പുനഃസംഘടനയ്ക്ക് പിന്നാലെ പഞ്ചാബ് കോൺഗ്രസ് പിളർപ്പിലേക്കെന്ന് സൂചന. ഹൈക്കമാൻഡിനു വഴങ്ങാതെ ചരൺജിത് ഛന്നി പക്ഷം. ഹൈക്കമാൻഡ് അയച്ച സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഭൂപേഷ് ബഗലുമായി ഛന്നി ഇതുവരെ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. പിസിസി അധ്യക്ഷൻ അമരിന്ദർ വാറിങിനെ മാറ്റണമെന്നാണ് ആവശ്യം. ഛന്നി പക്ഷ നേതാക്കൾ ബിജെപിയുമായി ആശയവിനിമയം നടത്തുന്നതായാണ് വിവരം.

ഛന്നി ഡൽഹിക്ക് പുറപ്പെട്ടതായാണ് വിവരം. ആവർത്തിച്ച് ശക്തി പ്രകടനം നടത്തുന്ന ചില നേതാക്കൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കാമെന്ന അഭിപ്രായം ഛന്നിയെ അറിയിച്ചെങ്കിലും വഴങ്ങേണ്ടതില്ലെന്ന മറുപടിയാണ് ലഭിച്ചത്. എംപി സുഖ്ജീന്ദർ രൺധാവ, എംഎൽഎമാരായ ബരീന്ദർമീത് സിങ് പഹ്‌റ, പർഗത് സിങ്, ത്രിപ്ത് ബജ്‌വ, മുൻ മന്ത്രി ഭരത് ഭൂഷൺ ആഷു, തിരഞ്ഞെടുപ്പ് കമ്മിറ്റി നേതാക്കളായ റസിയ സുൽത്താന, മുൻ എംഎൽഎ കുശാൽദീപ് സിങ് ധില്ലൺ തുടങ്ങിയവരാണ് ഛന്നി പക്ഷത്തുള്ളത്.

പഞ്ചാബിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഭൂപേഷ് ബാഗേലിന്റെ സന്ദർശനത്തിന് മുന്നോടിയായി വാറിങിനെ എതിർക്കുന്ന മുതിർന്ന നേതാക്കൾ ഒന്നിച്ചതോടെ ഭിന്നത രൂക്ഷമായത്. രാവിലെ മൊഹാലിയിൽ യോഗം ചേർന്ന നേതാക്കള്‍ വാറിങിന്റെ നേതൃത്വത്തിലുള്ള എല്ലാ പരിപാടികളും ബഹിഷ്‌കരിക്കാനും നേതൃമാറ്റത്തിനായി ഹൈക്കമാൻഡിനുമേൽ സമ്മർദ്ദം ചെലുത്താനും തീരുമാനിച്ചു. പാർട്ടിയുടെ കോർ ചെയർമാനായി നിയമിതനായ മുൻ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവയും യോഗത്തില്‍ പങ്കെടുത്തിരുന്നു. 

ENGLISH SUMMARY:

Punjab Congress is heading towards a split following a reorganization, with the faction led by Charanjit Singh Channi reportedly refusing to bow to the High Command. This internal discord intensifies as Channi's supporters demand the removal of PCC President Amarinder Warring and are allegedly in communication with the BJP.