sayoni-ghosh

കോട്ടണ്‍ സാരിയും ചെറിയ പൊട്ടും ലളിതമായി കെട്ടിവെച്ച മുടിയും, വേഷത്തില്‍ പോലും മമതയെ അനുകരിച്ചിരുന്ന ആളാണ് തൃണമൂല്‍ എം.പി സയോണി ഘോഷ്. തൃണമൂല്‍ കോണ്‍ഗ്രസില്‍ വിമത പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ മമത ലുക്കില്‍ നിന്നുള്ള സയോണിയുടെ മാറ്റവും ചര്‍ച്ചയായിട്ടുണ്ട്. പുത്തന്‍ ഹെയര്‍ സ്റ്റൈലില്‍ പാന്‍സും ടി-ഷർട്ടും കുർത്തികളും സ്നീക്കേഴ്സുമാണ് സയോണിയുടെ പുതിയ ലുക്ക്. 

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് സയോണി മമതയുടെ വസ്ത്രധാരണം കോപ്പി ചെയ്തു തുടങ്ങിയത്. താൻ ഏത് നേതാവിന്റെ പാർട്ടിയെയാണോ പ്രതിനിധീകരിക്കുന്നത്, അതുപോലെ കാണപ്പെടാനാണ് ആഗ്രഹിക്കുന്നതെന്നാണ് സയോണി നേരത്തെ പറഞ്ഞിരുന്നത്. മമതയുടെ ലാളിത്യം തന്റെ ജീവിതരീതിയെയും രൂപത്തെയും ക്രമേണ സ്വാധീനിച്ചിട്ടുണ്ടെന്നും സയോണി പറഞ്ഞിരുന്നു. 'യഥാര്‍ഥ തൃണമൂല്‍' എന്നവകാശപ്പെടുന്ന വിമത ഗ്രൂപ്പില്‍ സയോണിയും ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 

എന്നാല്‍ ഈ ചോദ്യത്തോട് സയോണി കൃത്യമായ ഉത്തരം നല്‍കിയില്ല. ശരിയായ സമയത്ത് മാത്രമെ പ്രതികരിക്കൂ എന്നാണ് സയോണി ഘോഷ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ സയോണിയോട് പാര്‍ട്ടി കൂറിനെ പറ്റിയാണ് മാധ്യമങ്ങള്‍ ചോദിച്ചത്. 'ഇപ്പോഴൊന്നും പറയില്ല, കൃത്യ സമയത്ത് മറുപടി പറയും' എന്നാണ് സയോണി മാധ്യമങ്ങളോട് പറഞ്ഞത്. വീണ്ടും ചോദിച്ചപ്പോള്‍ മണ്ഡലത്തിലെ ജനങ്ങളോട് മാത്രമെ പ്രതികരിക്കൂ എന്നും സയോണി വ്യക്തമാക്കി. 

അതേസമയം, പാര്‍ട്ടിയുടെ യുവജന വിഭാഗം അധ്യക്ഷയായിരുന്ന സയോണിയെ മമത മാറ്റി. അര്‍നബ് ബാനര്‍ജിയാണ് പുതിയ അധ്യക്ഷന്‍. വനിതാ വിഭാഗം അധ്യക്ഷയായ കൊല്‍ക്കത്ത ദക്ഷിണ്‍ എംപി മലാ റോയിയെയും തല്‍സ്ഥാനത്തു നിന്നും നീക്കിയിട്ടുണ്ട്. കാളിഗഞ്ച് എംഎല്‍എയായ അലിഫ അഹമ്മദാണ് പുതിയ അധ്യക്ഷ. വിമത എം.പിമാർ തിങ്കളാഴ്ച ലോക്സഭാ സ്പീക്കർ ഓം ബിർളയെ കാണാൻ പദ്ധതിയിടുന്നതായാണ് വിവരം. യഥാര്‍ഥ ടിഎംസി തങ്ങളാണെന്ന കത്ത് വിമതര്‍ സ്പീക്കര്‍ക്ക് കൈമാറും. തൃണമൂലിന്‍റെ 28 ലോക്‌സഭാംഗങ്ങളിൽ 20 പേർ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നാണ് വിമത വിഭാഗം അറിയിച്ചു.

ENGLISH SUMMARY:

Trinamool Congress MP Saayoni Ghosh has sparked intense political speculation by completely shedding her signature Mamata Banerjee-inspired attire in favor of a modern western look. For the past two years, Ghosh had meticulously copied the West Bengal Chief Minister's simple style, sporting cotton sarees, a traditional bindi, and closely tied hair to visually align herself with the party's top leadership. However, amid a massive internal rebellion within the TMC, the young politician was recently spotted at the Delhi airport wearing jeans, a casual t-shirt, and sneakers. When repeatedly questioned by media personnel in the national capital about her changing party loyalty, Ghosh maintained a guarded stance and stated she would only give an official response at the right time. This dramatic stylistic shift coincides with Mamata Banerjee cracking the whip by removing Ghosh from her high-profile post as the TMC Youth Wing President and replacing her with Arnab Banerjee. The unfolding crisis runs much deeper as a powerful rebel faction, claiming to be the "real TMC" with the backing of twenty out of twenty-eight Lok Sabha MPs, is now scheduled to formally meet Speaker Om Birla on Monday.