dk-siddaramaiah

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്നും സിദ്ധരാമയ്യ രാജിവച്ചു.  അടുത്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ എന്നും ഉറപ്പ്. രണ്ടര വര്‍ഷത്തിനു ശേഷം അധികാരം പങ്കിടണമെന്ന മുന്‍ധാരണയാണ് നടപ്പിലാക്കുന്നതെങ്കിലും വരുന്ന തിരഞ്ഞെടുപ്പില്‍ ഇത് എങ്ങനെ ബാധിക്കും എന്നതാണ് നിര്‍ണായകം. ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണയുള്ള നേതാവാണ് സിദ്ധരാമയ്യ. 

രാജ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ ഏക ഒബിസി മുഖം. കര്‍ണാടകയില്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും പിന്നാക്ക വിഭാഗങ്ങളെയും കോണ്‍ഗ്രസിന് പിന്നില്‍ അണിനിരത്തിയത് സിദ്ധരാമയ്യയുടെ നേതൃത്വമാണ്. 2028 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. 78 വയസുള്ള സിദ്ധരാമയ്യയ്ക്ക് അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് 80 തികയും. സിദ്ധരാമയ്യയേക്കാള്‍ ചെറുപ്പമായ ശിവകുമാറിനെ ഭരണ നേതൃത്വത്തിലേക്ക് കൊണ്ടുവരികയാണ് കോണ്‍ഗ്രസ് ലക്ഷ്യം. 

എന്നാല്‍ ഇടക്കാലത്ത് ഭരണം മാറുന്നത് കോണ്‍ഗ്രസിന് നേട്ടമാകുമോ എന്നതാണ് കര്‍ണാടകയിലെ ചരിത്രം വച്ച് രാഷ്ട്രീയ നിരീക്ഷകര്‍ ചോദിക്കുന്നത്. ഇടക്കാലത്ത് ഭരണ നേതൃത്വം മാറുന്നത് കര്‍ണാടകയില്‍ പുതിയ കാര്യമല്ല. ഇതുവരെ കോണ്‍ഗ്രസിന്‍റെ മൂന്നു മുഖ്യമന്ത്രിമാര്‍ മാത്രമാണ് 1956 നു ശേഷം അഞ്ചു വര്‍ഷം തികച്ചു ഭരിച്ചത്. എസ്. നിജലിംഗപ്പ (1962-68), ഡി ദേവരാജ ഉർസ് (1972-77), സിദ്ധരാമയ്യ (2013-18) എന്നിവര്‍. 

യദ്യൂരപ്പ–സദാനന്ദ ഗൗഡ–ജഗദീഷ് ഷട്ടാര്‍ 

2011 ല്‍ ബിജെപി സര്‍ക്കാര്‍ രണ്ടു തവണയാണ് മുഖ്യമന്തിയെ മാറ്റിയത്. ബി.എസ് യദ്യൂരപ്പയെ മാറ്റി ഡി.വി. സദാനന്ദ ഗൗഡയെയും പിന്നീട് ജഗദീഷ് ഷട്ടാറിനെയും കൊണ്ടു. 2008 ല്‍ മുഖ്യമന്ത്രിയായ അധികാരമേറ്റ യദ്യൂരപ്പയ്ക്ക് 2011 ല്‍  അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെയ്ക്കേണ്ടി വന്നു. പകരം വന്നത് ‌‌പിന്നീട് വന്നത് യദ്യൂരപ്പയുടെ അനുയായിയായ സദാനന്ദ ഗൗഡ. എന്നാല്‍ യദ്യൂരപ്പയുടെ തന്നെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 11 മാസത്തിനു ശേഷം ഗൗഡയെ മാറ്റി ജഗദീഷ് ഷട്ടാറെത്തി. നാലു വര്‍ഷത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി.

2013-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്, ബിജെപി നടത്തിയ നേതൃമാറ്റം തിരിച്ചടിയായി. 2008 ലെ 110 സീറ്റില്‍ നിന്നും ബിജെപി 40 സീറ്റിലേക്ക് വീണു. 121 സീറ്റില്‍ ജയിച്ചാണ് അന്ന് സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്. യെദ്യൂരപ്പയും ഷെട്ടറും ഉൾപ്പെടുന്ന ലിംഗായത്ത് സമുദായവും, ഗൗഡ പ്രതിനിധീകരിക്കുന്ന വൊക്കലിഗ സമുദായവും തമ്മിലുള്ള ജാതി സമവാക്യങ്ങളായിരുന്നു ബിജെപിയുടെ നേതൃമാറ്റത്തിന്‍റെ അടിസ്ഥാനം. 

യദ്യൂരപ്പ– ബസവരാജ ബൊമ്മ

2021 ലാണ് ഏറ്റവും അവസാനത്തെ നേതൃമാറ്റം കര്‍ണാടകയില്‍ നടന്നത്. 2018 ലെ തിരഞ്ഞെടുപ്പില്‍ യദ്യൂരപ്പയുടെ നേതൃത്വമാണ് ബിജെപിയെ ഭരണത്തിലെത്തില്‍ എത്തിച്ചതെങ്കിലും അഴിമതി ആരോപണം വീണ്ടും സ്ഥാനം കളഞ്ഞു. പിന്നീട് വന്ന ബസവരാജ ബൊമ്മയ്ക്ക് വർഗീയ ധ്രുവീകരണം മുതൽ അഴിമതി വരെ നേരിടേണ്ടി വന്നു. ഇതിനു ശേഷം നടന്ന 2023 ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനാണ് വമ്പന്‍ നേട്ടമുണ്ടായത്. 

കോണ്‍ഗ്രസിന്‍റെ വെല്ലുവിളി

കർണാടകയില്‍ കോണ്‍ഗ്രസിന്‍റെ വോട്ട് ബാങ്കില്‍ നിര്‍ണായക സ്വാധീനമുള്ള 'അഹിന്ദ' (ന്യൂനപക്ഷങ്ങൾ, ഒ.ബി.സി, ദളിതർ) വിഭാഗങ്ങളില്‍ ശക്തനായ ഒ.ബി.സി നേതാവാണ് സിദ്ധരാമയ്യ. 'അഹിന്ദ'യ്ക്ക് അപ്പുറം വൊക്കലിഗ സമുദായത്തിന് ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള പഴയ മൈസൂരു മേഖലയിൽ വോട്ടുകൾ പൂര്‍ണമായും കോൺഗ്രസിന് അനുകൂലമായി മാറ്റാന്‍ ഡി.കെയ്ക്ക് സാധിക്കുമോ എന്നതാണ് കോണ്‍ഗ്രസിന്‍റെ വെല്ലുവിളി. ജെ.ഡി.എസിന്‍റെ വലിയ സ്വാധീന ശക്തിയാണ് വൊക്കലിംഗ സമുദായം.  

ഇതോടൊപ്പം എസ്ഐആറും കോണ്‍ഗ്രസിന് ആശങ്കയാകുന്നുണ്ട്. 2023-ൽ ഏകദേശം 30 കോൺഗ്രസ് എം.എൽ.എമാർ ജയിച്ചത് 2,000 നും 5,000 നും ഇടയിലുള്ള ചെറിയ ഭൂരിപക്ഷത്തിനാണ്. അതുകൊണ്ടുതന്നെ 2028-ലെ അടുത്ത തിരഞ്ഞെടുപ്പിന് മുൻപായി ഈ മണ്ഡലങ്ങളില്‍ വോട്ടുയര്‍ത്തേണ്ടത് കോണ്‍ഗ്രസിന് നിര്‍ണായകമാണ്. 

ENGLISH SUMMARY:

Following months of intense internal power struggle, Karnataka Chief Minister Siddaramaiah resigned from his post, honoring a high-command directed rotational pact to make way for his deputy, D.K. Shivakumar. Governor Thaawarchand Gehlot accepted the veteran OBC leader's resignation, officially dissolving the council of ministers while appointing Siddaramaiah as the caretaker Chief Minister until the transition is complete. The leadership handover marks a significant transition ahead of the 2028 Assembly elections, shifting power to Shivakumar, a dominant Vokkaliga leader and Congress's premier troubleshooter. However, the mid-term change poses a major strategic challenge for the Congress, as it must now sustain Siddaramaiah's crucial 'AHINDA' (Minorities, OBCs, and Dalits) vote bank while strengthening its hold in low-margin constituencies.