തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്കെതിരെ പടയൊരുക്കം ശക്തം. അഭിഷേകിനെതിരായ പരാതികള്‍ മുഖവിലയ്ക്ക് എടുക്കണം എന്ന് മുതിര്‍ന്ന എം.പി സൗഗത റോയ് ആവശ്യപ്പെട്ടു. ലോക്സഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കണം എന്നാവശ്യപ്പെട്ട 19 എം.പിമാരുടെ വിവരങ്ങള്‍ പുറത്തുവന്നു. ഭീഷണിപ്പെടുത്തിയാണ് എം.പിമാരെ ബി.ജെ.പി വലയിലാക്കുന്നതെന്ന് കീര്‍ത്തി ആസാദ് ആരോപിച്ചു.
പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നവരെ കേള്‍ക്കാനും പരാതികള്‍ പരിഹരിക്കാനും മമത ബാനര്‍ജി തയാറാവണം എന്ന് സൗഗത റോയ്. അഭിഷേക് ബാനര്‍ജിയുടെ ഇടപെടലില്‍ നേതാക്കള്‍ക്കു പോലും അതൃപ്തിയുണ്ട്. വിമത എം.പിമാരുമായി മമത സംസാരിക്കണം എന്നും സൗഗത റോയ് പറഞ്ഞു. പാര്‍ട്ടി വിടുമോ എന്ന ചോദ്യത്തിന് നിലവില്‍ മമത ബാനര്‍ജിക്ക് ഒപ്പമാണ് എന്നായിരുന്നു മറുപടി. മുതിര്‍ന്ന നേതാവ് കല്യാണ്‍ ബാനര്‍ജി, അഭിഷേക് ബാനര്‍ജിക്കെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് സൗഗത റോയിയുടെ പ്രതികരണം. അതേസമയം കല്യാണ്‍ ബാനര്‍ജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ടി.എം.സി എം.പി കീര്‍ത്തി ആസാദ് പറഞ്ഞു. ബി.ജെ.പി. നേതാവ് നിഷികാന്ത് ദുബെയുടെ നേതൃത്വത്തില്‍ എം.പിമാരെ ഭീഷണിപ്പെടുത്തുകയാണ് എന്നും കീര്‍ത്തി ആസാദ്.
പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് വിമതര്‍ലോ ക്സഭ സ്പീക്കര്‍ക്ക് നല്‍കിയ കത്തിന്‍റെ പകര്‍പ്പ് പുറത്തുവന്നു. യൂസഫ് പത്താന്‍, സയോനി ഘോഷ്, മിതാലി ബാഗ്, ഖലിലുല്‍ റഹ്മാന്‍ എന്നിവരും ഒപ്പുവച്ചിട്ടുണ്ട്. അതിനിടെ ഡല്‍ഹിയിലെ ടി.എം.സി ഓഫിസ് താഴിട്ടുപൂട്ടി. വിമത എം.പി പാര്‍ഥ ഭൗമിക്കിന്‍റെ വസതിയാണ് പാര്‍ട്ടി ഓഫിസായി ഉപയോഗിച്ചിരുന്നത്. ഫ്ലക്സുകളും പതാകയും രാജ്യസഭ എം.പി നദീമുള്‍ ഹഖിന്‍റെ വസതിയില്‍ സ്ഥാപിച്ചു.