പശ്ചിമബംഗാളില്‍ അധികാരത്തില്‍ നിന്നും പുറത്തായ ശേഷം മമതാ ബാനര്‍ജിക്ക് തൃണമൂല്‍ കോണ്‍ഗ്രസും നഷ്ടമാകുമോ? പാര്‍ട്ടി നേതാക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ മമതയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ കൊല്‍ക്കത്തിയില്‍ നടത്തിയ പ്രതിഷേധത്തില്‍ അഞ്ച് എംഎല്‍എമാരാണ് പങ്കെടുത്തത്. അതേസമയം, 50 എംഎല്‍എമാര്‍ ഹോട്ടലില്‍ യോഗം ചേര്‍ന്നു എന്ന് പുറത്താക്കപ്പെട്ട ടിഎംഎസി നേതാവ് റിജു ദത്ത അവകാശപ്പെട്ടു. 

തൃണമൂല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും പോരാടുക അല്ലെങ്കില്‍ മരിക്കുകയാണ് തന്‍റെ നിലപാടെന്നും മമത പറഞ്ഞു. എംഎല്‍എമാരായ സോവന്ദേബ് ചതോപാധ്യായ, നന്യ ബന്ദോപാധ്യായ, മദൻ മിത്ര, അശോക് ദേബ്, അസിമ പത്ര എന്നിവരാണ് മമതയ്ക്കൊപ്പം ഉണ്ടായിരുന്നത്. ഡോള സെൻ, കല്യാൺ ബാനർജി, ഡെറെക് ഒബ്രയാൻ എന്നി എം.പിമാരും പ്രതിഷേധത്തിനെത്തി. 

പാര്‍ട്ടിയുടെ ഭാവി കാര്യങ്ങള്‍ ആലോചിക്കാന്‍ 50 എംഎല്‍എമാര്‍ ഹോട്ടലില്‍ യോഗം ചേര്‍ന്നു എന്നാണ് പുറത്താക്കപ്പെട്ട ടിഎംഎസി നേതാവ് റിജു ദത്ത പറഞ്ഞത്. സ്പീക്കറെ കണ്ട് യഥാര്‍ഥ തൃണമൂല്‍ തങ്ങളാണെന്ന് അവകാശപ്പെടുമെന്നും പാര്‍ട്ടി ചിഹ്നത്തിനും അവകാശവാദം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൊഭോന്‍ദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവാക്കാന്‍ മമത തീരുമാനിച്ചതോടെയാണ് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടായത്. ഋതബ്രതയെ ബാനര്‍ജിയെ പ്രതിപക്ഷ നേതാവാകണമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിരവധി ടിഎംസി എംഎൽഎമാർ ആഗ്രഹിച്ചിരുന്നതായും ദത്ത പറഞ്ഞു. 

സൊഭോന്‍ദേബിനെ  പ്രതിപക്ഷ നേതാവായി പിന്തുണച്ചുകൊണ്ടുള്ള കത്തിലുള്ള തങ്ങളുടെ ഒപ്പ് വ്യാജമാണെന്ന് ആരോപിച്ച ഋതബ്രത ബാനര്‍ജിയെയും സന്ദീപന്‍ സാഹയെയും തിങ്കളാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. തലേദിവസം മമതയുടെ വസതിയിൽ ചേർന്ന യോഗത്തിൽ 80 ടി.എം.സി എം.എൽ.എമാരിൽ 60 പേരും പങ്കെടുക്കാതെ വിട്ടുനിന്നിരുന്നു. മമതയുടെയും അനന്തിരവന്‍ അഭിഷേക് ബാനര്‍ജിയുടെയും നിലപാടില്‍ എതിര്‍പ്പുന്നയിച്ച് പലരും പാര്‍ട്ടി വിടുന്നുണ്ട്. ഇതിനകം നൂറിലധികം കൗൺസിലർമാർ പാർട്ടി വിട്ടു. എംപി കകോലി ഘോഷ് ദസ്തിദാറും രാജിവച്ചിരുന്നു. 

കൂറുമാറ്റ നിരോധന നിയമപ്രകാരം, അയോഗ്യരാക്കപ്പെടുന്നത് ഒഴിവാക്കാൻ പാർട്ടി വിട്ടുപോകുന്ന വിഭാഗത്തിന് ഏകദേശം മൂന്നിൽ രണ്ട് ജനപ്രതിനിധികളുടെയെങ്കിലും പിന്തുണ ആവശ്യമാണ്. ഏകദേശം 53 എം.എൽ.എമാരുടെ പിന്തുണ വേണ്ടിവരും.

ENGLISH SUMMARY:

Following its ouster from power in West Bengal, the Trinamool Congress (TMC) faces a severe existential crisis as a major rebellion brews against Mamata Banerjee's leadership. During a protest led by Banerjee in Central Kolkata against attacks on party workers, only five MLAs and three MPs showed up, underscoring her diminishing control over the lawmakers. Concurrently, expelled TMC leader Riju Dutta claimed that a dissident faction of 50 MLAs met at a hotel, planning to approach the Speaker to claim ownership of the official party name and symbol. The internal rift widened significantly after Mamata appointed Sobhandeb Chattopadhyay as the Leader of the Opposition, sidelining Ritabrata Banerjee, who was subsequently expelled along with Sandipan Saha for alleging that their signatures supporting Sobhandeb were forged.