Untitled design - 1

രാജ്യസഭാ നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മീനാക്ഷി നടരാജന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പു പ്രക്രിയയില്‍ കോടതി ഇടപെടുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്ന് കോടതി നിരീക്ഷിച്ചു. മീനാക്ഷി നടരാജന് തിരഞ്ഞെടുപ്പു ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാം. റിട്ടേണിങ് ഓഫീസറുടെ നടപടി തെറ്റാവുമ്പോള്‍ കോടതി ഇടപെടണമെന്ന് മീനാക്ഷി നടരാജനായി ഹാജരായ അഭിഷേക് സിങ്‌വി വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.  സുപ്രീംകോടതി ഉത്തരവിനു പിന്നാലെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. രാജവ്യാപക പ്രതിഷേധത്തിനാണ് നീക്കം. അതേസമയം പോരാട്ടം തുട‌രുമെന്നും , തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിട്ടുവീഴ്ച ചെയ്തെന്നും 

മീനാക്ഷി നടരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു

 

തിരഞ്ഞെടുപ്പു നടപടികൾ സ്റ്റേ ചെയ്യണമെന്നും ഫലപ്രഖ്യാപനം തടയണമെന്നുമുള്ള ആവശ്യം സുപ്രീം കോടതി ഇന്നലെ നിരസിച്ചിരുന്നു. ഇതിനു പിന്നാലെ, മധ്യപ്രദേശിലെ 3 സീറ്റിലും ബിജെപി എതിരില്ലാതെ ജയിച്ചതായി റിട്ടേണിങ് ഓഫിസർ പ്രഖ്യാപനവും നടത്തിയിരുന്നു

 

തെലങ്കാന കോടതിയിൽ നിലനിൽക്കുന്ന ക്രിമിനൽ കേസിന്റെ വിശദാംശങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്ന് ബിജെപി സ്ഥാനാർഥി മഹേഷ് കേവത് നൽകിയ പരാതിയിലാണ് മീനാക്ഷി നടരാജന്റെ പത്രിക മധ്യപ്രദേശിലെ റിട്ടേണിങ് ഓഫിസർ തള്ളിയത്. എന്നാൽ, തെലങ്കാന കോടതിയിൽനിന്നു കാരണം കാണിക്കൽ നോട്ടിസ് മാത്രമാണു ലഭിച്ചതെന്നും കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാണു കോൺഗ്രസ് വാദം. 

 

തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാതിരുന്നതിനാലാണ് സുപ്രീം കോടതിയെ സമീപിച്ചത്.രാജ്യസഭയിലേക്ക് ഒഴിവു വന്ന 27 സീറ്റിൽ 24ലും സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. ഇതിൽ 19 സീറ്റ് എൻഡിഎക്കും 5 സീറ്റ് കോൺഗ്രസിനുമാണ്. ജാർഖണ്ഡിലെ 2 സീറ്റിലേക്കും മിസോറമിലെ ഒരു സീറ്റിലേക്കുമുള്ള വോട്ടെടുപ്പ് 18നു നടക്കും.

ENGLISH SUMMARY:

The Supreme Court has rejected Congress candidate Meenakshi Natarajan's plea against the rejection of her Rajya Sabha nomination papers. The court observed that interfering in the election process would set a wrong precedent, but stated that Natarajan can approach the High Court with an election petition.