New Delhi, May 05 (ANI): Aam Aadmi Party National Convenor Arvind Kejriwal meets party's Punjab MLAs, in New Delhi on Tuesday. (@ArvindKejriwal X/ANI Photo)

New Delhi, May 05 (ANI): Aam Aadmi Party National Convenor Arvind Kejriwal meets party's Punjab MLAs, in New Delhi on Tuesday. (@ArvindKejriwal X/ANI Photo)

പഞ്ചാബില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടം. 1977 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 957ലും എഎപി വെന്നിക്കൊടി പാറിച്ചു. 397 വാര്‍ഡുകളില്‍ ജയിച്ചെത്തിയ കോണ്‍ഗ്രസാണ് രണ്ടാമത്. 251 വാര്‍ഡുകളില്‍ സ്വതന്ത്രര്‍ മൂന്നാമതെത്തി. ശിരോമണി അകാലിദള്‍ 191 വാര്‍ഡുകളിലും ജയിച്ചു. ബിജെപിയാകട്ടെ 167 വാര്‍ഡുകളിലേക്ക് ചുരുങ്ങി. ബിഎസ്പിക്ക് ഏഴിടത്ത് മാത്രമേ ജയിക്കാന്‍ കഴിഞ്ഞുള്ളൂ. ബിജെപിയുടെ ശക്തികേന്ദ്രമായ പത്താന്‍കോട്ടിലെ 50 വാര്‍ഡുകളില്‍ 23 ഉം ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. കോണ്‍ഗ്രസ് 12 വാര്‍ഡിലും ജയിച്ചപ്പോള്‍ ബിജെപി എട്ടു വാര്‍ഡുകളിലേക്ക് ഒതുങ്ങി. മൊഹാലിയിലും എഎപി ആധിപത്യം നേടി. 35 സീറ്റുകളില്‍ 20 ലും എഎപി ജയം കണ്ടെത്തി. 

മൊഹാലി, ഭടിന്‍ഡ, അബോഹര്‍, ബര്‍ണല, കപുര്‍ത്തല, മോഗ, പട്​ല, പത്താന്‍കോട്ട് എന്നിങ്ങനെ എട്ട് മുന്‍സിപ്പല്‍ കോര്‍പറേഷനുകളിലും 75 മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേക്കും 19 നഗര പഞ്ചായത്തുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 63.94 ആയിരുന്നു പോളിങ് ശതമാനം. 1977 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 7554 സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. ഇതില്‍ 80 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

'ഇഡി പാര്‍ട്ടി'യെ തുടച്ച് നീക്കിയ ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും അരവിന്ദ് കേജ്​രിവാള്‍ അഭിനന്ദിച്ചു. ബിജെപിക്കെതിരെ ജനങ്ങള്‍ ചെയ്ത പ്രതികാരമാണിത് എന്നായിരുന്നു കേജ്​രിവാളിന്‍റെ പ്രസ്താവന. പഞ്ചാബിലെ ചെറുകിട വ്യാപാരികളുടെ വീടുകളില്‍ വരെ ഇഡിയെ കയറ്റിയിറക്കി ജനങ്ങളെ അപമാനിച്ചതിനുള്ള തിരിച്ചടിയാണെന്ന് ആരോപിച്ച കേജ്​രിവാള്‍ ബിജെപിയുടെ പേര് ഇഡി പാര്‍ട്ടിയെന്നാക്കുന്നതാണ് ഉചിതമെന്നും പറഞ്ഞു. 

'നഗരപ്രദേശങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയെ തിരഞ്ഞെടുത്തതിന് പഞ്ചാബിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഭഗ്​വന്ത് മന്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളോടുള്ള ജനങ്ങളുടെ അഭിപ്രായമായി ഈ ജനവിധിയെ കാണുന്നു. ചരിത്രപരമായ ദൗത്യമാണ് പഞ്ചാബിലെ ജനങ്ങള്‍ നിര്‍വഹിച്ചത്. നല്ലകാര്യങ്ങള്‍ ചെയ്യുന്നത് തുടരും' എന്നും കേജ്‌രിവാള്‍ വ്യക്തമാക്കി. 

തിരഞ്ഞെടുപ്പ് ഫലത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗ്​വന്ത് മനും ആഹ്ലാദം പ്രകടിപ്പിച്ചു. വിഭാഗീയതയുടെ രാഷ്ട്രീയത്തെ ചെറുത്തു തോല്‍പ്പിച്ച ജനങ്ങളാണ് ഹീറോയെന്നും താന്‍ വികസന രാഷ്ട്രീയം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പൊരിവെയില്‍ വകവയ്ക്കാതെയാണ് ജനം പോളിങ് ബൂത്തുകളിലേക്കെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 26നായിരുന്നു തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 

ENGLISH SUMMARY:

The ruling Aam Aadmi Party (AAP) registered a landslide victory in the Punjab local body elections, capturing 957 out of the 1977 wards that went to the polls. The Indian National Congress secured the second spot with 397 seats, while the BJP suffered a massive political setback, finishing fifth behind independents and the Shiromani Akali Dal. AAP made significant inroads into traditional BJP strongholds like Pathankot, winning 23 out of 50 wards, and also established absolute dominance in the Mohali municipal corporation. AAP national convenor Arvind Kejriwal hailed the verdict as the public's revenge against the central government, mockingly labeling the BJP as the "ED Party" for weaponizing central agencies against local traders. Celebrating the outcome of the dynamic elections held on May 26, Punjab Chief Minister Bhagwant Mann thanked the voters for rejecting divisive politics in favor of his administration's developmental agenda.