bengal

ബിജെപി അധികാരത്തിലേറിയതിന് പിന്നാലെ ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തര്‍ക്ക് നല്ല കാലമല്ല. ഏതെല്ലാം തരത്തില്‍ നിയമനടപടിയെടുക്കാമോ അതെല്ലാം പ്രാവര്‍ത്തികമാക്കുന്നുണ്ട്. പല നേതാക്കളും അറസ്റ്റിലാവുകയോ പൊലീസ് നിരീക്ഷണത്തിലാവുകയോ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തൃണമൂല്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് അടിവസ്ത്രത്തില്‍ തെരുവില്‍ പരേഡ് ചെയ്ത പൊലീസ് നടപടി വിമര്‍ശനമേറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. 

ബംഗാള്‍ ഹൗറയിലാണ് സംഭവം. പരേഡിന്‍റെ വിഡിയോകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു കഴിഞ്ഞു.  മൂന്ന് തൃണമൂല്‍ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഒരു വിഡിയോയില്‍ ഒരു പ്രവര്‍ത്തകനെ തെരുവിലൂടെ അടിവസ്ത്രത്തില്‍ നടത്തുന്നത് കാണാം. രണ്ടാമത്തെ വിഡിയോയില്‍ പ്രവര്‍ത്തകനെ കയ്യാമം വച്ച് നടത്തുന്നതും മൂന്നാമത് പ്രചരിക്കുന്ന വിഡിയോയില്‍ പ്രവ‍ര്‍ത്തകന്‍റെ അരയില്‍ കയറിട്ട് കെട്ടി നടത്തിക്കൊണ്ടുപോകുന്നതും വ്യക്തമാണ്. 

പ്രവര്‍ത്തകര്‍ തൃണമൂല്‍ ഗുണ്ടകളാണെന്നാണ് പൊലീസിന്‍റെ വാദം. ഇവര്‍ നടത്തിയ കുറ്റകൃത്യങ്ങളുടെ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് തെളിവെടുക്കുകയായിരുന്നെന്നാണ് പൊലീസിന്‍റെ വിശദീകരണം. എന്നാല്‍ ഏതൊരു പ്രതിയ്ക്കും ഉള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ് ഇവരെ അടിവസ്ത്രത്തില്‍ നടത്തിയതെന്നാണ് ഉയരുന്ന വിമര്‍ശനം. 

പരേഡിനെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തുവന്നു. മനുഷ്യത്വവിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണ് ഇതെന്നും പൊലീസ് സര്‍ക്കസ് കളിക്കുകയാണെന്നും പാര്‍ട്ടി വിമര്‍ശിച്ചു.

ENGLISH SUMMARY:

Bengal TMC workers arrested for alleged offenses, facing severe criticism for being paraded in underwear by police. This incident in Howrah, West Bengal, has sparked outrage and accusations of human rights violations.