തമിഴ്നാട്ടില്‍ ആശങ്കകള്‍ക്ക് വിരാമം. ഭൂരിപക്ഷം തികച്ച് ടിവികെ. വിസികെയും ലീഗും ടിവികെയ്ക്ക് പിന്തുണക്കത്ത് കൈമാറി. ഇതോടെ, വിജയ് മുഖ്യമന്ത്രിയാകും. വിജയ് ഇന്ന് തന്നെ ഗവര്‍ണറെ കണ്ടേക്കും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കും.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ മന്ത്രിസഭയുണ്ടാക്കാനുള്ള ഭൂരിപക്ഷത്തിന് ശ്രമിക്കുന്നതിനിടെയാണ് രണ്ട് സീറ്റുള്ള വിടുതലൈ ചിരുതൈകൾ കക്ഷി (വിസികെ) കിങമേക്കറാകുന്നത്. ടിവികെയുമായി നടത്തിയ ചര്‍ച്ചയില്‍ വിസികെ ഉപമുഖ്യമന്ത്രി സ്ഥാനവും ട്രിച്ചി സീറ്റുമാണ് ആവശ്യപ്പെട്ടത്. തമിഴ്നാട്ടിലെ മന്ത്രിസഭാ രൂപീകരണത്തില്‍ രണ്ടു സീറ്റുള്ള വിസികെ നിലവില്‍ നിര്‍ണായകമാണ്.
ടിവികെയുമായുള്ള വെര്‍ച്വല്‍ യോഗത്തില്‍ തിരുമാവളവന് ഉപമുഖ്യമന്ത്രി സ്ഥാനവും ക്യാബിനറ്റ് പദവിയുമാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. ചര്‍ച്ചയില്‍ വിസികെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വിജയ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനൊപ്പം നിലവില്‍ എംഎല്‍എ അല്ലാത്ത തിരുമാവളവന് മത്സരിക്കാന്‍ വിജയ് ഒഴിയുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം വിട്ടു നല്‍കണമെന്നുമാണ് ആവശ്യം. രണ്ടിടത്ത് നിന്നു വിജയിച്ച വിജയ് ചെന്നൈയിലെ പെരമ്പൂർ നിലനിർത്താനാണ് സാധ്യത.