bjp-corruption

അരുണാചല്‍ മുഖ്യമന്ത്രിക്ക് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരെയും അഴിമതി ആരോപണം ഉയര്‍ന്നതോടെ ബിജെപി പരുങ്ങലില്‍. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ കോടികള്‍ സമ്പാദിച്ചെന്ന ആരോപണം നേരിടുന്ന മുഖ്യമന്ത്രിമാരെ തള്ളാനും കൊള്ളാനും വയ്യാത്ത സ്ഥിതിയിലാണ് പാര്‍ട്ടി. അയോധ്യ സംഭാവനത്തട്ടിപ്പ്  സജീവചര്‍ച്ചയായിരിക്കെയാണ് മുഖ്യമന്ത്രിമാരുടെ അഴിമതിക്കഥകള്‍ ബിജെപിക്ക് തലവേദനയാവുന്നത്.

ബിജെപി ഭരണം അഴിമതിമുക്തമായിരിക്കും എന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തം പാര്‍ട്ടിക്കാരുടെ അഴിമതിക്കഥകള്‍ വെല്ലുവിളിയാകുന്നു. മധ്യപ്രദേശ് സര്‍ക്കാര്‍ വമ്പന്‍ വികസനപദ്ധതികള്‍ നടപ്പാക്കുന്ന ഉജ്ജയിനില്‍ മുഖ്യമന്ത്രി മോഹന്‍യാദവും കുടുംബവും വാങ്ങിക്കൂട്ടിയത് 168ഏക്കര്‍ ഭൂമി. യാദവ് മുഖ്യമന്ത്രിയായത് മുതല്‍ ഇതുവരെ അദ്ദേഹത്തിന്‍റെ കുടുംബം വിവിധയിടങ്ങളിലായി വാങ്ങിക്കൂട്ടിയത് 253 ഏക്കര്‍ ഭൂമിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉജ്ജെയ്ന്‍ മാസ്റ്റര്‍ പ്ലാനിലെ കണ്ണായ ഭൂമിയാണ് ഏറെയും. കൃഷി ഭൂമി തരംമാറ്റി വ്യാവസായിക ആവശ്യത്തിന് ഉപയാഗിക്കാനുള്ള ഉത്തരവും പിന്നാലെയെത്തി.

സര്‍ക്കാര്‍ കരാറുകള്‍ ബന്ധുക്കള്‍ക്കും അടുപ്പക്കാര്‍ക്കും നല്‍കി എന്നതില്‍ സിബിഐ അന്വേഷണം നേരിടുകയാണ് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡു. 1270 കോടിയുടെ അഴിമതി ആരോപണമാണ് ഖണ്ഡുവിനെതിരെ ഉയര്‍ന്നത്. ‍ടെന്‍ഡര്‍ വ്യവസ്ഥകള്‍ ലംഘിച്ച് മുഖ്യമന്ത്രിയുടെ ഭാര്യയുടെയും ബന്ധിക്കളുടെയും കമ്പനികള്‍ക്ക് കരാര്‍ നല്‍കി എന്നതാണ് കേസ്. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സിബിഐ അന്വേഷണം. കോടതി ഉത്തരവിന് ശേഷവും പേമ ഖണ്ഡുവിനെ സംരക്ഷിക്കുകയായിരുന്നു ബിജെപി. ഭരണകക്ഷിയുടെ അഴിമതിവിരുദ്ധ മുഖംമൂടി അഴിഞ്ഞുവീണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ENGLISH SUMMARY:

Corruption allegations against Chief Ministers of Madhya Pradesh and Arunachal Pradesh are causing trouble for the BJP party. Amidst active discussions on the Ayodhya donation fraud, these corruption stories of CMs are proving to be a headache for the BJP.