തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെക്കും ഇന്ന് നിർണായകം. പിന്തുണ തേടിക്കൊണ്ടുള്ള വിജയ് യുടെ കത്തിൽ സിപിഐയും സിപിഎമ്മും ചർച്ച നടത്തുന്നു. വിസികെ യും ഇന്ന് തീരുമാനം എടുക്കും. ഗവർണർക്കെതിരെ ടിവികെ പ്രവർത്തകരും കോൺഗ്രസും പ്രതിഷേധിച്ചു. അണ്ണാ ഡിഎംകെ - ഡിഎംകെ സഖ്യം സാധ്യമാകില്ലെന്ന് ഡിഎംകെ ആവർത്തിച്ചു. 

118 പേരുടെ പിന്തുണക്കത്ത് വേണം എന്ന നിലപാടിൽ ഗവർണർ ഉറച്ച് നിന്നതോടെ ടിവികെ നേതാക്കൾ പിന്തുണ തേടി സിപിഎം, സിപിഐ അടക്കമുള്ള പാർട്ടി ആസ്ഥാനത്തേക്ക് ഓടി എത്തി. ഇതിനുപിന്നാലെ ആണ് പിന്തുണ നൽകുന്നത് സംബന്ധിച്ച് ഇപ്പൊൾ ഇടത് പാർട്ടികൾ ചർച്ച നടത്തുന്നത്. വൈകീട്ടാണ് വിസികെ യുടെ യോഗം. ഇന്നലെ മൂന്ന് പാർട്ടികളുടെയും അധ്യക്ഷൻമാർ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായും ഡിഎംകെയുടെ മുതിർന്ന നേതാക്കളുമായും ചർച്ച നടത്തി. എംകെ സ്റ്റാലിന്‍റെ അനുമതിയോടെ പിന്തുണ പ്രഖ്യാപിക്കും എന്നാണ് സൂചന. ഇന്ന് ടിവികെ നിയുക്ത എംഎൽഎ മാരുടെ യോഗം വിജയ് വിളിച്ചിട്ടുണ്ട്. പാർട്ടി ജനറൽ സെക്രട്ടറി എൻ.ആനന്ദുമായും വിജയ് ഇന്ന് ചർച്ച നടത്തിയിരുന്നു. ടിവികെ സര്‍ക്കാര്‍ രൂപീകരിക്കുന്നത് താൻ തടയുന്നില്ലെന്നും കേവല ഭൂരിപക്ഷമാണ് വിഷയമെന്നും ഗവർണർ പ്രതികരിച്ചു. വിജയ് മാത്രമല്ല, മറ്റേത് പാർട്ടിയും ഭൂരിപക്ഷമുണ്ട് എന്ന് അവകാശപ്പെട്ട് എത്തിയാലും തനിക്ക് ബോധ്യപ്പെട്ടാൽ സത്യപ്രതിജ്ഞ ചെയ്യാമെന്നും ഗവർണർ ഒരു ഇംഗ്ലീഷ് ചാനലിന് നൽകിയ പ്രതികരണത്തിൽ പറയുന്നു. അതിനിടെ ഗവർണറുടെ നടപടിക്കെതിരെ പ്രതിഷേധവുമായി ടിവികെ പ്രവർത്തകർ രംഗത്തെത്തി. ലോക് ഭവന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

ടി വി കെ യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും ജനവിധി അംഗീകരിച്ച് ഗവർണർ നടപടിയെടുക്കണമെന്നും ഡിഎംകെ. അണ്ണാ ഡിഎംകെ യും ഡിഎംകെയും രാഷ്ട്രീയ എതിരാളികൾ ആണെന്നും അതിനാൽ സഖ്യം സാധ്യമാകില്ല എന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ. എം കെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ഡി എം കെ ഭാരവാഹി യോഗവും നടന്നു. അതിനിടെ പുതുച്ചേരിയിൽ റിസോർട്ടിൽ പാർപ്പിച്ചിരുന്ന നിയുക്ത എംഎൽഎ മാരോട് ചെന്നൈയിലേക്ക് എത്താൻ എടപ്പാടി പളനിസാമി നിർദേശിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Vijay and TVK's situation in Tamil Nadu is critical today as they seek support. CPI and CPM are discussing Vijay's letter requesting support, and VCK will also make a decision today. TVK supporters and Congress protested against the Governor. DMK reiterated that an AIADMK-DMK alliance is not possible