കഴിഞ്ഞകാലം ഓര്‍ക്കാന്‍പോലും ആഗ്രഹമില്ലെന്ന് സൗദി ജയിലിൽ നിന്ന് മോചിതനായി നാട്ടിലെത്തിയ അബ്ദുല്‍ റഹീം. നാടും വീടുമെല്ലാം ഒരുപാട് മാറി. നാട്ടിലെ വഴിപോലും മനസിലാകാതെയായി. ഭാവി പരിപാടികള്‍ ഒന്നും ആലോചിച്ചിട്ടില്ലെന്നും അബ്ദുല്‍ റഹീം മനോരമ ന്യൂസിനോട് പറഞ്ഞു. 

 

അതേസമയം, ചെമ്മണ്ണൂർ ജ്വല്ലേഴ്സില്‍ ജോലി നൽകാമെന്ന ബോബി ചെമ്മണ്ണൂരിന്റെ വാഗ്ദാനത്തിൽ തീരുമാനം എടുക്കാതെ അബ്ദുൽ റഹീമും കുടുംബവും. ജോലിയും മറ്റു കാര്യങ്ങളും എങ്ങനെ വേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്ന് സഹോദരൻ നസീർ അറിയിച്ചു. റഹീമിന് വേണ്ടി പിരിച്ച തുകയിൽ 11 കോടിയോളം ഇനി ബാക്കിയുണ്ട്. ഈ പണം എന്ത് ചെയ്യണമെന്നും ആക്ഷൻ കമ്മിറ്റി അടുത്ത ദിവസം ചർച്ച ചെയ്തു തീരുമാനിക്കും. റഹീമിന് എന്തെങ്കിലും സംരംഭം തുടങ്ങാൻ കഴിയുമോ എന്ന ആലോചനകളും സജീവമാണ്. 

 

പെരുന്നാൾ ദിനത്തിലാണ്  വീടിന്റെയും നാടിന്റെയും സ്നേഹ തണലിലേക്ക് അബ്ദുൽ റഹീം പറന്നിറങ്ങിയത്. 20 വർഷം നീണ്ട ജയിൽ വാസത്തിന് ഒടുവിലാണ് റഹീമിന് നാടണയാൻ ആയത്. മലയാളികൾ ഒന്നടങ്കം പിരിച്ചെടുത്ത 34 കോടി രൂപ ദയാദനമായി നൽകിയാണ് റഹീമിന്റെ മോചനം സാധ്യമാക്കിയത്.   

 

സൗദി പൗരന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്നു റഹീം.  മലയാളികൾ എല്ലാവരും ചേർന്ന് പിരിച്ചു നൽകിയ 34 കോടി രൂപ ദയാദനം സ്വീകരിച്ച് സൗദി കുടുംബം മാപ്പു നൽകിയതോടെയാണ് റഹീമിന്റെ മോചനം സാധ്യമായത്. 

ENGLISH SUMMARY:

Kozhikode native Abdul Rahim, who was released from a Saudi prison after 20 years, returned home on Eid, expressing deep gratitude to the Malayali diaspora.