കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവച്ചു. ലോക്ഭവനിലെത്തി ഗവർണറുടെ സെക്രട്ടറിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. ഇന്‍ഡോറിലുള്ള ഗവര്‍ണര്‍ രാത്രി ബെംഗളൂരുവിലെത്തും. തുടര്‍ന്ന് ഗവര്‍ണര്‍ രാജി അംഗീകരിക്കും. കത്ത് നല്‍കിയശേഷം സംയുക്ത വാര്‍ത്ത സമ്മേളനം നടത്തി. വാര്‍ത്താ സമ്മേളനത്തില്‍ ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും വികാരാധീനരായി. ഹൈക്കമാന്‍ഡിനെ അനുസരിക്കുന്നെന്നും ഭരണഘടനയാണ് വഴികാട്ടിയെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഡി.കെ. ശിവകുമാർ കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കർണാടകയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ വ്യക്തിയാണ് സിദ്ധരാമയ്യ. മന്ത്രിമാർക്കൊപ്പമുള്ള പ്രഭാതഭക്ഷണത്തിന് ശേഷമാണ് അദ്ദേഹം രാജി തീരുമാനം അറിയിച്ചത്. ഡി.കെ. ശിവകുമാർ സിദ്ധരാമയ്യയുടെ കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി. സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. രാജ്യസഭാ സീറ്റും പ്രവർത്തകസമിതി അംഗത്വവും അദ്ദേഹത്തിന് നൽകിയേക്കും.
കർണാടക രാഷ്ട്രീയത്തിൽ നാടകീയമായ അധ്യായങ്ങൾക്ക് വഴിയൊരുക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചിരുന്നു. മുൻപ് ഉണ്ടാക്കിയ നേതൃമാറ്റ ധാരണ പ്രകാരം താൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് സിദ്ധരാമയ്യ മന്ത്രിസഭാംഗങ്ങളെ ഔദ്യോഗികമായി അറിയിച്ചു. ഇതോടെ കെ.പി.സി.സി പ്രസിഡന്റും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ കർണാടകയുടെ അടുത്ത മുഖ്യമന്ത്രിയാകും. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് സിദ്ധരാമയ്യ മന്ത്രിമാരോട് തന്റെ രാജി തീരുമാനം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ വസതിയിലെത്തിയ ഡി.കെ. ശിവകുമാറിനെ സിദ്ധരാമയ്യ കെട്ടിപ്പിടിച്ച് സ്വീകരിച്ചു. തുടർന്ന് സിദ്ധരാമയ്യയുടെ കാല് തൊട്ട് വന്ദിച്ച് ഡി.കെ അനുഗ്രഹം തേടുകയും ചെയ്തു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ മാറുന്നതെന്നും ഇനിയുള്ള കാലം ഡി.കെ. ശിവകുമാറിനെ ശക്തമായി പിന്തുണയ്ക്കണമെന്നും സിദ്ധരാമയ്യ മന്ത്രിമാരോട് ആവശ്യപ്പെട്ടു. മുതിർന്ന നേതാവ് ജി. പരമേശ്വരയും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും ഹൈക്കമാൻഡിന്റെ പൂർണ്ണ പിന്തുണ ഡി.കെ. ശിവകുമാറിനാണ്. ഇന്ന് രാവിലെയും ജി. പരമേശ്വരയുടെ അനുയായികൾ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയിരുന്നു.
2023-ൽ കോൺഗ്രസ് അധികാരത്തിൽ വന്നപ്പോൾ തന്നെ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഉണ്ടായ 'രണ്ടര വർഷം വീതം അധികാരം പങ്കിടൽ' എന്ന ധാരണ ഓർമ്മിപ്പിച്ചാണ് ഹൈക്കമാൻഡ് ഇപ്പോൾ രാജിയാവശ്യപ്പെട്ടത്. സിദ്ധരാമയ്യയെ അനുനയിപ്പിക്കാൻ രാജ്യസഭാ സീറ്റ്, എ.ഐ.സി.സി അധ്യക്ഷ പദവി, ദേശീയ രാഷ്ട്രീയത്തിൽ വലിയ റോളുകൾ എന്നിവ രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലും മുന്നോട്ടുവെച്ചെങ്കിലും അദ്ദേഹം അതെല്ലാം നിരസിച്ചു. താൻ കർണാടകത്തിൽ എം.എൽ.എ ആയി തന്നെ തുടരുമെന്നാണ് അദ്ദേഹത്തിന്റെ ശാഠ്യം. തന്റെ ആളുകളെ മന്ത്രിസഭയിലെ പ്രധാന വകുപ്പുകളിൽ നിലനിർത്താൻ അദ്ദേഹം സമ്മർദ്ദം ചെലുത്തുന്നുണ്ട്.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ഇരുനേതാക്കളുമായി മധ്യസ്ഥ ചർച്ചകൾ തുടരുകയാണ്. സിദ്ധരാമയ്യയുടെ രാജി വാർത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ അണികൾ വൻ പ്രതിഷേധവുമായി തടിച്ചുകൂടിയിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വലിയ ജനപ്രീതിയുള്ള നേതാവാണ് സിദ്ധരാമയ്യ. അതുകൊണ്ടുതന്നെ, അദ്ദേഹം പൂർണ്ണമായി തൃപ്തനാകാതെ ഒഴിഞ്ഞാൽ വരും നാളുകളിൽ ഡി.കെ. ശിവകുമാറിന് ഭരണം മുന്നോട്ട് കൊണ്ടുപോകുക വലിയ തലവേദനയായിരിക്കും. വെള്ളിയാഴ്ച കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ഡി.കെയെ ഔദ്യോഗികമായി നേതാവായി തിരഞ്ഞെടുത്ത ശേഷം അടുത്ത ആഴ്ച ആദ്യത്തോടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നേക്കും.