ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ലെന്ന് മമതാ ബാനര്‍ജി. തിരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കില്ല. ഗവര്‍ണറെ കണ്ട് രാജികത്ത് നല്‍കില്ലെന്നും മമത വ്യക്തമാക്കി. ഇതോടെ ബംഗാള്‍ രാഷ്ട്രീയം വരും ദിനങ്ങളില്‍ സംഘര്‍ഷഭരിതമാകുമെന്നു വ്യക്തമായി. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നാണ് മമതയുടെ ആരോപണം. 

 

‘ബിജെപി ജനവിധി കവർന്നെടുക്കുകയാണ്. ഞാൻ തോറ്റിട്ടില്ല. രാജ്ഭവനിലേക്ക് പോകില്ല. രാജി സമർപ്പിക്കില്ല. പോളിങ് സ്റ്റേഷനിൽ വച്ച് ഞാൻ ആക്രമിക്കപ്പെട്ടു. സ്ത്രീയെന്ന നിലയിൽ എനിക്ക് നേരെ മോശം പെരുമാറ്റമുണ്ടായി. വയറ്റിലും മുതുകിലും ചവിട്ടി. വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് എന്നെ പുറത്താക്കി. സിസിടിവി ഓഫ് ചെയ്തിരിക്കുകയായിരുന്നു’’ – മമത ആരോപിച്ചു.

 

തിരഞ്ഞെടുപ്പ് കമ്മിഷൻ വ‍ൃത്തികെട്ട കളി കളിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. തന്റെ യഥാർഥ എതിരാളി ബിജെപിയല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും മമത ആരോപിച്ചു. ബംഗാള്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെയാണു തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വാർത്താസമ്മേളനത്തിൽ മമത വിമർശനം ഉന്നയിച്ചത്.

 

ബംഗാളില്‍ ആദ്യ ബി.ജെ.പി സര്‍ക്കാര്‍ ഈ മാസം ഒന്‍പതിന് അധികാരമേല്‍ക്കാനിരിക്കുകയാണ്. മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. സുവേന്ദു അധികാരിക്കാണ് സാധ്യതയേറെ. 

 

ബംഗാളില്‍ ചരിത്രത്തിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നത് രബീന്ദ്രനാഥ ടാഗോര്‍ ജയന്തി ദിനത്തിലായിരിക്കും. ബംഗാള്‍ സംസ്കാരത്തെ ബി.ജെ.പി ഇല്ലാതാക്കുമെന്ന ടി.എം.സി ആരോപണത്തിന് മറുപടി നല്‍കാന്‍ കൂടിയാണ് ഈ ദിവസം തിരഞ്ഞെടുത്തത്. മമത ബാനര്‍ജിയെ ഭവാനിപുരില്‍ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയാണ് സ്ഥാനത്തേക്ക്

പരിഗണിക്കുന്നവരില്‍ പ്രധാനി. തൃണമൂലിനെ തൂത്തെറിഞ്ഞതില്‍ അദ്ദേഹത്തിന്‍റെ പങ്ക് ചെറുതല്ല. 

 

Also Read: ‘മമത, തേജസ്വി, രാഹുല്‍, അടുത്തത് നീ’; സുവേന്ദു അധികാരി ലക്ഷ്യം വയ്ക്കുന്നതാരെ?


തിരഞ്ഞെടുപ്പ് ജയത്തിന് ശേഷം കൊല്‍ക്കത്തില്‍ എത്തിയ സുവേന്ദുവിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ദേശീയ നേതൃത്വം വനിതാ മുഖ്യമന്ത്രിയെ നിയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കില്‍ അഗ്നിമിത്ര പോളിനോ രൂപ ഗാംഗുലിക്കോ ആണ് സാധ്യത. മുതിര്‍ന്ന നേതാവ് ദിലീപ് ഘോഷ്, സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ എന്നിവരുടെ പേരും

ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്നും നാളെയുമായി നടക്കുന്ന ചര്‍ച്ചകളില്‍ അന്തിമ തീരുമാനം ഉണ്ടാകും. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള സുനില്‍ ബന്‍സാല്‍, തിരഞ്ഞെടുപ്പ് ഇന്‍ ചാര്‍ജ് ഭൂപേന്ദ്ര യാദവ് എന്നിവരുടെ നിലപാട് നിര്‍ണായകമാണ്. 

 

ബംഗാളിലെ തിരഞ്ഞെടുപ്പിൽ മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഒന്നര പതിറ്റാണ്ടായുള്ള തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബംഗാൾ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. ആകെയുള്ള 294 സീറ്റിൽ 207 എണ്ണം ബിജെപി നേടിയപ്പോൾ തൃണമൂലിന് നേടാനായത് 80 സീറ്റുകൾ മാത്രം. സ്വന്തം മണ്ഡലമായ ഭവാനിപുരിൽ 15114 വോട്ടിന്‌ ബിജെപിയിലെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെടുകയും ചെയ്തു.

ENGLISH SUMMARY:

Mamata Banerjee refuses to resign as Chief Minister of West Bengal following the election results, alleging rigging and stating she will not accept the defeat. She further claims the Election Commission manipulated the process and will not submit her resignation letter to the Governor.