സത്യപ്രതിജ്ഞയ്ക്കിടെ രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേര് പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ എസ്. രാജേഷ് കുമാര്‍. മന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്കിടെയായിരുന്നു സംഭവം. കിള്ളിയൂര്‍ എംഎല്‍എ എസ്. രാജേഷ് കുമാറും മേലൂര്‍ എംഎല്‍എ പി.വിശ്വനാഥനുമാണ് കോണ്‍ഗ്രസില്‍ നിന്നും മന്ത്രിമാരായത്.
സത്യപ്രതിജ്ഞ നോക്കി വായിച്ച ശേഷമാണ് കോണ്‍ഗ്രസ് നേതാക്കളായ കാമരാജ്, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചത്. രാജേഷ് കുമാറിന്‍റെ നടപടിയില്‍ ഗവര്‍ണര്‍ ഇടപെട്ടു. ഇത് നിങ്ങളുടെ സത്യപ്രതിജ്ഞയില്‍ ഉള്ളതല്ലല്ലോ എന്നാണ് ഗവര്‍ണര്‍ ചോദിച്ചത്. ചിരിയോടെയായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍. രാജേഷ്കുമാര്‍ മറുചിരിയും നല്‍കി സത്യപ്രതിജ്ഞ രേഖയില്‍ ഒപ്പിട്ടു. കാമരാജ് വാഴ്കെ, ഭാരതരത്ന രാജീവ് ഗാന്ധി വാഴ്കെ, ജനനായകൻ രാഹുൽ ഗാന്ധി വാഴ്കെ എന്നായിരുന്നു രാജേഷ് കുമാറിന്‍റെ മുദ്രാവാക്യം.
തമിഴ്നാട്ടില്‍ 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. രാജേഷ് കുമാറിന് ടൂറിസം വകുപ്പും വിശ്വനാഥന് ഉന്നത വിദ്യാഭ്യാസവും ലഭിക്കും. 1952ന് ശേഷം ആദ്യമായാണ് തമിഴ്നാട്ടില്‍ സഖ്യസര്‍ക്കാര്‍ നിലവില്‍ വരുന്നത്. മന്ത്രിസഭയിലേക്കുള്ള ടിവികെയുടെ ക്ഷണം സ്വീകരിച്ച് പാപനാശം എംഎല്‍എ എ.എം.ഷാജഹാന്‍ മന്ത്രിയാകും.