ബംഗാള്‍ നിയമസഭ പിരിച്ചുവിട്ട് ഗവര്‍ണര്‍ ആര്‍.എന്‍.രവി. നിയമസഭയുടെ കാലാവധി ഇന്നുരാത്രി അവസാനിക്കാനിരിക്കെയാണ് നടപടി. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ മമത ബാനര്‍ജി വിസമ്മതിച്ചിരുന്നു. നിയമസഭ പിരിച്ചുവിട്ടതോടെ കാവല്‍ മുഖ്യമന്ത്രിയുടെ ചുമതല മാത്രമാകും മമതയ്ക്ക്. ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് നിയമസഭ പിരിച്ചുവിടുന്നു എന്നാണ് ലോക്ഭവന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്.
കീഴ്‌വഴക്കമനുസരിച്ച് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രാജിക്കത്തു നല്‍കണം. എന്നാല്‍ അട്ടിമറി ആരോപിച്ചാണ് മമത മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ വിസമ്മതിച്ചത്. രാജി നൽകാൻ ലോക്ഭവനിൽ പോകില്ലെന്നും ഭരണഘടനാ ചട്ടങ്ങൾ അനുസരിച്ച് അവർ തീരുമാനമെടുക്കട്ടെയെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് ഗവർണര്‍ ആർ.എൻ.രവിയുടെ നടപടി.
സംസ്ഥാനത്തെ 294 മണ്ഡലങ്ങളിൽ 207 സീറ്റാണ് ബിജെപിക്കു ലഭിച്ചത്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് 80 സീറ്റില്‍ ഒതുങ്ങി. ക്രമക്കേടു പരാതികളെത്തുടർന്ന് ബംഗാളിലെ ഒരു മണ്ഡലത്തിൽ 21നു റീപോളിങ് പ്രഖ്യാപിച്ചിരിക്കുകയാണ്. സെക്രട്ടേറിയേറ്റിൽനിന്നു ഫയലുകൾ ഒന്നും കൊണ്ടുപോകാതിരിക്കാൻ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.