'ഞാന്‍ രാജിവെയ്ക്കില്ല, ഞങ്ങള്‍ തോറ്റിട്ടില്ല' എന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചൊവ്വാഴ്ച പറഞ്ഞത്. നിലവിലെ സര്‍ക്കാറിന്‍റെ കാലാവധി മേയ് ആറിന് അവസാനിക്കുമ്പോള്‍ മമത പറയുന്നത് പോലെ രാജിവയ്ക്കാതെ തുടരാന്‍ സാധിക്കുമോ? 207 സീറ്റുകള്‍ നേടി ഭരണം പിടിച്ച ബിജെപിയുടെ സാധ്യതകളെ ഇത് ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ?
മുഖ്യമന്ത്രി പദവി ഒഴിയാൻ വിസമ്മതിച്ചാൽ സ്വീകരിക്കേണ്ട കൃത്യമായ നടപടിക്രമങ്ങളെക്കുറിച്ച് ഭരണഘടനയിൽ പ്രത്യേക വ്യവസ്ഥകളൊന്നുമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എസ്.വൈ ഖുറൈഷി പറഞ്ഞു. ഇത്തരത്തിലുള്ള അപൂര്‍വ സാഹചര്യങ്ങളില്‍ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ ഭരണഘടനയില്‍ വ്യവസ്ഥയുണ്ട്. അല്ലെങ്കില്‍ ഭരണഘടനാപരമായ തകര്‍ച്ച ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം.
മമത രാജിവച്ചില്ലെങ്കില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിഞ്ജ ചെയ്യുന്നതു വരെ ഒരു ദിവസത്തേക്ക് ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കാം. ശനിയാഴ്ച ബിജെപി സര്‍ക്കാര്‍ സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് സൂചന.
നിയമസഭയുടെ കാലാവധി അവസാനിക്കുന്നതോടെ അത് പിരിച്ചുവിടണം. എന്നാല്‍ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിക്ക് പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതു വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ അവകാശമുണ്ട്. ഒരേ സമയം രണ്ട് മുഖ്യമന്ത്രിമാര്‍ എന്നത് പ്രായോഗികമല്ല. ഒന്നോ രണ്ടോ ദിവസത്തേക്കാണെങ്കില്‍ പോലും ഇത്തരമൊരു സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തിനാണ് സാധ്യതയെന്നും ഖുറേഷി പറഞ്ഞു.
സഭയില്‍ ഭൂരിപക്ഷം നിലനിർത്തുന്നിടത്തോളം കാലമെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ കഴിയൂ എന്ന് ഭരണഘടന പറയുന്നുത്. 80 സീറ്റുകൾ മാത്രം നേടിയ തൃണമൂല്‍ കോണ്‍ഗ്രസിന് ഇത് സാധ്യമല്ല. സാങ്കേതികമായി മമത രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്നാണ് ലോക്‌സഭാ മുൻ സെക്രട്ടറി ജനറലുമായ പി.ഡി.ടി. ആചാരി പറയുന്നത്. അഞ്ചു വര്‍ഷത്തിന് ശേഷം ഒരു സര്‍ക്കാറിനും തുടരാന്‍ സാധിക്കില്ല. മമതയ്ക്ക് മേയ് ആറു വരെ മാത്രമെ മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കുകയുള്ളൂ. അതിനു ശേഷം മമത മുഖ്യമന്ത്രിയാല്ലാതായി മാറുമെന്നും അദ്ദേഹം വിശദീകരിച്ചു.