siddaramaiah-dk-shivakumar-politics

കർണാടക രാഷ്ട്രീയത്തിൽ നാടകീയമായ അധ്യായങ്ങൾക്ക് വഴിയൊരുക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. മുൻപ് ഉണ്ടാക്കിയ നേതൃമാറ്റ ധാരണ പ്രകാരം താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് സിദ്ധരാമയ്യ മന്ത്രിസഭാംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ കെ.പി.സി.സി പ്രസിഡന്റും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് (Breakfast Meeting) സിദ്ധരാമയ്യ മന്ത്രിമാരോട് തന്റെ രാജി തീരുമാനം വ്യക്തമാക്കിയത്. വരും ദിവസങ്ങളിൽ തന്നെ ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ ഉണ്ടാകും.

മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ ഡി.കെ. ശിവകുമാറിനെ സിദ്ധരാമയ്യ കെട്ടിപ്പിടിച്ച് സ്വീകരിച്ചു. തുടർന്ന് സിദ്ധരാമയ്യയുടെ കാല് തൊട്ട് വന്ദിച്ച് ഡി.കെ അനുഗ്രഹം തേടുകയും ചെയ്തു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ മാറുന്നതെന്നും ഇനിയുള്ള കാലം ഡി.കെ. ശിവകുമാറിനെ ശക്തമായി പിന്തുണയ്ക്കണമെന്നും സിദ്ധരാമയ്യ മന്ത്രിമാരോട് ആവശ്യപ്പെട്ടു. മുതിർന്ന നേതാവ് ജി. പരമേശ്വരയും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണ ഡി.കെ. ശിവകുമാറിനാണ്. ഇന്ന് രാവിലെയും ജി. പരമേശ്വരയുടെ അനുയായികൾ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് സിദ്ധരാമയ്യ രാജിക്കത്ത് നൽകുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും കർണാടക ഗവർണ്ണർ താവർ ചന്ദ് ഗെഹ്ലോട്ട് നിലവിൽ ബെംഗളൂരുവിൽ ഇല്ല. അദ്ദേഹം തന്റെ ജന്മനാട്ടിലേക്ക് പോയിരിക്കുകയാണ്. ഗവർണ്ണർ നാളെ മാത്രമേ മടങ്ങിയെത്തൂ എന്നതിനാൽ, രാജി ഇമെയിൽ മുഖേനയോ രാജ്ഭവൻ വഴിയോ ഇന്ന് സമർപ്പിച്ചേക്കും. അല്ലെങ്കിൽ നാളെ ഉച്ചയ്ക്ക് ശേഷം ഗവർണറെ നേരിട്ട് കണ്ട് രാജിക്കത്ത് നൽകാനാണ് സാധ്യത. രാജിക്കു ശേഷം സിദ്ധരാമയ്യ ഡൽഹിയിലെത്തി രാഹുൽ ഗാന്ധി, കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

2023-ൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ തന്നെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഉണ്ടായ 'രണ്ടര വർഷം വീതം അധികാരം പങ്കിടൽ' എന്ന ധാരണ ഓർമ്മിപ്പിച്ചാണ് ഹൈക്കമാൻഡ് ഇപ്പോൾ രാജിയാവശ്യപ്പെട്ടത്. സിദ്ധരാമയ്യയെ അനുനയിപ്പിക്കാൻ രാജ്യസഭാ സീറ്റ്, എ.ഐ.സി.സി അധ്യക്ഷ പദവി, ദേശീയ രാഷ്ട്രീയത്തിൽ വലിയ റോളുകൾ എന്നിവ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും മുന്നോട്ടുവെച്ചെങ്കിലും അദ്ദേഹം അതെല്ലാം നിരസിച്ചു. താൻ കർണാടകത്തിൽ എം.എൽ.എ ആയി തന്നെ തുടരുമെന്നാണ് അദ്ദേഹത്തിന്റെ ശാഠ്യം. തന്റെ ആളുകളെ മന്ത്രിസഭയിലെ പ്രധാന വകുപ്പുകളിൽ നിലനിർത്താൻ അദ്ദേഹം സമ്മർദ്ദം ചെലുത്തുന്നുണ്ട്.

സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ഇരുനേതാക്കളുമായി മധ്യസ്ഥ ചർച്ചകൾ തുടരുകയാണ്. സിദ്ധരാമയ്യയുടെ രാജി വാർത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ അണികൾ വൻ പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വലിയ ജനപ്രീതിയുള്ള നേതാവാണ് സിദ്ധരാമയ്യ. അതുകൊണ്ടുതന്നെ, അദ്ദേഹം പൂർണ്ണമായി തൃപ്തനാകാതെ ഒഴിഞ്ഞാൽ വരും നാളുകളിൽ ഡി.കെ. ശിവകുമാറിന് ഭരണം മുന്നോട്ട് കൊണ്ടുപോകുക വലിയ തലവേദനയായിരിക്കും. വെള്ളിയാഴ്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ഡി.കെയെ ഔദ്യോഗികമായി നേതാവായി തിരഞ്ഞെടുത്ത ശേഷം അടുത്ത ആഴ്ച ആദ്യത്തോടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നേക്കും.

ENGLISH SUMMARY:

Karnataka political crisis unfolds as Chief Minister Siddaramaiah announces his resignation, paving the way for DK Shivakumar to become the next Chief Minister. This leadership change follows a pre-arranged agreement and marks a significant development in Karnataka's political landscape.