തമിഴ്നാട്ടിലെ കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ചെന്ന് ലോക്സഭ സ്പീക്കർ ഓം ബിർളയെ അറിയിച്ച് ഡിഎംകെ. ലോക്സഭയിൽ കോൺഗ്രസിനൊപ്പമുള്ള ഇരിപ്പിടം മാറ്റണമെന്ന് ആവശ്യപ്പെട്ട് കനിമൊഴി സ്പീക്കർക്ക് കത്തയച്ചു. പാർട്ടിക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്നാണ് ആവശ്യം.
സഖ്യം അവസാനിച്ചതിനാൽ സഭയിൽ കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഇരിക്കുന്നത് ഇനി ഉചിതമല്ലെന്നും, തങ്ങളുടെ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിന് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്നും കത്തിൽ പറയുന്നു. ഒരു കൂടിയാലോചനയും ഇല്ലാതെ കോൺഗ്രസ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് വഞ്ചനയും പുറകിൽ നിന്നുള്ള കുത്തലും ആണെന്നാണ് ഡിഎംകെയുടെ പ്രതികരണം.
തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിട്ട് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പമുള്ളവരെ ഉപേക്ഷിക്കുന്നവരല്ല തങ്ങളെന്നായിരുന്നു പ്രതികരണം. മമതാ ബാനർജി, എം.കെ.സ്റ്റാലിൻ എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ സാമൂഹ മാധ്യമത്തിൽ പങ്കുവച്ച് ശക്തമായ പിന്തുണ അഖിലേഷ് ആവർത്തിച്ചു. വലിയ പരാജയത്തിന് പിന്നാലെ മമതാ ബാനർജിയെ കാണാൻ അഖിലേഷ് യാദവ് കൊൽക്കത്തയിൽ എത്തിയിരുന്നു.