തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിനെതിരെ സിപിഐ. മുന്നണിയിൽ കൂടിയാലോചന ഇല്ലാതെ എടുത്ത സർക്കാർ തീരുമാനങ്ങൾ തിരിച്ചടിയായെന്നും പല വിഷയങ്ങളും സർക്കാറിന് ഇടത് നിലപാടിൽ നിന്ന് നയവ്യതിയാനമുണ്ടായെന്നും സിപിഐ കേന്ദ്ര സെക്രട്ടറിയെറ്റ് അംഗം പ്രകാശ് ബാബു തുറന്നടിച്ചു. മുന്നണിയില്‍ കൂടിയാലോചനയും ചര്‍ച്ചയും വേണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു. തോല്‍വി വിലയിരുത്താന്‍ സിപിഐയുടെ കേന്ദ്ര നേതൃയോഗങ്ങള്‍ തുടങ്ങി.
തിരഞ്ഞെടുപ്പിലെ വന്‍തോല്‍വിയില്‍ മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎമ്മിനുനേരെ വിരല്‍ചൂണ്ടുകയാണ് സി.പി.ഐ. പി എം ശ്രീയടക്കം പല വിഷയങ്ങളിലും സർക്കാറിന് ഇടത് നിലപാടിൽ നിന്ന് നയവ്യതിയാനമുണ്ടായി. ഇതും തിരിച്ചടിക്ക് കാരണമാണ്. മറ്റ് ഘടകകക്ഷികളെ സിപിഎം വിശ്വാസത്തിൽ എടുത്തില്ലെന്നും പ്രകാശ് ബാബു കുറ്റപ്പെടുത്തി. പിഎം ശ്രീ, എലപ്പുള്ളി ബ്രൂവറി സിപിഐ ആർജവത്തോടെ ചൂണ്ടിക്കാട്ടി തിരുത്തിയ കാര്യങ്ങൾ ഒട്ടേറെയുണ്ടെന്നും ബിനോയ് വിശ്വം. പാര്‍ട്ടിയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ തള്ളിയ ബിനോയ് വിശ്വം നിലവില്‍ നേതൃമാറ്റത്തിന്‍റെ അന്തരീക്ഷമില്ലെന്ന് വ്യക്തമാക്കി. കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് ചേര്‍ന്നു. നാളെയും മറ്റന്നാളും ദേശീയ കൗണ്‍സില്‍ യോഗവും നടക്കും.