Image Credit: facebook/manojtiwary
ബംഗാള്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനുമെതിരെ ആഞ്ഞടിച്ച് മുന്‍ ക്രിക്കറ്റ് താരവും എംഎല്‍എയുമായ മനോജ് തിവാരി. പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് തൃണമൂലുമായുള്ള തന്‍റെ ബന്ധം അവസാനിച്ചുവെന്നും അഞ്ച് കോടി രൂപ കൊടുക്കാത്തത് കൊണ്ട് ഹൗറയിലെ ഷിബ്പുരില്‍ നിന്നും മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കിയില്ലെന്നും ആരോപിച്ചത്. ബംഗാള്‍ കായികമന്ത്രിയായിരിക്കെ തനിക്ക് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് യൂട്യൂബ് ചാനലില്‍ പിന്നാലെ വിഡിയോയും അദ്ദേഹം പങ്കുവച്ചു.
മമത സര്‍ക്കാരിന് ഭരണം നഷ്ടമായത് നന്നായി എന്നും തൃണമൂല്‍ സ്വയം നന്നാകാനാണ് പ്രവര്‍ത്തിച്ചത് ജനങ്ങള്‍ക്ക് വേണ്ടിയല്ലെന്നും മനോജ് തിവാരി തുറന്നടിച്ചു. കാബിനറ്റ് മീറ്റിങിന് ശേഷം താന്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് മമത ബാനര്‍ജിയോട് പറയാന്‍ ശ്രമിച്ചപ്പോള്‍ മറ്റെന്തെങ്കിലുമുണ്ടോ എന്നാണ് ചോദിച്ചതെന്നും 20 സെക്കന്‍റ് പോലും താന്‍ പറയുന്നത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ഈ സര്‍ക്കാര്‍ അധികനാള്‍ മുന്നോട്ട് പോകില്ലെന്ന് അന്ന് തനിക്ക് മനസിലായി എന്നും തിവാരി പറയുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷം തന്നെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും തൃണമൂല്‍ മുന്‍ മന്ത്രിയും നേതാവുമായ അരൂപ് ബിശ്വാസാണ് എല്ലാത്തിനും തടസം നിന്നതെന്നും കായിക വകുപ്പിലിരുന്ന് ബിസ്കറ്റും ചായയും കഴിക്കുന്നതല്ലാതെ മറ്റൊന്നിനും തന്നെ അനുവദിച്ചിട്ടില്ലെന്നും താന്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അവര്‍ ശ്രദ്ധിച്ചിരുന്നുവെന്നും തിവാരി ആരോപിക്കുന്നു.
'അത്ലീറ്റുകള്ക്കായും, ഫുട്ബോളിലെയും മറ്റ് കായികയിനങ്ങളിലെ പ്രതിഭകള്‍ക്കായും നിരവധി കാര്യങ്ങള്‍ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ റബര്‍ സ്റ്റാംപ് പോലെ എന്നെ അവിടെ വയ്ക്കാനായിരുന്നു അവരുടെ പ്ലാന്‍. എന്‍റെ ബന്ധങ്ങള്‍ വച്ച് യൊഹാന്‍ ബ്ലേക്കിനെ ബംഗാളിലെത്തിച്ച് സെന്‍റര്‍ ഫോര്‍ എക്സലന്‍സ് തുടങ്ങാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ അരൂപ് ദാസ് ഇടപെട്ട് ആ പദ്ധതി മുടക്കി'. ഒരു പരിപാടികള്‍ക്കും തന്നെ ആരും ക്ഷണിച്ചില്ലെന്നും ഡ്യൂറന്‍റ് കപ്പ് നടക്കുമ്പോള്‍ ഫീല്‍ഡിലുണ്ടായിട്ട് പോലും തന്നെ ആരും ക്ഷണിക്കാത്തതിന് കാരണവും അരൂപ് ബിശ്വാസാണെന്നും മെസി എത്തിയ ചടങ്ങ് അലങ്കോലപ്പെടാന്‍ ഒരേയൊരു കാരണം അരൂപാണെന്നും മനോജ് തിവാരി വെളിപ്പെടുത്തി.