കെ.അണ്ണാമലൈ ബിജെപി വിട്ടെന്ന വാർത്തകൾ തള്ളി തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ആരോടും സംസാരിച്ചിട്ടില്ലെന്നും നാഗേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അണ്ണാമലൈയുടെ ജന്മദിനമായ ഇന്ന് (ജൂണ്‍ 4) ആശംസകൾ നേർന്നുകൊണ്ടായിരുന്നു നൈനാർ നാഗേന്ദ്രന്‍റെ പ്രതികരണം.

‘തമിഴ്‌നാട് ബിജെപി അധ്യക്ഷൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തിന്റെ രാജിക്കത്തൊന്നും തന്നെ ലഭിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. പുതിയ പാർട്ടി തുടങ്ങുന്നതിനെക്കുറിച്ച് അണ്ണാമലൈ ആരോടും സംസാരിച്ചിട്ടില്ല. ഞങ്ങൾ അദ്ദേഹത്തോടോ, അദ്ദേഹം ഞങ്ങളോടോ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. രാജിവെച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും വ്യാജവും അടിസ്ഥാനമില്ലാത്തതുമാണ്’-  നൈനാർ നാഗേന്ദ്രനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

തമിഴ്‌നാട്ടിലെ പാർട്ടി വിഷയങ്ങളില്‍ അണ്ണാമലൈയും ബിജെപിയിലെ ഒരു വിഭാഗം നേതാക്കളും തമ്മിൽ മാസങ്ങളായി ഭിന്നത നിലനിൽക്കുന്നതായാണ് സൂചനകൾ. അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐഎഡിഎംകെയുമായി സഖ്യം പുനഃസ്ഥാപിക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിൽ അണ്ണാമലൈ അതൃപ്തനായിരുന്നു എന്നാണ് കരുതുന്നത്. സഖ്യങ്ങളെ ആശ്രയിക്കുന്നതിന് പകരം ബിജെപിയെ തമിഴ്‌നാട്ടിൽ സ്വതന്ത്ര ശക്തിയായി വളർത്തിയെടുക്കണമെന്നായിരുന്നു അണ്ണാമലൈയുടെ നിലപാട്.

പിന്നാലെ അടുത്തിടെ സിബിഎസ്ഇയിലെ ത്രിഭാഷാ പദ്ധതിയെ വിമര്‍ശിച്ച് എക്സില്‍ പോസ്റ്റിട്ടതും കേന്ദ്രത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയതും അണ്ണാമലൈ പാര്‍ട്ടിയില്‍ നിന്ന് അകലുകയാണെന്ന ചര്‍ച്ചകള്‍ക്ക് ശക്തി കൂട്ടി. അണ്ണാമലൈ പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുകയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. കോയമ്പത്തൂരിലും മറ്റും അണ്ണാമലൈയെ പിന്തുണച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അണ്ണാമലൈ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിത്തുകയും ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിടാൻ ബിജെപി തയ്യാറാകാതിരുന്നതുമാണ് അഭ്യൂഹങ്ങള്‍ക്ക് കരുത്തേകിയത്.

2020ലാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ ബിജെപിയില്‍ ചേരുന്നത്. തുടര്‍ന്ന് 2021ല്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായി. മൃഗീയമായി എതിര്‍പാര്‍ട്ടികളെ കടന്നാക്രമിക്കുന്നതായിരുന്നു അണ്ണാമലൈയുടെ രീതി. എന്നാല്‍ പിന്നീട് 2025ല്‍ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റിയതോടെ അണ്ണാമലൈ പതുങ്ങിയ മട്ടിലായിരുന്നു. 2026 തിരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ മല്‍സരിക്കാന്‍ താല്‍പര്യം കാണിച്ചിട്ടും അണ്ണാമലൈക്ക് ഈ സീറ്റ് ബിജെപി നിഷേധിക്കുകയായിരുന്നു. അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ സീറ്റ് നിഷേധിച്ചതും അണ്ണാമലൈയെ ചൊടിപ്പിച്ചെന്ന് തന്നെയാണ് സമീപകാലത്തെ നേതാവിന്‍റെ പതുങ്ങലില്‍ നിന്ന് വ്യക്തമാകുന്നത്.

ENGLISH SUMMARY:

Tamil Nadu BJP State President Nainar Nagendran has strongly dismissed widespread rumors claiming that prominent leader K. Annamalai is planning to quit the party. Speaking at a press conference on June 4, which also happens to be Annamalai's birthday, Nagendran clarified that no resignation letter has been tendered and labeled the reports as entirely baseless. Speculation regarding a rift grew after Annamalai reportedly expressed deep dissatisfaction over the BJP central leadership's decision to restore its structural alliance with the AIADMK. His recent public criticism of the CBSE trilingual policy and a quiet meeting with Home Minister Amit Shah had further fueled rumors that the former IPS officer was gearing up to launch a new political outfit. Observers note that Annamalai's visible dynamic retreat from active party affairs followed his removal from the state chief post in 2025 and the subsequent denial of a ticket to contest from Coimbatore.