തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് ഇന്ന് 52–ാം പിറന്നാള്‍. തമിഴ് സിനിമയുടെ ദളപതി തമിഴകത്തിന്റെ തലൈവരായ ശേഷമുള്ള ആദ്യ പിറന്നാളാണ്. തമിഴ്നാട് നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ വിജയ് ഇന്ന് സഭയിലുണ്ടാകും.
തമിഴ് രാഷ്ട്രീയത്തിലേക്ക് വിസിലടിച്ച് കയറിവന്നവന്‍ ഇന്ന് ജനനായകന്‍. സിനിമയെ വെല്ലും ട്വിസ്റ്റോടെയായിരുന്നു അഴകിയ തമിഴ്മകന്റെ പട്ടാഭിഷേകം. തമിഴനില്‍ നിന്ന് മുതലമൈച്ചറിലേക്ക് റൊമ്പ ദൂരം താണ്ടേണ്ടിവന്നില്ല. 2024 ല്‍ തമിഴക വെട്രിക് കഴകമെന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചു. രണ്ടാണ്ട് കടക്കും മുന്‍പ് മുതല്‍ തേര്‍തലിലെ തലൈവര്‍. തിരയില്‍ കത്തിക്കയറുന്ന സമയത്തായിരുന്നു അഭിനയം നിര്‍ത്തുന്നെന്ന പ്രഖ്യാപനം.
ഈ വാക്കുകള്‍ തീര്‍ത്ത ഓളത്തില്‍ ദ്രാവിഡ പാര്‍ട്ടികള്‍ വരെ കുലുങ്ങി. തമിഴ്നാടിന്റെ യുവത്വം ടിവികെയ്ക്ക് കൈകൊടുത്തു. ടിവികെ പ്രചാരണം കണ്ട് പരിഹസിച്ചവര്‍ രാഷ്ട്രീത്തിലെ ബോക്സ് ഓഫിസിലെ ബംപര്‍ ഹിറ്റ് കണ്ട് ശരിക്കും ഞെട്ടി. ഒരു വിജയ് പടം കണ്ട ലഹരിയില്‍ ലോകം പറഞ്ഞു , ടൈം ടു ലീഡ്.