തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ  മുൻ മുഖ്യമന്ത്രി സ്റ്റാലിനെ സന്ദർശിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ഭരണത്തെ ഭരണമായും രാഷ്ട്രീയത്തെ രാഷ്ട്രീയമായും കാണുന്നതിന്റെ ഭാഗമായി മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി വിജയ് സന്ദർശിച്ചു. ആദ്യ നിയമസഭാ സമ്മേളനത്തിന് ശേഷം മുതിർന്ന നേതാക്കളെ നേരിൽ കാണുക എന്ന കീഴ്‌വഴക്കത്തിന്റെ ഭാഗമായാണ് ഈ സൗഹൃദ സന്ദർശനം.

സ്റ്റാലിന്റെ വസതിയിലെത്തിയ മുഖ്യമന്ത്രി വിജയ്‍യെ ഉദയനിധി സ്റ്റാലിനാണ് സ്വീകരിച്ചത്. ഉദയനിധിയും തുടർന്ന് എം.കെ. സ്റ്റാലിനും വിജയ്‍യെ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. പരസ്പരം പൊന്നാട അണിയിച്ചു. നിലവിൽ ഡിഎംകെ പ്രതിപക്ഷത്തിരിക്കുന്ന സാഹചര്യത്തിൽ, നിയമസഭയ്ക്കുള്ളിൽ സുഗമമായ ചർച്ചകൾ ഉറപ്പാക്കാനും പൊതുജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിൽ രാഷ്ട്രീയ തടസ്സങ്ങൾ ഒഴിവാക്കാനും ഈ സന്ദർശനം ഗുണകരമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ഡിഎംകെ അധ്യക്ഷനെ കണ്ടതിന് പിന്നാലെ എംഡിഎംകെ (MDMK) അധ്യക്ഷൻ വൈക്കോയെയും വിജയ് സന്ദർശിച്ചു. നാളെ വിസികെ (VCK) അധ്യക്ഷൻ തിരുമാവളവനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ദ്രാവിഡ കഴകം നേതാക്കളെയും അദ്ദേഹം നേരിൽ കണ്ടിരുന്നു.

മുഖ്യമന്ത്രിയുടെ സന്ദർശനങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ ചർച്ചയാകുമ്പോൾ മറുവശത്ത് അണ്ണാ ഡിഎംകെയിൽ (AIADMK) ആഭ്യന്തര തർക്കം രൂക്ഷമാവുകയാണ്. നിയമസഭാ കക്ഷി നേതാവായി എടപ്പാടി കെ. പളനിസ്വാമിയെ പിന്തുണയ്ക്കുന്നത് 17 എംഎൽഎമാർ മാത്രമാണെന്ന വിവരമാണ് പുറത്തുവരുന്നത്. ആകെ 47 എംഎൽഎമാരില്‍ 17 പേര്‍ മാത്രമാണ് എടപ്പാടിയെ പിന്തുണയ്ക്കുന്നത്. 30 എംഎല്‍എമാര്‍ ഇതുവരെ പിന്തുണ നൽകാതെ മാറി നില്‍ക്കുകയാണ്.

എടപ്പാടിയെ പിന്തുണയ്ക്കുന്ന 17 പേരുടെ കത്ത് പ്രോടേം സ്പീക്കർക്ക് കൈമാറിയിട്ടുണ്ട്. ബാക്കിയുള്ള 30 എംഎൽഎമാർ എടപ്പാടിയുടെ നേതൃത്വത്തെ തള്ളിക്കളയുന്ന സൂചനകളാണ് ഇതോടെ പുറത്തുവരുന്നത്. സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റ വേളയിൽ പ്രധാന പ്രതിപക്ഷ പാർട്ടിക്കുള്ളിലുണ്ടായ ഈ വിള്ളൽ വരും ദിവസങ്ങളിൽ തമിഴ് രാഷ്ട്രീയത്തെ കൂടുതൽ കലുഷിതമാക്കും.

ENGLISH SUMMARY:

Tamil Nadu Chief Minister C. Joseph Vijay met former Chief Minister MK Stalin as part of a tradition to meet senior leaders after the first assembly session. This visit is seen as a move to ensure smooth discussions in the assembly and facilitate public welfare projects.