tvk-allaince-talk

ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്ന് അണ്ണാ ഡിഎംകെയിലെ ഭൂരിഭാഗം എംഎല്‍എമാരുടെയും ആവശ്യം. ഡിഎംകെ സഖ്യത്തിലുള്ള കോണ്‍ഗ്രസ്, ടിവികെയ്ക്ക് പിന്തുണ നല്‍കാനുള്ള ചര്‍ച്ചകളിലേക്ക് കടക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍. 47 എംഎല്‍എമാരാണ് അണ്ണാ ഡിഎംകെയ്ക്കുള്ളത്. 

അണ്ണാ ഡിഎംകെയിലെ മുതിര്‍ന്ന നേതാവായ മൈലം മണ്ഡലത്തില്‍ നിന്നും ജയിച്ച സി.വി ഷണ്‍മുഖമാണ് ടിവികെയ്ക്ക് പിന്തുണ നല്‍കാനുള്ള ആശയം മുന്നോട്ടുവച്ചത്. പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ഇതിനെ പിന്തുണച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയോട് എംഎല്‍എമാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇരു പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടക്കുന്നതായി അണ്ണാ ഡിഎംകെ ടിക്കറ്റില്‍ ജയിച്ച ലീമ റോസ് പറഞ്ഞിരുന്നു. ലോട്ടറി വ്യവസായി സാന്‍ഡിയാഗോ മാര്‍ട്ടിന്‍റെ ഭാര്യയായ ലീമയുടെ മരുമകന്‍ ആദവ് അര്‍ജുന ടിവികെയിലെ മുതിര്‍ന്ന നേതാവാണ്. 

ടിവികെയ്ക്ക് അനുകൂലമായ ജനവിധി അംഗീകരിക്കുന്നതിനൊപ്പം പാര്‍ട്ടിയെ പ്രസക്തമാക്കി നിര്‍ത്തുകയാണ് ഇതിന് പിന്നിലെന്ന് മുതിര്‍ന്ന നേതാവ് ദേശീയ മാധ്യമത്തോട് പറഞ്ഞു. ബിജെപിയുമായുള്ള സഖ്യം വിടാനുള്ള അനുകൂലമായ സമയാണിതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. 

108 സീറ്റില്‍ ജയിച്ച ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് കേവല ഭൂരിപക്ഷമായ 118 ന് 10 എംഎല്‍എമാരുടെ കുറവുണ്ട്. വിജയ് രണ്ടിടത്ത് മത്സരിച്ചതിനാല്‍ ഫലത്തില്‍ പിന്തുണയ്ക്ക് 11 എംഎല്‍എമാരുടെ പിന്തുണ പാര്‍ട്ടിക്ക് നിര്‍ണായകമാണ്. അഞ്ച് എംഎല്‍എമാരുള്ള കോണ്‍ഗ്രസുമായി ടിവികെ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസ് ഡിഎംകെയുമായി സഖ്യത്തിന്‍റെ ഭാഗമാണെന്നും എന്നാല്‍ ജനം തിരസ്കരിച്ച സര്‍ക്കാരില്‍ തങ്ങള്‍ ഭാഗമായിരുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് മാണിക്യം ടാഗോര്‍ എം.പി പറഞ്ഞു. അതേസമയം, ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നടപടിയെ രൂക്ഷമായ ഭാഷയിലാണ് മുതിര്‍ന്ന ഡിഎംകെ നേതാവ് ഇളങ്കോവന്‍ വിമര്‍ശിച്ചത്. എല്ലായിടത്തും കോണ്‍ഗ്രസിന്‍റെ രീതി ഇതാണെന്നും സഖ്യം തകര്‍ക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ഈ സാഹചര്യത്തില്‍ ദേശീയതലത്തിലെ കൂട്ടുകെട്ടിന്‍റെ തീരുമാനം വരുന്ന ഇലക്ഷനില്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസിനെ കൂടാതെ പിഎംകെ, ഇടത് പാര്‍ട്ടികള്‍, വിസികെ എന്നിവരുമായാണ് ടിവികെ ചര്‍ച്ച നടത്തിയത്. അതേസമയം, ഇന്ന് ഗവര്‍ണറെ കാണുന്ന വിജയ് ഏഴാം തീയതി സത്യപ്രതിഞ്ജ ചെയ്തേക്കുമെന്നാണ് സൂചന.

ENGLISH SUMMARY:

In a dramatic political twist in Tamil Nadu, the majority of AIADMK MLAs have urged party leadership to support Vijay’s TVK to form the government. This move comes as TVK, the single largest party with 108 seats, seeks the 11 mandates required to reach the majority mark of 118. While TVK is already in talks with Congress and other smaller parties, an alliance with AIADMK would effectively sideline the BJP and reshape the state's power dynamics. Amidst these shifting alliances, Vijay is expected to meet the Governor today, with a potential swearing-in ceremony scheduled for May 7.