Image: Manorama

Image: Manorama

ഇന്ത്യാസഖ്യം വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരെ കടന്നാക്രമണം നടത്തി ഡിഎംകെ. രാഹുല്‍ ഭൂലോക തമാശയാണെന്നും പ്രതിപക്ഷ ഐക്യം തകര്‍ത്തതും രാഹുലാണെന്നും രൂക്ഷമായ ഭാഷയില്‍ ഡിഎംകെ വിമര്‍ശിച്ചു. തമിഴ്നാട്ടിലും ഇന്ത്യാസഖ്യത്തിലും കോണ്‍ഗ്രസ് കൈക്കൊണ്ട നിലപാടിനെ ദയലേശമില്ലാത്ത ഭാഷയിലാണ് ഡിഎംകെ മുഖപത്രമായ 'മുരശൊലി'യില്‍ വിമര്‍ശിച്ചത്. 

'രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി പിട‍ഞ്ഞ കോണ്‍ഗ്രസിനെ ഡിഎംകെയാണ് പിന്തുണച്ചതും തോളിലേറ്റിയതും. പക്ഷേ പുതിയ തിളക്കമേറിയ കളിപ്പാട്ടം കണ്ടതും അവര്‍ മറുകണ്ടം ചാടി' എന്നാണ് വിമര്‍ശനം. പ്രതിപക്ഷ കക്ഷികളില്‍ ഭിന്നതയുണ്ടാക്കിയതുമെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. 

തമിഴ്നാട് നിയമസഭാ തിര‍ഞ്ഞെടുപ്പിന് പിന്നാലെയാണ് കോണ്‍ഗ്രസ് –ഡിഎംകെ സഖ്യമിടഞ്ഞത്. ഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായി തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ വിജയിച്ചു. പിന്നാലെ വിജയ്​യുടെ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും സര്‍ക്കാര്‍ രൂപീകരണത്തില്‍ പങ്കാളിയാകുകയുമായിരുന്നു. ഇതോടെ ഇന്ത്യാ സഖ്യത്തിലും വിള്ളല്‍ വീണു. 

ഇന്ത്യ സഖ്യം തകര്‍ത്തത് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയുമാണെന്നും വിവിധ സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കാന്‍ സഖ്യത്തിന് വിരുദ്ധമായി കോണ്‍ഗ്രസും രാഹുലും പ്രവര്‍ത്തിച്ചുവെന്നും ബിജെപിയാണ് മുഖ്യശത്രുവെന്നത് പോലും വിസ്മരിച്ച് സഖ്യകക്ഷികള്‍ക്കെതിരെ മല്‍സരിച്ചുവെന്നും രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയെന്നും ലേഖനം പറയുന്നു. ഇനി പ്രതിപക്ഷ ഐക്യത്തെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് എന്ത് അര്‍ഹതയാണുള്ളതെന്നും ലേഖനം ചോദ്യമുയര്‍ത്തുന്നു. ഇടതുപാര്‍ട്ടികള്‍, സമാജ്​വാദി പാര്‍ട്ടിയടക്കമുള്ള മറ്റുവര്‍ വിവിധ സമയങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ നിലപാട് സഖ്യത്തിലുണ്ടാക്കിയ വിള്ളലുകളെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങളും ഡിഎംകെ ചൂണ്ടിക്കാന്നുണ്ട്. 

തമിഴ്നാട്ടില്‍ കടുത്ത രാഷ്ട്രീയവഞ്ചനയാണ് കോണ്‍ഗ്രസ് നടത്തിയതെന്നും ഇത് ഹൈക്കമാന്‍ഡിന്‍റെ അറിവും സമ്മതത്തോടും കൂടിയാണെന്നത് ഞെട്ടിച്ചുവെന്നും ഡിഎംകെ തുറന്നടിച്ചു. ഇനിയൊരിക്കലും കോണ്‍ഗ്രസിനെ വിശ്വസിക്കാനില്ലെന്നും രാഹുലിന്‍റെ രാഷ്ട്രീയ പക്വതയില്ലായ്മയ്ക്ക് കൊടുക്കേണ്ടി വരുന്ന വില വലിയതാണെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. ഐക്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചപ്പോള്‍ അമൃതിന് പകരം വിഷം കടഞ്ഞെടുത്തതിന് ഉത്തരവാദി കോണ്‍ഗ്രസാണെന്ന് കുറ്റപ്പെടുത്തിയാണ് ലേഖനം അവസാനിക്കുന്നത്. 

അതേസമയം, മുരശൊലിയിലൂടെ ഡിഎംകെ ഉയര്‍ത്തിയ രാഷ്ട്രീയ വിമര്‍ശനങ്ങളോട് കോണ്‍ഗ്രസ് ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആരോപണങ്ങള്‍ തള്ളിയ സംസ്ഥാന നേതാക്കള്‍ 'ജനവിധിയെ മാനിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്' എന്ന മറുപടിയാണ് നല്‍കിയത്. ഡിഎംകെയോ ഇന്ത്യാ സഖ്യത്തെയോ കോണ്‍ഗ്രസ് വഞ്ചിച്ചിട്ടില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. 

ENGLISH SUMMARY:

The Dravida Munnetra Kazhagam (DMK) has launched an unprecedented, scathing attack against the Congress party and Leader of the Opposition Rahul Gandhi following the dramatic collapse of the INDIA bloc. An editorial published in the DMK’s official mouthpiece, Murasoli, fiercely labeled Gandhi a "global joke" and squarely blamed his lack of political maturity for sabotaging national opposition unity. The regional ruling party stated that it had consistently carried a struggling Congress on its shoulders for political survival, only for the national party to shift allegiances the moment a flashier political alternative emerged. This major fallout was triggered after the Tamil Nadu Assembly elections, where the Congress won five seats under the DMK alliance but immediately pivoted to support actor Vijay’s TVK party to join the new government. The editorial further accused Gandhi of prioritizing local power over the collective fight against the BJP, leaving secular allies isolated across multiple states. While the Congress high command has maintained a strategic silence, state leaders have downplayed the betrayal, claiming their post-poll alignment merely respects the democratic mandate of the people.