുന്ന വൈസ് ചാൻസലർ സന്തോഷ് അജ്മേറയുടെ രാജിയും ആവശ്യപ്പെട്ട് വിദ്യാർഥികൾ ക്ലാസുകൾ ഉപരോധിച്ച് അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുകയാണ്. സമരത്തിനിടെ വി.സിക്ക് നേരെ അതിക്രമം കാട്ടിയെന്നാരോപിച്ച് 6 വിദ്യാർഥികളെ രണ്ട് സെമസ്റ്ററിലേക്ക് പുറത്താക്കുകയും നിരവധി പേർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകുകയും ചെയ്തു. സമരം ശക്തമായതോടെ അക്കാദമിക് പ്രവർത്തനങ്ങൾ നിർത്തിവെച്ച് 24 മണിക്കൂറിനകം ഹോസ്റ്റലുകൾ ഒഴിഞ്ഞ് പോകാൻ അഡ്മിനിസ്ട്രേഷന് ഉത്തരവിട്ടു. തുടർന്ന് കുടിവെള്ള വിതരണവും മെസ് സൗകര്യങ്ങളും തടസ്സപ്പെടുത്തുകയും ചെയ്തു. ഇതോടെ അഡ്മിനിസ്ട്രേഷനും വിദ്യാർഥികളും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്.